ഇന്ത്യയുടെ നൂറാമത്തെ സെഞ്ചുറിക്കാരന്‍! അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ സെഞ്ചുറി, ഹൂഡയുടെ ബാറ്റിൽനിന്ന് പിറന്നത് ചരിത്രം!
text_fieldsഅയര്‍ലന്‍ഡിനെതിരെ ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളുമായി ദീപക് ഹൂഡ കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത സെഞ്ചുറി പിറന്നു! അതേ, ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി സെഞ്ചുറി നേടുന്ന നൂറാമത്തെ താരമായി ദീപക് ഹൂഡ. 1933 ല്‍ ലാല അമര്‍നാഥിലൂടെയാണ് സെഞ്ചുറി ലിസ്റ്റ് ആരംഭിക്കുന്നത്. സെഞ്ചുറി നേടുന്ന അമ്പതാമത്തെ ഇന്ത്യക്കാരന്‍ ഡബ്ല്യുവി രാമനാണ്, 1992ല്‍. ഇപ്പോഴിതാ, 2022ല്‍ സെഞ്ചുറി നേടിയവരിലെ സെഞ്ചുറിക്കാരനായി ദീപക് ഹൂഡ മാറിയിരിക്കുന്നു.
ഇതിനൊപ്പം നിരവധി റെക്കോര്‍ഡുകളാണ് ഇളകിയത്. ഇതില്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ മാത്രമല്ല, സഞ്ജു സാംസണിനൊപ്പമുളള കൂട്ടുകെട്ടും ചരിത്രത്തില്‍ ഇടം നേടി.
കരിയറിലെ അഞ്ചാമത്തെ അന്താരാഷ്ട്ര ടി20 മത്സരം കളിക്കാനിറങ്ങിയപ്പോഴാണ് ദീപക് ഹൂഡ കന്നി സെഞ്ചുറി പേരിലാക്കിയത്. ബറോഡ ഓള്‍ റൗണ്ടര്‍ ടി20 സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സുരേഷ് റെയ്‌നയുമാണ് മുന്‍ഗാമികള്‍. രോഹിതിന്റെ പേരില്‍ നാല് ടി20 സെഞ്ചുറികളുണ്ട്. രാഹുല്‍ രണ്ട് തവണ സെഞ്ചുറി നേടി. ഹൂഡയും റെയ്‌നയും ഒപ്പം.
57 പന്തുകളിലാണ് ഹൂഡ 104 റണ്‍സടിച്ചത്. ഇത്, ടി20യില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന അഞ്ചാമത്തെ സ്‌കോര്‍ ആണ്. രോഹിതിന്റെ 118,111 നോട്ടൗട്ട്, 106, രാഹുലിന്റെ 110 നോട്ടൗട്ട് എന്നീ ഇന്നിംഗ്‌സുകളാണ് ഹൂഡക്ക് മുന്നിലുള്ളത്.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം 176 റണ്‍സ് സഖ്യം. ടി20യില്‍ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ഇതാണ്. 2017 ല്‍ ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ രാഹുലും രോഹിതും നേടിയ 165 റണ്‍സ് പിറകിലായി. 2018 ല്‍ അയര്‍ലന്‍ഡിനെതിരെ ശിഖര്‍ ധവാനും രോഹിതും ചേര്‍ന്നെടുത്ത 160 റണ്‍സ്, 2017 ല്‍ ന്യൂസിലാന്‍ഡിനെതിരെ ഡല്‍ഹിയില്‍ രോഹിതും ധവാനും ചേര്‍ന്നെടുത്ത 158 റണ്‍സ് എന്നീ പ്രകടനങ്ങളും പഴങ്കഥയായി.
രണ്ടാംവിക്കറ്റില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും ഡാവിഡ് മലാനും ചേര്‍ന്നെടുത്ത 167 ആയിരുന്നു. 2020 ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ആ റെക്കോര്‍ഡ് ബാറ്റിംഗ്. അതും ദീപക് ഹൂഡ- സഞ്ജു സാംസണ്‍ കുതിപ്പില്‍ തകര്‍ന്നു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന നാലാമത്തെ ഉയര്‍ന്ന ടോട്ടല്‍ ആയിരുന്നു അയര്‍ലന്‍ഡിനെതിരെ നേടിയ 225/7. അയര്‍ലന്‍ഡിലെ ഉയര്‍ന്ന രണ്ടാമത്തെ ടി20 സ്‌കോറും ഇതാണ്.
അയര്‍ലന്‍ഡില്‍ വെച്ച് ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഹൂഡയുടേതാണ്. മുമ്പ് ടി20 സെഞ്ചുറി നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കാത്ത നേട്ടം. 2018 ല്‍ രോഹിത് ശര്‍മ നേടിയ 97 റണ്‍സായിരുന്നു അയര്‍ലന്‍ഡില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.