കുതിച്ച് പായാൻ അന്‍ഷിഫ് റയാന്‍
text_fieldsഅബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും അന്‍ഷിഫിനെ തേടിയെത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് ബാഴ്‌സലോണയിലെ പരീശീലനത്തില്‍ മറ്റ് വിജയികള്‍ക്കൊപ്പം പങ്കെടുക്കാന്‍
അവസരം ലഭിച്ചത്അൻഷിഫിന്‍റെ ഓട്ടം ഇനി അങ്ങ് ബാഴ്സലോണയിലാണ്. അബൂദബി സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിലെ വേഗതയേറിയ ഓട്ടക്കാരന്‍ എന്ന പകിട്ടോടെ പുതിയ കളരിയായ സ്‌പെയ്‌നിലെ ബാഴ്‌സലോണയിലെ പരിശീലന ക്യാംപിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഈ 12ാം ക്ലാസുകാരൻ. സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് അണ്ടര്‍ 18 (സൈക്കിള്‍ 3) വിഭാഗത്തില്‍ 100, 200 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ ഒന്നാമതെത്തിയാണ് അബൂദബി മുസഫ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അന്‍ഷിഫ് റയാന്‍ കാരിക്കുളക്കാട്ട് മികച്ച നേട്ടത്തിന് അര്‍ഹനായത്.
മിനിസ്ട്രി ഓഫ് എജ്യുക്കേഷന്‍റെയും അബൂദബി എജ്യുക്കേഷന്‍ ആന്‍റ് നോളജിയുടെയും (അഡക്ക്) സഹകരണത്തോടെ അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ മേഖലകളിലെ പ്രാഥമിക മത്സരങ്ങള്‍ക്കു ശേഷം അബൂദബി ഹുദ്‌രിയാത്ത് ഐലന്‍റിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറിയത്. പൊതു, സ്വകാര്യ മേഖലകളിലെ 200ല്‍ അധികം സകൂളുകളില്‍ നിന്ന് 3000ത്തിലധികം മത്സരാര്‍ത്ഥികളാണ് ഗെയിംസ്, അത്‌ലറ്റിക്‌സ് വിഭാഗങ്ങളില്‍ മാറ്റുരച്ചത്.
അന്‍ഷിഫ് റയാന്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം ഹരിയാനയില്‍ നടന്ന സി.ബി.എസ്.ഇ. നാഷനല്‍ ക്ലസ്‌റ്റേഴ്‌സ് മല്‍സരത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുത്തിട്ടുണ്ട്. മികച്ച ഫുട്‌ബാൾ താരം കൂടിയായ അന്‍ഷിഫ് അബൂദബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലിക്കുന്നുമുണ്ട്. മുൻപ് ലാലിഗ എച്ച്.പി.സി. ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹോദരന്‍ അമന്‍ റയാന്‍ ബനിയാസ് ക്ലബ് യു - 13 ഫുട്‌ബോള്‍ ടീം അംഗവും ഇളയ സഹോദരന്‍ അന്‍ഷദ് റയാന്‍ അല്‍ ജസീറ ക്ലബ് യു-10 ലും കളിക്കുന്നുണ്ട്.
അബൂദബിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥനായ മലപ്പുറം തിരൂര്‍ മച്ചിങ്ങപ്പാറ സ്വദേശി ആഷിഫ് കാരിക്കുളക്കാട്ടിന്‍റെയും തേക്കില്‍ റാബിനയുടെയും മകനാണ്. അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും അന്‍ഷിഫിനെ തേടിയെത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് ബാഴ്‌സലോണയിലെ പരീശീലനത്തില്‍ മറ്റ് വിജയികള്‍ക്കൊപ്പം പങ്കെടുക്കാന്‍ അവസരം ലഭിച്ചതും. നേട്ടങ്ങള്‍ക്കൊപ്പം അടുത്ത മാസം സ്‌പെയിനിലെ ബാര്‍സലോണയിലേക്ക് മറ്റു വിജയികള്‍ക്കൊപ്പം പറക്കാനൊരുങ്ങുകയാണ് ഈ മിടുക്കന്‍.
യാത്രയ്ക്കു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. താക്കൂര്‍ എസ്. മുല്‍ചന്ദാനിയും കായികാധ്യാപകന്‍ ടി.പി. സാഹിർ മോനുമുണ്ട്. ജുലൈ 21നാണ് പുറപ്പെടുക. എട്ടുദിവസത്തെ പരിശീലനമാണ് ഇവിടെ നൽകുക. ഈ മാസം 25ന് അബൂദബിയിലെ അല്‍ ജസീറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.