ഇന്ധനം തീരുന്നതുവരെ കളി തുടരുമെന്ന് ഛേത്രി
text_fieldsബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ജഴ്സിയിൽ എത്രനാൾ കൂടിയുണ്ടാവുമെന്ന് തനിക്കറിയില്ലെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി. കളി തുടരാൻ കഴിയാത്തൊരു സമയത്ത് വിരമിക്കലുണ്ടാവും. പല കാര്യങ്ങളും ബാക്കിയുള്ളതിനാൽ ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സാഫ് കപ്പ് സെമി ഫൈനൽ തലേന്ന് ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു.
''രാജ്യത്തിനായുള്ള എന്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല. എനിക്ക് ഒരിക്കലും ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല എന്ന വസ്തുതയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. അടുത്ത മത്സരത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അടുത്ത 10 ദിവസങ്ങളെക്കുറിച്ച് മാത്രം. ചെയ്യാൻ കഴിയാത്ത സമയത്ത് വിരമിക്കൽ വന്നേക്കാം. ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ ചെയ്തു തീർക്കും. അതുവരെ, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ ബൂട്ടുകൾ തൂക്കിയിടുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഞാൻ ടീമിലേക്ക് സംഭാവന ചെയ്യുന്നുണ്ടോ ഇല്ലയോ, എനിക്ക് ഗോൾ നേടാനാകുമോ ഇല്ലയോ, കഠിനമായി പരിശീലിക്കാൻ കഴിയുന്നുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങൾ. ഞാൻ ടീമിന് വേണ്ടവനോ അല്ലയോ എന്ന് ഈ കാര്യങ്ങൾ എന്നോട് പറയും. എനിക്ക് കളിക്കാൻ മറ്റൊരു പ്രചോദനവും ഇല്ലാത്ത സമയം ഞാൻ നിർത്തും''-ഛേത്രി വ്യക്തമാക്കി.
" സങ്കടകരമെന്നു പറയട്ടെ, ഇത് (വിരമിക്കൽ) ഒരു വർഷത്തിലോ ആറ് മാസത്തിലോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഭാഗ്യവശാലോ നിർഭാഗ്യവശാലോ എന്റെ കുടുംബവും ഇത് ഊഹിക്കുന്നുണ്ട്. അവർ ഇത് പറയുമ്പോഴെല്ലാം, തമാശയായി, ഞാൻ എന്റെ സ്ഥിതിവിവരക്കണക്കുകൾ അവരോട് പറയും. എന്റെ പെട്രോളോ ഡീസലോ ഇലക്ട്രിക് ചാർജോ തീരുന്ന നാൾ ഞാൻ നിർത്തും" -ഛേത്രി കൂട്ടിച്ചേർത്തു. ലബനാൻ ദുഷ്കരമായ ടീമാണെന്നും ഇതിനകം രണ്ടുതവണ അവരുമായി കളിച്ചിട്ടുണ്ടെന്നും പറഞ്ഞ സഹപരിശീലകൻ മഹേഷ് ഗാവ് ലി ടീം അംഗങ്ങൾ പ്രചോദിതരും പോരാട്ട സന്നദ്ധരുമാണെന്ന് വ്യക്തമാക്കി.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ
ന്യൂഡൽഹി: അഞ്ചു വർഷത്തെ ഇടവേളക്കുശേഷം അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ റാങ്കിങ്ങിൽ ആദ്യ നൂറിൽ തിരിച്ചെത്തി ഇന്ത്യൻ ടീം. ഫിഫ ലോക റാങ്കിങ് പ്രകാരം നൂറാം സ്ഥാനത്താണ് ഇന്ത്യ. 101ലായിരുന്നു ഇതുവരെ. ഈയിടെ ഇന്റർ കോണ്ടിനെന്റൽ കപ്പ് കിരീടം ചൂടിയ ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾ സാഫ് കപ്പിൽ സെമി ഫൈനലിലുമെത്തിയിട്ടുണ്ട്. 2018 ആഗസ്റ്റിൽ 96ലെത്തിയതാണ് തൊട്ടുമുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. 1996ൽ ചരിത്രത്തിലാദ്യമായി 94ാം റാങ്ക് കൈവരിച്ചിരുന്നു. അതേസമയം, ലോക ചാമ്പ്യന്മാരായ അർജന്റീന ഒന്നാം റാങ്ക് നിലനിർത്തി. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബെൽജിയം, ക്രൊയേഷ്യ, നെതർലൻഡ്സ്, ഇറ്റലി, പോർചുഗൽ, സ്പെയിൻ എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.