'കണ്ടം ക്രിക്കറ്റി'ലെ ഇംഗ്ലീഷ് കമന്‍ററി വിശേഷങ്ങൾ
text_fieldsThat's massive and out of the ground - മൈക്കിലൂടെ ഇടിവെട്ടുപോലെ ഒഴുകിയെത്തുന്ന ഈ ശബ്ദം ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിൽ നിന്നോ മെൽബണിലെ പുൽമൈതാനിയിൽനിന്നോ അല്ല. ഹർഷ ഭോഗ്ലെ, ഇയാൻ സ്മിത്ത് പോലുള്ള ഇതിഹാസ കമന്റേറ്റർമാരുടെ നാവിൽനിന്നുമല്ല. ഇങ്ങകലെ മലപ്പുറം ജില്ലയിലെ പള്ളിപ്പുറത്തെ തരിശിട്ട വയലിൽ അരങ്ങേറുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലാണ് ബൗണ്ടറികളായി ഒഴുകുന്ന ഈ ശബ്ദം. നൂറുൽ അമീൻ എന്ന ഇംഗ്ലീഷ് അധ്യാപകനാണ് ഈ ശബ്ദത്തിന്റെ ഉടമ. അതെ, ടി.വിയിൽ മാത്രം കണ്ട് ശീലിച്ച ആവേശം വിതറുന്ന ഇംഗ്ലീഷ് കമന്‍ററി നമ്മുടെ കണ്ടം കളിയിലും ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്.
നട്ടുച്ചക്കും കളി കാണാൻ നിരവധി പേരാണുള്ളത്. ഓരോ പന്തിനും കമേന്ററ്ററുടെ ഭാഗത്തുനിന്ന് ഉയരുന്ന വാക്കുകൾ കളിയെ ലൈവാക്കി നിർത്തുന്നു. അന്താരാഷ്ട്ര മത്സരം കാണുന്ന അനുഭൂതിയാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും. അതുതന്നെയാണ് ഇത്രയും ആളുകളെ ഗാലറിയിൽ നിലയുറപ്പിച്ചത്.
നൂറിലേറെ ടൂർണമെന്‍റുകൾ
മലപ്പുറം തിരൂർ സ്വദേശിയും ഇംഗ്ലീഷ് അധ്യാപകനുമായ നൂറുൽ അമീൻ ഏകദേശം 14 വർഷമായി ഇംഗ്ലീഷ് കമന്‍ററി പറയാൻ തുടങ്ങിയിട്ട്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ ഇതിനകം ലൈവ് കമന്‍ററി പറഞ്ഞുകഴിഞ്ഞു. ഏതാനും ഫുട്ബാൾ ടൂർണമെന്‍റുകളെയും ഇദ്ദേഹം കമന്‍ററി കൊണ്ട് ത്രസിപ്പിച്ചിട്ടുണ്ട്.
ചെറുപ്പത്തിൽ തുടങ്ങിയതാണ് ക്രിക്കറ്റിനോടും ഇംഗ്ലീഷ് കമന്‍ററിയോടുമുള്ള താൽപര്യം. ടെസ്റ്റ് മത്സരങ്ങളായിരുന്നു അന്ന് കൂടുതൽ കണ്ടിരുന്നത്. അതിലെ കമന്‍ററികൾ ചെവികൂർപ്പിച്ച് കേട്ടിരിക്കും.
അവർ പറയുന്നതിനനുസരിച്ച് സ്വയം പരിശീലിക്കും. ചെറിയ കുട്ടിയായിരുന്നപ്പോൾ മരത്തിന് മുകളിൽ കയറി കൂട്ടുകാരോടൊപ്പം ക്രിക്കറ്റിന് കമന്‍ററി പറയാറുണ്ടായിരുന്നു. അതും ഒരു നിമിത്തമായി മാറി. അക്കാലത്ത് ധാരാളം ടൂർണമെന്‍റുകളിൽ കളിക്കാരനായി പോവുകയും ചെയ്തു. ക്രിക്കറ്റിന് പുറമെ ഫുട്ബാൾ കമന്‍ററിയും സ്ഥിരമായി കേൾക്കാറുണ്ട്. ഓരോ ടൂർണമെന്‍റിന് മുമ്പും ചെറിയ രീതിയിൽ പരിശീലനം നടത്തും. വലിയ ടൂർണമെന്‍റുകളിൽ ഒരു ദിവസം മുഴുവൻ കമന്‍ററി പറഞ്ഞ അനുഭവങ്ങളുണ്ട്.
