രാഷ്ട്രീയക്കാരായ ക്രിക്കറ്റ് താരങ്ങൾ ആരൊക്കെ?; ധോണിയും ആ വഴിക്ക് നീങ്ങുമോ?
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ക്രിക്കറ്റ് ജനമനസ്സുകളിൽ മതം പോലെയാണ് വർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങളും ജനമനസ്സുകളിൽ വാഴ്ത്തപ്പെട്ടവരാണ്. താരങ്ങളുടെ സ്വീകാര്യത രാഷ്ട്രീയത്തിലേക്ക് ഫല പ്രദമായി വിനിയോഗിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ക്രിക്കറ്റിന് വലിയ സ്വീകാര്യതയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലുള്ള രാജ്യങ്ങളിലാണ് ഈ പ്രവണത കൂടുതൽ ദൃശ്യമാകുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ബംഗ്ലദേശ് എം.പി മുഷ്റഫെ മുർതസ, ശ്രീലങ്കൻ മന്ത്രിസഭ അംഗവുമായ അർജുന രണതുംഗ തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിെൻറ ക്രീസിൽ ഇന്നിങ്സ് തുടങ്ങിയവരാണ്.
വിരമിച്ച ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ചുറ്റിപ്പറ്റിയും അനേകം അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പ് വേളയിൽ റാഞ്ചിയിലെത്തിയ അമിത് ഷാ ധോണിയുടെ വീട് സന്ദർശിച്ചതോടെയാണ് ധോണി ബി.ജെ.പിയിൽ ചേരുന്നതായ അഭ്യൂഹങ്ങൾ ഉയർന്നത്. ഉയർത്തികാണിക്കാൻ വലിയ നേതാവില്ലാത്ത ജാർഖണ്ഡിൽ ധോണിയെപ്പോലെ ഒരു നേതാവിനെ കിട്ടിയാൽ കൊള്ളാമെന്ന് ബി.ജെ.പിക്ക് ആഗ്രഹമുണ്ട്. സുബ്രഹ്മണ്യൻ സ്വാമി, സഞ്ജയ് പാസ്വാൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ ധോണിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.എൽ.എ പി.സി ശർമ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ധോണി ഈ വിഷയത്തിൽ ഇതുവരെയും അഭിപ്രായങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ക്രിക്കറ്റിൽ നിന്നും സമ്പൂർണമായി വിരമിച്ച ശേഷം ധോണി ഒരുപക്ഷേ നിലപാട് വ്യക്തമാക്കിയേക്കും. ക്രിക്കറ്റ് ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിൽ പയറ്റിയ ഒരു പിടിതാരങ്ങളുണ്ട്.
ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ താരങ്ങൾ
ഗൗതം ഗംഭീർ (ബി.ജെ.പി)
2007 ട്വൻറി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ സ്വന്തമാക്കുേമ്പാൾ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന ഗംഭീർ 2019 ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആംആദ്മിയുടെ ആതിഷി മർലേന, കോൺസ്രഗിെൻറ അരവീന്ദർ സിങ് ലൗലി എന്നിവെരതോൽപ്പിച്ച് ഗംഭീർ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു.
കീർത്തി ആസാദ് (ബി.ജെ.പി, കോൺഗ്രസ്)
1983ൽ കപിലിെൻറ ചെകുത്താൻമാർ ലോർഡ്സിൽ കപ്പുയർത്തുേമ്പാൾ ടീമിലെ ഔൾറൗണ്ടർ സാന്നിധ്യമായിരുന്നു കീർത്തി ആസാദ്. 25 ഏകദിനങ്ങളിലും ഏഴ് ടെസ്റ്റുകളിലും ഇന്ത്യക്കായി കളത്തിലിറങ്ങിയ കീർത്തി ആസാദ് ബീഹാറിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭഗവത് ഷാ ആസാദിെൻറ മകനാണ്. എന്നാൽ ബി.ജെ.പി വഴി രാഷ്ട്രീയം തുടങ്ങിയ കീർത്തി ആസാദ് പാർട്ടിയുടെ എം.എൽ.എയും എം.പിയുമായി. പിന്നീട് ബി.ജെ.പി പുറത്താക്കിയ കീർത്തി ആസാദ് 2019ൽ കോൺഗ്രസിൽ ചേർന്നിരുന്നു.
