പ്രതീക്ഷയും പ്രത്യാശയുമായ ഡീഗോ
text_fields'പൊളിഞ്ഞുപോയ ഒരു രാജ്യത്തെ വെറും ഒരു പന്തുകൊണ്ട് മറഡോണ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു. വീണുപോയ ഒരു ജനതയെ തെൻറ ഇടങ്കാൽ കൊണ്ട് വഴി നടത്തി' -വിജയത്തിലേക്കും ആത്മവിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും കാൽപ്പന്തുകൊണ്ട് വിസ്മയം തീർത്ത ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ച് പ്രശസ്ത ഉറുഗ്വായ് എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനാ കുറിച്ച വരികളാണിത്.
ഒരു രാജ്യം തികഞ്ഞ രാഷ്ട്രീയ അസ്ഥിരതയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും പെട്ടുഴലവെ പുൽമൈതാനങ്ങളിൽ തുകൽ പന്തുമായി നൃത്തം ചവിട്ടി ആ ജനതയെ ആനന്ദിപ്പിച്ച അപൂർവ ജന്മമായിരുന്നു ഡീഗോ മറഡോണ. അയാൾ കളിക്കളത്തിൽ സമ്മാനിച്ച വിജയങ്ങളോരോന്നും അവർക്ക് നല്ല നാളെയിലേക്ക് പ്രചോദനവും പ്രത്യാശയുമായി. പട്ടിണിയിലും പരിവട്ടത്തിലുമലിഞ്ഞുപോയ അർജൻറീനക്കാരുടെ ജീവിതം തന്നെ 1986 ലെ മെക്സികോ ലോകകപ്പ് വിജയം മാറ്റിമറിച്ചു.
എണ്ണിപ്പറയാൻ താരനിരയില്ലാത്ത ഒരു ടീമുമായി ഒറ്റക്ക് പടനയിച്ച അഞ്ചടിക്കാരനായ കുറിയ മനുഷ്യൻ ലോകകപ്പ് ഉയർത്തിയപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു. 1990 ൽ അവസാന കടമ്പയിൽ തട്ടി വീണപ്പോഴും മറഡോണ അവർക്ക് പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. കാൽപ്പന്തുകളിയിൽ അർജൻറീനയെ നയിച്ചതുപോലെ ക്ലബ് ഫുട്ബാളിൽ ഇറ്റാലിയൻ ക്ലബായ നാപോളിയുടെ തലവര മാറ്റിയേടത്ത് ആ പ്രതിഭാവിലാസത്തിന് അടിവരയിടുന്നു. കളിഭ്രാന്തിെൻറ സമവാക്യങ്ങൾതന്നെ തിരുത്തി ലോകജനതയെ ഒന്നടങ്കം തന്നിലേക്കും നീലയും വെള്ളയും കലർന്ന ജഴ്സിയിലേക്കും വലിച്ചടുപ്പിച്ച പ്രതിഭാസം കളത്തിൽ നേടിയതിലും വലുത് അർജൻറീനൻ ജനതയുടെ ഉയിർത്തെഴുന്നേൽപായിരുന്നുവെന്ന് ഗലിയാനോ പറയുന്നു.
ദൈവം കാലുകൾക്ക് വരദാനമായി നൽകിയ സിദ്ധിയുമായി ലോകം കീഴടക്കിയ മറഡോണ ദൈവത്തോളം വാഴ്ത്തപ്പെട്ടു. വീരനായകത്വത്തിനപ്പുറം വിവാദങ്ങളും ആ ജീവിതത്തെ വേട്ടയാടി. കാൽപന്ത് കളിയുടെ ലഹരിയിൽനിന്ന് ജീവിതം മയക്കുമരുന്നു ലഹരിയിലേക്ക് പരകായപ്രവേശം നടത്തിയപ്പോഴും മറഡോണയെ വെറുക്കാൻ ലോകത്തിനായില്ല.
