രാജസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ, ധോണിയുടെ ഒമ്പത് വർഷം മുമ്പുള്ള ട്വീറ്റ് വൈറലാകുന്നു
text_fieldsരാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഇന്നലെ ചെപ്പോക്ക് മൈതാനത്തിൽ നടന്ന മത്സരം ഐ.പി.എൽ മാമാങ്കത്തിന്റെ യഥാർഥ എന്റർടൈൻമെന്റായിരുന്നു ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്. അതിലെ നായകൻ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയും. വയസ് 41 കഴിഞ്ഞെങ്കിലും തലയുടെ വിളയാട്ടത്തിന് ഒരു പോറലും ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു എം.എസ്.ഡി ഇന്നലെ കാഴ്ചവെച്ചത്.
മത്സരം രാജസ്ഥാൻ ജയിച്ചെങ്കിലും ധോണിയെ പുകഴ്ത്തിയുള്ള പോസ്റ്റുകളാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ചെന്നൈയെ കൂറ്റനടികളിലൂടെ തിരികെ കൊണ്ടുവന്നത് ധോണിയും ജദേജയും ചേർന്നായിരുന്നു. രാജസ്ഥാൻ ആരാധകരുടെയും നായകൻ സഞ്ജുവിന്റെയും ചങ്കിൽ തീകോരിയിട്ടുകൊണ്ട് ധോണി അവസാന ഓവറിൽ രണ്ട് കൂറ്റൻ സിക്സറുകളാണ് പറത്തിയത്.
ധോണിയുടെ അടിപേടിച്ച് ബൗളർ സന്ദീപ് ശർമ നിരന്തരം വൈഡുകളെറിയുന്ന കാഴ്ചയായിരുന്നു. ഒടുവിൽ അവസാന പന്തിൽ നാല് റൺസ് വേണമെന്നിരിക്കെ ധോണിയുടെ സ്വതസിദ്ധമായ ‘ഫിനിഷിങ് സിക്സർ’ ആരാധകർ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സന്ദീപ് ശർമയുടെ മികച്ച ബൗളിങ്ങിൽ ചെന്നൈ നായകന് സിംഗിൾ എടുക്കാനേ കഴിഞ്ഞുള്ളൂ.
ധോണി ക്രിക്കറ്റ് പ്രേമികൾക്ക് ഇന്നലെ സമ്മാനിച്ച രസികൻ ഇന്നിങ്സിന് പിന്നാലെ, താരം ഒമ്പത് വർഷം മുമ്പ് പങ്കുവെച്ച ഒരു ട്വീറ്റും വൈറലാവുകയാണ്. ‘‘No matter which team wins, I’m here for entertainment.” - ഏത് ടീം വിജയിച്ചാലും ഞാൻ ഇവിടെ വന്നിരിക്കുന്നത് വിനോദത്തിന് വേണ്ടിയാണ്’’. -ഇങ്ങനെയായിരുന്നു താരത്തിന്റെ ട്വീറ്റ്.
രാജസ്ഥാനെതിരായ മത്സരം കണക്കിലെടുക്കുമ്പോൾ ധോണിയുടെ ട്വീറ്റ് ശരിയാണെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ചെന്നൈ നായകനായുള്ള 200-ാമത്തെ മത്സരത്തിൽ ടീമിനെ വിജയതീരത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ ബാറ്റിങ്ങിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ ധോണിക്കായി. അവസാന ആറ് പന്തിൽ ചെന്നൈക്ക് ജയിക്കാൻ 21 റൺസ് വേണ്ടിയിരിക്കെ സന്ദീപ് ശർമ്മയുടെ പന്തിൽ രണ്ട് സിക്സുകൾ പറത്തിയ ധോണി പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.