മുഹമ്മദ് കൈഫ് (കോൺഗ്രസ്)
സൗരവ് ഗാംഗുലിയുടെ ടീം ഇന്ത്യയിലെ ഊർജ്ജസ്വലതയുളള ചെറുപ്പക്കാരനായിരുന്നു മുഹമ്മദ് കൈഫ്. ബാറ്റിങ്ങിനൊപ്പം ഫീൽഡിങ്ങിലും അസാമാന്യ പാടവമുണ്ടായിരുന്ന കൈഫ് 125 ഏകദിനങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടീമിൽ ഇടംലഭിക്കാതെയായ മുഹമ്മദ് കൈഫ് 2014ലാണ് കോൺഗ്രസിൽ ചേർന്നത്. ഫുൽപൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി കേശവ് പ്രസാദ് മൗര്യയോട് പരാജയപ്പെട്ടിരുന്നു.
മുഹമ്മദ് അസ്ഹറുദ്ദീൻ (കോൺഗ്രസ്)
ഇന്ത്യയുടെ എക്കാലേത്തയും മികച്ച ക്യാപ്റ്റൻമാരിലൊരാളായായാണ് അസ്ഹറിനെ പരിഗണിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമായി 15000ത്തിലേറെ റൺസ് സ്വന്തമായുള്ള അസ്ഹർ 29 സെഞ്ചുറിയും കുറിച്ചിട്ടുണ്ട്. ഒത്തുകളി വിവാദത്തെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ അസ്ഹറിന് പിന്നീട് ക്രിക്കറ്റിലേക്ക് മടങ്ങിവരാനായിരുന്നില്ല.
2009ൽ കോൺഗ്രസിൽ ചേർന്ന അസ്ഹർ ഉത്തർപ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. നിലവിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡൻറാണ് അസ്ഹർ.
നവജ്യോത് സിങ് സിദ്ധു (ബി.ജെ.പി, കോൺഗ്രസ്)
ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ. ടി.വി കമേൻററ്റർ, ടി.വി അവതാരകൻ എന്ന നിലയിലും പ്രശസ്തൻ. 2004ൽ ബി.െജ.പിയിൽ ചേർന്ന സിദ്ധു രണ്ടുതവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പിയുമായി ഉടക്കി 2017ൽ കോൺഗ്രസിൽ ചേർന്ന സിദ്ധു പഞ്ചാബിലെ കോൺഗ്രസ് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങുമായുളള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിന്നീട് മന്ത്രി സ്ഥാനം രാജിവെച്ചു.
മൻസൂർ അലി ഖാൻ പട്ടോഡി (കോൺഗ്രസ്)
ടൈഗർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മൻസൂർ അലി ഖാൻ ഹരിയാനയിലെ പട്ടൗഡിയിലെ നവാബ് കുടുംബാംഗമായിരുന്നു. ഇന്ത്യക്കായി 46 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ പട്ടോഡി 21ാം വയസ്സിൽ ഇന്ത്യൻ നായകനായി. 1991ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച പട്ടോഡി പരാജയപ്പെട്ടിരുന്നു. 'രാമജന്മഭൂമി' പ്രേക്ഷാഭത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ആഞ്ഞടിച്ച ബി.ജെ.പി അനൂകൂല തരംഗത്തിൽ പട്ടോടി വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഇന്ത്യൻ പേസ് ബൗളറും മലയാളി താരവുമായ ശ്രീശാന്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മത്സരിച്ചിരുന്നെങ്കിലും പരാജപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ചേതൻ ചൗഹാൻ ഈയിടെ കോവിഡ് ബാധിച്ച് അന്തരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.