മറഡോണ എന്നും നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് അവർ ആഗ്രഹിച്ചു. ലോകം അതിനായി പ്രാർഥിച്ചു. മെക്സികോയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ പോരാട്ടത്തിൽ ദൈവത്തിെൻറ കൈയിലൂടെ നേടിയ ഗോൾ ഇന്നും ഓർക്കപ്പെടുന്നത് ഒരു െകാടും ചതിയുടെ പര്യായമായല്ല. ദൈവത്തിെൻറ കൈ തന്നെയായാണ്. കപ്പും നേടി പോകാൻ വന്ന ഇംഗ്ലീഷ് കോച്ച് റോബ്സൺ ആ കൈകളെ ചെകുത്താേൻറതെന്ന് വിശേഷിപ്പിച്ചപ്പോഴും ലോകം അതേറ്റെടുത്തില്ല. മറഡോണയെ നെഞ്ചേറ്റിയ ലോകം ആ വലിയ തെറ്റിന് മാപ്പുകൊടുത്തു. കായിക ചരിത്രത്തിൽ സമാനതകളില്ലാത്ത മാപ്പ്.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചുവളർന്നു കാൽപ്പന്തുമായി വടവൃക്ഷമായി പന്തലിച്ച മറഡോണക്ക് രാഷ്ട്രീയം എന്നും ഹരമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അന്നത്തെ പോരാട്ടം വെറുമൊരു മത്സരമായിരുന്നില്ലെന്നും യുദ്ധമായിരുന്നുവെന്നും ഫോക്ലൻഡ് പോരാട്ടത്തെ അനുസ്മരിച്ച് മറഡോണ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാവണം ഇംഗ്ലണ്ടിനെതിരെ തനിക്ക് കൈകൊണ്ട് ഒരു ഗോൾ കൂടി നേടണമെന്ന് 60 പിറന്നാൾ ആഘോഷത്തിനിടെ നടന്ന അവസാന അഭിമുഖത്തിലും മറഡോണ ആഗ്രഹം പ്രകടിപ്പിച്ചത്.
ഏകാധിപത്യം കൊടിക്കുത്തിനിൽക്കെ അർജൻറീന ആതിഥേയത്വം വഹിച്ച 1978 ലെ ലോകകപ്പിൽ കളിക്കാൻ പാകമായില്ലെന്നുപറഞ്ഞു പടിക്ക് പുറത്തു നിർത്തിയ പരിശീലകൻ മെനാട്ടിക്ക് ആറു മാസത്തിനകം ടീമിലെത്തി മറുപടി പറഞ്ഞ മറഡോണ മറക്കാൻ കൊതിച്ച 1982 ലോകകപ്പിനു ശേഷമാണ് രണ്ടു ലോകകപ്പുകളിൽ ഫുട്ബാൾ ലോകത്തെ വിഭ്രമിപ്പിച്ചത്.
പിന്നാലെ മയക്കുമരുന്ന് കാർന്നു തുടങ്ങിയ ജീവിതത്തിൽ കളിക്കാരനായും പരിശീലകനായും തിരിച്ചടികൾ നേരിട്ടപ്പോഴും മറഡോണക്കൊപ്പമായിരുന്നുലോകം. ഫുട്ബാളിനൊപ്പം കമ്യൂണിസത്തെയും പ്രണയിച്ച മറഡോണ ചെ ഗുവേരയെയും ഫിദൽ കാസ്ട്രോയെയും ഊഗോ ചാവെസിനെയും ഒപ്പം കൊണ്ടുനടന്നു. സാക്ഷാൽ പെലെയുടെ മുഖത്തുനോക്കി താനാണ് ലോകത്തിലെ എക്കാലത്തെയും മികച്ച താരമെന്ന് പറയാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും പകർന്നുനൽകിയത് തെക്കേ അമേരിക്കക്കാരെൻറ വിപ്ലവമനസ്സാണ്.
ഒരിക്കൽ മരണത്തോട് ഒട്ടിനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയ മറഡോണ ഫുട്ബാളിലെ സഡൻ ഡെത്തിനെ ഓർമിപ്പിച്ച് അവിശ്വസനീയമായി വിടവാങ്ങുേമ്പാൾ ആ യാഥാർഥ്യവുമായി സമരസെപ്പടാനാവാതെ ലോകം വിതുമ്പുകയാണ്. വിവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ട ജീവിതവിശുദ്ധിക്കപ്പുറം അമാനുഷികമായ സിദ്ധികളാർജിച്ച മറഡോണ ഒരു രാഷ്ട്രത്തെ ഒപ്പം കൊണ്ടുനടന്നത് പ്രത്യാശയുടെയും പ്രതീക്ഷകളുടെയും മുനമ്പുകളിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.