ലിസ്ബത്തിെൻറ അമേരിക്കൻ ട്രിപ്ൾ ജംപ്
text_fieldsകോഴിക്കോട്: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്സ് അക്കാദമിയിൽനിന്ന് അമേരിക്കയിലെ ലിബർട്ടി സർവകലാശാലയിലേക്ക് ഒരു ട്രിപ്ൾ ജംപ്. കോവിഡാനന്തര കേരളത്തിലെ അത്ലറ്റിക്സ് ട്രാക്കിന് ഇരട്ടി സന്തോഷമുള്ള വാർത്തയാണ് ലിസ്ബത്ത് കരോളിൻ ജോസഫിെൻറ കോടികൾ തിളക്കമുള്ള സ്കോളർഷിപ് നേട്ടം.
കോവിഡിൽ നാടാകെ ലോക്ഡൗണാകുേമ്പാൾ എറണാകുളത്തായിരുന്നു ലിസ്ബത്ത്. അൽഫോൺസ കോളജിൽ ബിരുദ പഠനവും മഹാരാജാസ് കോളജിൽ പരിശീലനവും. ഇതിനിടെ, ലോക്ഡൗണെത്തിയപ്പോൾ എല്ലാം മുടങ്ങി. എന്നാൽ, വെറുതെ നിൽക്കാൻ പുല്ലൂരാംപാറയുടെ മിടുക്കി തയാറായില്ല.
നേരെ നാട്ടിലേക്ക് മടങ്ങിയ ലിസ്ബത്ത് പ്രിയപ്പെട്ട കോച്ച് ടോമി ചെറിയാനൊപ്പം മലബാർ സ്പോർട്സ് അക്കാദമിയിൽ ചേർന്നു. നാടാെക പരിശീലനം മുടങ്ങിയപ്പോഴും കളി മുടങ്ങാത്ത പുല്ലൂരാംപാറയിൽ ഓൺലൈാനായും പിന്നെ ഓഫ്ലൈനായും പരിശീലനം തുടർന്നു.
ഇന്ന് വനിതദിനത്തിൽ പുല്ലൂരാംപാറയുടെ അഭിമാനമായ ലിസ്ബത്ത് കരോളിൻ അമേരിക്കയിലാണ്. ഒരുകോടി 64 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി ലിഞ്ച്ബർഗിലെ ലിബർട്ടി സർവകലാശാലയിൽ പഠനവും പരിശീലനവും ഒന്നിച്ച്കൊണ്ടുപോവുന്നു. രാജ്യാന്തര സ്കൂൾ അത്ലറ്റിക്സ്, ലോക ജൂനിയർ അത്ലറ്റിക്സ് എന്നിവയിൽ ഇന്ത്യക്കായി മത്സരിച്ച ലിസ്ബത്തിന്, 2017ൽ കെനിയയിലെ നൈറോബിയിൽ നടന്ന ലോക ജൂനിയർ മീറ്റാണ് വഴിത്തിരിവായത്.
ഏഴാം സ്ഥാനത്തെത്തിയ പ്രകടനവുമായി മടങ്ങിയ താരത്തിനു പിന്നാലെ സ്കോളർഷിപ് വാഗ്ദാനവുമായി വിദേശ സർവകലാശാലകൾ കൂടി. അവയിൽ ഏറ്റവും മികച്ച ഓഫർ സ്വീകരിച്ചാണ് ലിഞ്ച്ബർഗിലെത്തുന്നത്. പത്താം ക്ലാസിലും പ്ലസ് ടുവിനും മുഴുവൻ എ േഗ്രഡ് നേടിയ താരത്തിെൻറ പഠനത്തിലെ മിടുക്കും ട്രാക്കിലെ പ്രകടനവും സ്വപ്നനേട്ടത്തിന് സഹായമായി.
ഒരു കോടി 64 ലക്ഷം സ്കോളർഷിപ് ലഭിച്ച ലിസ്ബത്ത് കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിലാണ് അമേരിക്കയിലെത്തുന്നത്. പഠനം, കായിക പരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം എല്ലാം ഉൾപ്പെടുന്നതാണ് സ്കോളർഷിപ്.
അമേരിക്കയിലെത്തി രണ്ടാഴ്ചക്കുള്ളിൽ ഇൻഡോർ മീറ്റിൽ വെള്ളി നേടി ലിസ്ബത്ത് വരവറിയിച്ചും കഴിഞ്ഞു. പുല്ലൂരാംപാറ സ്വദേശി സജി എബ്രഹാമിെൻറയും ലിൻസി ജോർജിെൻറയും മകളാണ് ലിസ്ബത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.