'ആക്ട് ഓഫ് ക്യെല്ലീനി' - സ്പെയിനിന് തടയാൻ കഴിയാതിരുന്ന അനിവാര്യ ദുരന്തം
text_fieldsഒരു മത്സരത്തിന്‍റെ ഗതിവിഗതികളെ മാറ്റിമറിക്കുന്ന സ്വാധീനശക്തി ഒരാളിലേക്ക് മാത്രമായി ചുരുങ്ങുന്ന, ഫുട്ബാളിന്‍റെ സർവ ചാരുതയും ചോർന്നു പോകുന്നയിടമാണ് പെനാല്‍റ്റി ഷൂട്ടൗട്ടുകൾ. ഫുട്ബാള്‍ എന്ന ടീം ഗെയിമിന്‍റെ അന്തിമ ഫലം ഒരു വ്യക്തിയാല്‍ നിര്‍ണയിക്കപ്പെടുന്ന അതിവിചിത്രവും കളിയുടെ ഘടനയ്ക്ക് വിരുദ്ധവുമായ പ്രക്രിയ.
ഷൂട്ടൗട്ടിനെ അതിജീവിക്കുവാന്‍ ഷൂട്ട് ചെയ്ത് ഗോള്‍ നേടാനും ഷോട്ടുകള്‍ തടുത്തിടാനുമുള്ള പ്രാവീണ്യം മാത്രം മതിയാകില്ല. അവിടെ സമ്മര്‍ദങ്ങളെ അതിജയിക്കാനുള്ള കളിക്കാരുടെ മന:ശക്തി ഏറ്റവും പ്രധാനമാണ്. ബാജിയോയും മെസ്സിയുമൊക്കെ സ്പോട്ട്കിക്കുകളില്‍ പതറി പോയതിന്‍റെ കാരണവും മറ്റൊന്നല്ല. അതുകൊണ്ടു തന്നെ ആധുനിക കാലത്ത് ഷൂട്ടൗട്ടുകളിൽ പരിശീലകരുടെ തീരുമാനങ്ങള്‍ ഏറെ നിര്‍ണായകമായി മാറുന്നു. മാനസികമായ മുന്‍തൂക്കം നേടിയെടുക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്ന് മറ്റാരെക്കാളും നന്നായി ടീം മാനേജർമാർക്കറിയാം.
പെനാല്‍റ്റി ഷൂട്ടൗട്ടിന് മുമ്പുള്ള ടോസ് മത്സരഫലത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണെന്നാണ് ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2003നും 2017നും ഇടയില്‍ ലോകകപ്പ്-യൂറോകപ്പ് പോലുള്ള വന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഉൾപ്പെടെ 14 അന്താരാഷ്ട്ര ടൂർണമെന്‍റുകളിലായി നടന്ന ഷൂട്ടൗട്ടുകളെ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇതില്‍ 56% ക്യാപ്റ്റന്‍മാരും ആദ്യം കിക്കെടുക്കാന്‍ തീരുമാനമെടുത്തവരാണ്.
തങ്ങളുടെ ഗോള്‍കീപ്പറെ കൂടുതല്‍ വിശ്വാസത്തിലെടുത്തവരാണ് രണ്ടാമത് ഷൂട്ട് ചെയ്യുകയെന്ന സ്ട്രാറ്റജി സ്വീകരിച്ചവർ. ആദ്യ കിക്ക് എടുത്തവരില്‍ 51% മാത്രമാണ് മത്സരം ജയിച്ചിരിക്കുന്നത്. പക്ഷെ കോയിൻ ടോസ് വിജയിച്ചവരില്‍ 60% പേർ മത്സരം വിജയിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 'ഹെഡ്സ് ഓര്‍ ടെയ്ല്‍സ്?' എന്ന ചോദ്യം മത്സരത്തെ ഒരളവ് വരെ സ്വാധീനിക്കാൻ ശേഷിയുള്ളതായി മാറുന്നു!.