ക്രിക്കറ്റ് കാണുന്നതിനുപുറമെ ഇംഗ്ലീഷ് സിനിമകൾ, കാർട്ടൂണുകൾ, വായന എന്നിവയും ഇംഗ്ലീഷിനെ പരിപോഷിപ്പിക്കാൻ സഹായിച്ചു. ഇന്‍റർനാഷനൽ കമന്റേറ്റേഴ്സിനെ അനുകരിക്കുകയും അവരുടെ വാക്കുകൾ കടമെടുക്കാറുമുണ്ട് ഇദ്ദേഹം. രവി ശാസ്ത്രി, ഹർഷ ഭോഗ്ലെ, ടോണി ഗ്രേയ്ഗ്, ഡേവിഡ് ലോയ്ഡ്, ഡീൻ ജോൺസ്... അങ്ങനെ നിരവധി പേരുണ്ട് ഇദ്ദേഹത്തിന്‍റെ ഇഷ്ട കമന്‍ററേറ്റർമാരിൽ.
ഇംഗ്ലീഷ് കമന്‍ററിയുടെ ആരംഭം
2005ന് ശേഷമാണ് കേരളത്തിലെ പ്രാദേശിക ടൂർണമെന്‍റുകളിൽ കമന്‍ററിയുടെ ട്രെൻഡ് കടന്നുവരുന്നത്. ഫ്ലഡ്ലിറ്റിൽ അരങ്ങേറുന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്‍റുകളാണ് ഇതിന് സ്വാഗതമോതിയത്. ഇവ രണ്ടുമെത്തിയതോടെ കളിയുടെ ആവേശവും ഇരട്ടിച്ചു. ആദ്യകാലത്ത് മലയാളത്തിലായിരുന്നു കമന്‍ററി. പക്ഷേ, അതിന് ഇത്ര ആവേശം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലീഷിലേക്ക് വഴിമാറുകയായിരുന്നു. നിരവധി പേർ ഇപ്പോൾ ഇംഗ്ലീഷിൽ കമന്‍ററി പറയുന്നവരായുണ്ട്.
വമ്പൻ ടൂർണമെന്‍റുകളാണ് ഇപ്പോൾ കേരളത്തിലെ പ്രാദേശിക തലങ്ങളിൽ നടക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കുന്ന പോരുകൾ. പലതും ഫേസ്ബുക്കിൽ ലൈവാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ വിഡിയോകൾക്കുള്ളത്. ഇവയെ ട്രെൻഡിങ്ങാക്കുന്നതിൽ ഇംഗ്ലീഷ് കമന്‍ററിയുടെ പങ്ക് പ്രധാനമാണ്. ഏതൊരു മത്സരത്തെയും ലൈവായിട്ട് നിർത്തുന്നത് അതിന്‍റെ കമന്‍ററിയാണ്. അതിരസകരമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ കളിക്കാർ പോലും ആവേശം കൊള്ളും. കാണികൾക്കും രോമാഞ്ചമുണ്ടാകും.
കമന്‍ററി കേട്ട് ഉറങ്ങാതെ നിന്ന മുത്തശ്ശി
നാട്ടുകാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങളാണ് ഇംഗ്ലീഷ് കമന്‍ററിക്ക് ലഭിക്കാറെന്ന് നൂറുൽ അമീൻ പറയുന്നു. കളി കാണാൻ വരുന്ന വിദ്യാർഥികൾക്കെല്ലാം ഇത് ഉപകാരപ്പെടുന്നുണ്ടെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തം. അവരുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ കമന്‍ററി സഹായിക്കുന്നു. പുതിയ പുതിയ വാക്കുകൾ മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നു.
മറക്കാനാവാത്ത പല അനുഭവങ്ങളും ഇദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ഫ്ലഡ്ലിറ്റ് ടൂർണമെന്‍റ് നടക്കുമ്പോൾ ഗ്രൗണ്ടിന് സമീപം പ്രായം ചെന്ന സ്ത്രീയുടെ വീടുണ്ടായിരുന്നു. രാത്രി അവർ ഉറക്കമൊഴിച്ച് കമന്‍ററി കേട്ടിരിക്കുകയായിരുന്നുവത്രെ. കളി കഴിഞ്ഞശേഷം കമന്‍ററിയുടെ മനോഹാരിതയെ അവർ നേരിട്ട് വന്ന് അഭിനന്ദിക്കുകയും ചെയ്തു. വലിയ അദ്ഭുതമായിരുന്നു അതെന്ന് നൂറുൽ അമീൻ ഓർക്കുന്നു.
