'ഇനി പറ ! ഏറ്റവും മികച്ച സെഞ്ചുറി ലോർഡ്സിലെയോ മെൽബണിലെയോ..?' വെളിപ്പെടുത്തി രഹാനെ
text_fieldsഅഡ്ലെയ്ഡിൽ നേരിട്ട അപമാനത്തിന് ശേഷം ബോക്സിങ് ഡേ ടെസ്റ്റിൽ അജിൻക്യ രഹാനെ മാസ്റ്റർ ക്ലാസ് സെഞ്ചുറിയോടെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീം സ്വന്തമാക്കിയത് ഗംഭീര വിജയമായിരുന്നു. കിരീടനേട്ടത്തിലേക്ക് വഴിതെളിച്ച വിജയത്തിന് കാരണമായ മെൽബണിലെ സെഞ്ചുറി എന്നും എപ്പോഴും തനിക്ക് ഏറ്റവും സ്പെഷ്യലായിരക്കുമെന്ന് രഹാനെ പറഞ്ഞു.
ബോക്സിങ് ഡേ ടെസ്റ്റിലെ 112 റൺസ് നേട്ടത്തിന് ശേഷം രഹാനെ പറഞ്ഞത് 2014ൽ ലോർഡ്സിൽ നേടിയ സെഞ്ച്വറിയാണ് തെൻറ ഏറ്റവും മികച്ചതെന്നായിരുന്നു. എന്നാൽ, ഒാസീസിനെതിരെ നേടിയ ചരിത്ര പരമ്പര വിജയത്തിൽ മെൽബണിലെ ശതകത്തിന് എത്രത്തോളം മൂല്യമുണ്ടെന്ന് അവസാനമാണ് മനസിലായതെന്ന് രഹാനെ സ്പോർട്സ് ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ഞാൻ റൺസ് നേടി ടീമിനെ വിജയിപ്പിച്ച ഘട്ടങ്ങളെല്ലാം തന്നെ എനിക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. എെൻറ നേട്ടങ്ങളേക്കാൾ കൂടുതൽ ടെസ്റ്റ് മാച്ച് വിജയിച്ചതും പരമ്പര നേട്ടവുമൊക്കെയാണ് ഏറെ പ്രാധാന്യത്തോടെ കാണുന്നത്. -രഹാനെ പ്രതികരിച്ചു. 'എന്നാൽ, മെൽബണിലെ ശതകം ഏറെ സ്പെഷ്യലാണ്. മെൽബണിൽ വെച്ച് ഞാൻ പറഞ്ഞത് ലോർഡ്സിലെ ശതകമാണ് ഏറ്റവും മികച്ചതെന്നായിരുന്നു. അതിന് പിന്നാലെ ആളുകൾ അത് തിരുത്തി, മെൽബണിലേത് തന്നെയാണ് മികച്ചതെന്ന് എന്നോട് പറയാൻ തുടങ്ങി'.
'ആ സമയത്ത് അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്കത് മനസിലായി. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മെൽബൺ ടെസ്റ്റ് പരമ്പരയുടെ നിർണായകമായ മത്സരം തന്നെയാണ്. -രഹാനെ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറിനായിരുന്നു ഇന്ത്യ അഡ്‌ലെയ്ഡ് ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ പുറത്തായത്. മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ച ഒാസീസ് പട ബോർഡർ ഗവാസ്കർ ട്രോഫിയിൽ 1-0െൻറ ആധികാരികമായ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്ലിയും മുഹമ്മദ് ശമിയുമില്ലാതെ ഇറങ്ങിയ ഇന്ത്യൻ പടയെ രഹാനെയായിരുന്നു നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.