എടത്തനാട്ടുകരയുടെ 'ചാലഞ്ച്'
text_fieldsമലപ്പുറം: പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലയുടെ സംസ്കാരവുമായി ഇഴുകിച്ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറത്തിന്‍റെ ഫുട്ബാൾ കമ്പം അതേപടി കിട്ടിയിട്ടുണ്ട് അന്നാട്ടുകാർക്ക്. ഫുട്ബാൾ ഗ്രാമമെന്ന വിളിപ്പേരുമുണ്ട്. അവിടെ വടക്കേപീടിക ഹംസ-റുഖിയ ദമ്പതികളുടെ നാല് ആൺ മക്കളും അറിയപ്പെടുന്ന ഫുട്ബാൾ താരങ്ങൾ. രണ്ട് ജ്യേഷ്ഠന്മാർക്കും ഇരട്ട സഹോദരനും ലഭിക്കാത്ത ഭാഗ്യം മൂന്നാമൻ സുഹൈറിന് കൈവിന്നിരിക്കുകയാണ്.
ആഗ്രഹത്തിനൊപ്പം ദൈവാനുഗ്രഹവും കഠിനാധ്വാനവുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സഫലമാവുമെന്നതാണ് ജീവിതാനുഭവമെന്ന് സുഹൈർ പറഞ്ഞു. എടത്തനാട്ടുകര ചാലഞ്ചേഴ്സ് ക്ലബിലൂടെയായിരുന്നു തുടക്കം. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്കുശേഷം 2014ൽ കാലിക്കറ്റ് സർവകലാശാല ടീം ദേശീയ അന്തർസർവകലാശാല ചാമ്പ്യൻഷിപ് നേടുമ്പോൾ ഗോളുകളും അസിസ്റ്റുകളുമായി സുഹൈർ നിറഞ്ഞാടുകയായിരുന്നു.
മൂന്നുതവണ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയും ഒരു പ്രാവശ്യം ദേശീയ ഗെയിംസും കളിച്ചു. ഇടക്ക് എസ്.ബി.ടിയിൽ അതിഥിതാരം. പിന്നെ കൊൽക്കത്തയിലേക്ക്. കൊൽക്കത്ത ലീഗിൽ ഈസ്റ്റ് ബംഗാളിനെ ജേതാക്കളാക്കിയപ്പോഴേക്ക് വംഗനാട്ടിലെ ഫുട്ബാൾ പ്രേമികൾക്കും സുപരിചിതനായിരുന്നു സുഹൈർ. മോഹൻ ബഗാൻ ജഴ്സി ഊരുമ്പോൾ അവർ ഐ ലീഗ് ചാമ്പ്യന്മാരായിക്കഴിഞ്ഞിരുന്നു. തുടർന്ന് ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി കരാർ. കഴിഞ്ഞതവണ മൂന്നും ഇക്കുറി നാലും പ്രാവശ്യം സ്കോർ ചെയ്തു. കുറേയേറെ അസിസ്റ്റുകളും. മൂത്ത സഹോദരൻ സുധീർ പാലക്കാട് ജില്ല ടീമിന്‍റെ ഗോൾ വല കാത്തിട്ടുണ്ട്.
വിവിധ ഡിപ്പാർട്മെൻറ് ടീമുകൾക്കായി കളിച്ച രണ്ടാമത്തെ ജ്യേഷ്ഠൻ സുനീർ ദുബൈ അൽഹിലാൽ എഫ്.സിയുടെ സഹപരിശീലകനാണ്. സുഹൈറിന്‍റെ ഇരട്ട സഹോദരൻ ഷഹീറും പാലക്കാട് ജില്ല ടീമിൽ അംഗമായിരുന്നു. അഫ്രിനാണ് സുഹൈറിന്‍റെ ഭാര്യ. പത്തുമാസം പ്രായമുള്ള അംറ് മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.