വെംബ്ലിയിലെ ഒന്നാം സെമി ഫൈനലിൽ 32 മത്സരങ്ങളില്‍ തോല്‍വിയറിയാതെ വന്ന റൊബേർട്ടോ മാൻസീനിയുടെ ഇറ്റലിയെ 120 മിനിറ്റ് നേരം സമനിലയില്‍ പിടിച്ചുകെട്ടി സ്പെയിന്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങുമ്പോള്‍ അവിടെയൊരു ഫിഫ്റ്റി-ഫിഫ്റ്റി സാധ്യതയാണ് ഉണ്ടായിരുന്നത്. ജോർജോ ക്യെല്ലീനിയും ജോര്‍ഡി ആൽബയും ടോസ് ചെയ്യാനായി റഫറിയുടെ അടുത്തേക്ക് വരുന്നത് വരെ.
ടോസ് തനിക്കനുകൂലമാണെന്ന് ഒരുവേള തെറ്റിദ്ധരിച്ചു പോയ ആൽബയോട് ക്യെല്ലീനി തമാശ രൂപേണ ഗോള്‍ പോസ്റ്റിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചു. ആൽബയെ അയാൾ കളിയായി പഞ്ച് ചെയ്തു. സമ്മര്‍ദത്തില്‍ ഉരുകിയൊലിച്ച ആല്‍ബയുടെ മുഖത്ത് ഒരു ചെറു ചിരി പോലും വന്നില്ല. ഒടുവില്‍ ടോസ് ജയിച്ച അയാള്‍ ആൽബയെ ഒരു നിമിഷം മുറുകെ ചേര്‍ത്ത് പിടിച്ചു. പതിയെ അയാളുടെ പുറത്ത് തട്ടി. ക്യെല്ലീനിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല അപ്പോഴും.
ഒന്നാം സെമി ഫൈനലിലെ ഏറ്റവും ഡിസിസീവ് മൊമൻ്റ് അതായിരുന്നു. ആ നിമിഷം തന്നെ സ്പെയിൻ യൂറോയില്‍ നിന്നും പുറത്തായി കഴിഞ്ഞു. രണ്ട് കിക്കുകള്‍ തടുത്തിട്ട ഡോണറുമയും നിര്‍ണായക പെനാല്‍റ്റി ഒരു കൂള്‍ കിക്കിലൂടെ ഗോൾവലയിലെത്തിച്ച ജോർജീഞ്ഞോയും ക്യെല്ലീനി പാകിയ അടിത്തറയുടെ ബലത്തിലാണ് സ്പോട്ട് കിക്കില്‍ പെര്‍ഫോം ചെയ്തത്. ഒരൊറ്റ ഷോട്ട് പോലുമെടുക്കാതെ എത്ര സമർഥമായാണ് ക്യെല്ലീനി മത്സരം ഇറ്റലിയുടെ വരുതിക്ക് കൊണ്ടുവന്നത്.
മനുഷ്യന്‍റെ നിയന്ത്രണങ്ങൾക്ക് അതീതമായ, ഒരു വ്യക്തിയും ഉത്തരവാദിയല്ലാത്ത ദുരന്തങ്ങളെ ആക്ട് ഓഫ് ഗോഡ് എന്ന ഗണത്തിലാണ് പെടുത്തുക. വെംബ്ലിയിൽ സ്പെയിനിനു മേല്‍ വന്നു പതിച്ച ദുരന്തത്തിന്‍റെ മൂല കാരണം ക്യെല്ലീനിയാണ്. സ്പെയിനിനു തടുക്കാന്‍ കഴിയാതിരുന്ന, സ്പെയിന്‍ ടീമിലെ ഒരാൾ പോലും ഉത്തരവാദിയല്ലാത്ത കളിയിലെ അനിവാര്യമായ ദുരന്തം. ആക്ട് ഓഫ് ക്യെല്ലീനി!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.