മറ്റൊരു അനുഭവം നാട്ടിലെ ടൂർണമെന്‍റിൽനിന്നാണ്. കളി നടക്കുന്ന ഗ്രൗണ്ടിന് സമീപം വന്നതായിരുന്നു നൂറുൽ അമീൻ. കാര്യമായി ആരും അവിടെയില്ല. കമ്മിറ്റി അംഗങ്ങൾ കമന്‍ററി പറയാൻ ഇദ്ദേഹത്തെ നിർബന്ധിച്ചു. മൈക്ക് കൈയിലെടുത്തതോടെ ജനം തിങ്ങിക്കൂടാൻ തുടങ്ങി. കളിയുടെ ആവേശവും പരകോടിയിലായി. ഇംഗ്ലീഷ് കമന്‍ററിയിൽ വളർന്നുവരുന്നവർക്ക് എല്ലാവധി പിന്തുണയും നൽകാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.
ഭാവിയിൽ ക്രിക്കറ്റ് കമേന്ററ്റർമാർക്ക് പരിശീലനം നൽകുന്ന അക്കാദമി വരുകയാണെങ്കിൽ അതൊരു മുതൽക്കൂട്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. വളർന്നുവരുന്നവർക്ക് ഇംഗ്ലീഷ് മൂർച്ചകൂട്ടാനുള്ള നല്ലൊരു മാർഗമാണ് കമന്‍ററി. വിനോദത്തിനൊപ്പം പഠനം കൂടിയാണ് ഇവിടെ സാധ്യമാകുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉയർന്നുവരുന്ന കളിക്കാർക്കും ഈ കമന്‍ററി ഏറെ ഉപകാരപ്പെടും. അവർക്ക് ഭാവിയിൽ വലിയ ടൂർണമെന്റുകളുടെയും ടീമുകളുടെയും ഭാഗമാകുമ്പോൾ ഇംഗ്ലീഷ് അത്യാവശ്യമായി വരും.
25,000 വിദ്യാർഥികൾ
മലപ്പുറം ജില്ലയിലെ തിരൂർ മംഗലത്താണ് നൂറുൽ അമീൻ ജനിച്ചത്. വർഷങ്ങൾക്കുള്ളിൽ കുടുംബത്തോടൊപ്പം പുണെയിലെത്തി. പുണെ യൂനിവേഴ്സിറ്റിയിൽനിന്നാണ് ബി.എ ഇംഗ്ലീഷ് പാസാകുന്നത്. തുടർന്നും ഇംഗ്ലീഷിനെ ജീവിതത്തിൽ മുറുകെ പിടിക്കാൻ തീരുമാനിച്ചു.
ഇംഗ്ലീഷ് ടീച്ചേഴ്സ് ട്രെയിനറായിട്ട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജോലിചെയ്തിട്ടുണ്ട്. ആയിരത്തോളം സ്കൂളുകളിലായിട്ട് 25,000 കുട്ടികൾക്ക് ഇംഗ്ലീഷ് പരിശീലനം നൽകി. 500ന് മുകളിൽ അധ്യാപകരെയും പരിശീലിപ്പിച്ചു. നിരവധി സ്കൂളുകളിൽ ജോലിചെയ്തു. അവിടെ നടക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നത് ഇദ്ദേഹമായിരിക്കും. പട്ടാമ്പി, തിരൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നടന്ന എം.ഇ.എസ് ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കമന്‍ററി പറഞ്ഞിട്ടുണ്ട്. 2018 മുതൽ മഞ്ചേരി േബ്ലാസം പബ്ലിക് സ്കൂളിൽ ഫാക്കൽറ്റി ഓഫ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ലാംഗ്വേജ് ഡിപ്പാർട്ട്മെന്റ് തലവനും പ്രോഗ്രാം കോഓഡിനേറ്ററുമാണ്.
തസ്ലീനയാണ് ഭാര്യ. വീട്ടിൽ സ്ഥിരമായി കമന്‍ററി പറയുന്നതു കേട്ട ഇവരാണ് ടൂർണമെന്‍റുകൾക്കുവേണ്ടി പറയാൻ പ്രേരണ നൽകിയത്. നാലു പെൺമക്കളുമുണ്ട് ഇവർക്ക്. പാലിയേറ്റിവ് കെയറിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ഈ 40കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.