'എല്ലാ ലീഗുകളും ഒന്നിച്ചെടുത്തു തുലാഭാരം വെച്ചാലും പ്രീമിയർ ലീഗിൻെറ തട്ടുതാണുതന്നെയിരിക്കും'
text_fieldsആരവങ്ങളില്ലാതെ കൊട്ടിക്കലാശം കഴിഞ്ഞ യൂറോപ്പ്യൻ മൈതാനങ്ങളിൽ സെപ്റ്റംബർ മാസത്തോടെ പുതിയ സീസണ് കൊടിയുയർത്തും. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ആയിരങ്ങളുടെ ആരവങ്ങളില്ലാതെ കളിക്കുമ്പോൾ അവരുടെ പാദങ്ങൾക്ക് എത്രമാത്രം വേഗതയുണ്ടാവും..?
ഫുട്‍ബാൾ ജീവനും ജീവവായുവുമായ ആരാധകർ പ്രിയപ്പെട്ട കളിക്കാരെ നേരിൽ കാണാതെ എത്രനാൾ സഹിക്കും. കളിക്കളങ്ങളിൽ കാലിടറുമ്പോൾ ആരാധകർ ഉയർത്തുന്ന ആർപ്പുവിളികൾക്കായി അവർ കൊതിക്കുമായിരിക്കും. തളരുന്നവരുടെ കാലിലേക്ക് ആവേശം കുത്തിനിറക്കാൻ കഴിയാതെ ആരാധകരും വിഷമിക്കും. അങ്ങനെ പരസ്പരം വിരഹം അനുഭവിക്കുന്ന സീസണായിരിക്കുമോ മുന്നിൽ? സാഹചര്യങ്ങൾ നൽകുന്ന ഉത്തരം അതേ എന്നാണ് .
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയൻ സീരീ.എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വൺ ഇങ്ങനെ പ്രശസ്തമായ ഫുട്ബാൾ ലീഗ് ബ്രാൻഡുകളുണ്ട്. ഇതിലേതിനാണ് കൂടുതൽ പൊലിമയുള്ളതെന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്.
മെസ്സിയും റൊണാൾഡോയും നേർക്കുനേർ നിന്നപ്പോൾ ലാലിഗക്ക് ഒരു പണത്തുക്കം കൂടുതലുണ്ടായിരുന്നു. എൽക്ലാസ്സികോക്ക് ലോകകപ്പ് ഫൈനലിനോളം പോന്ന ഗ്ലാമറുണ്ടായിരുന്നു. അതിലൊരതികായൻ സാൻറിയാഗോ ബർണബ്യൂവിൽ നിന്നും യുവൻറസിലേക്ക് തിരിഞ്ഞുനടന്നപ്പോൾ പടിയിറങ്ങിയത് ലാലിഗയുടെ ഗ്ലാമർ കൂടിയായിരുന്നു. റൊണാൾഡോ പോയപ്പോൾ റയലിന് നഷ്ടപ്പെട്ടത് ഒരു റൈറ്റ് വിംഗ് താരത്തെ മാത്രമായിരുന്നില്ല. മൊത്തം ടീം തന്നെ ലക്ഷ്യമില്ലാതെ ഉഴറി. ഫ്ലോറൻറീനോ പെരസിന് ഒരിക്കൽ കൂടെ സിദാനെ വിളിക്കേണ്ടി വന്നു.
നൂകാംപിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മെസ്സിയും സുവാരസും ഗ്രീസ്മാനുമെല്ലാം ഉണ്ടായിട്ടും ബാഴ്‌സ കളി മറന്നു. റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ് എന്നീ വമ്പൻമാർ കഴിഞ്ഞാൽ വേറെയാരുണ്ട് അവിടെ..? യൂറോപ്പ കപ്പ് നേടിയ സെവില്ലയൊന്നും ലാലിഗയിൽ വരും വർഷങ്ങളിലും അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാൻവയ്യ. വർഷങ്ങളായി മാറിമറിഞ്ഞു വരുന്ന റയൽ-ബാഴ്‌സ പോരാട്ടത്തിനിടയിൽ അത്ലറ്റിക്കോ മാഡ്രിഡ് പോലും അപ്രസക്തരാണെന്ന് തോന്നാറുണ്ട്.
ബുണ്ടസ് ലീഗയിലും കഥ മറ്റൊന്നല്ല. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നീ ഇരുധ്രുവങ്ങളിലാണ് ലീഗ് ചലിക്കുന്നത്. ആരാണ് മൂന്നാമത്.? പോയിൻറ് ടേബിൾ നോക്കി പോവേണ്ടി വരും. പക്ഷേ ഈ രണ്ട് ടീമുകളും മികവുറ്റ കളിക്കാരെ കൊണ്ട് സമ്പന്നമാണ്. മെസ്സിയെന്ന ഒരൊറ്റ സൂര്യൻ ഉദിച്ചു നിൽക്കുന്ന ലാലിഗയേക്കാൾ മികവ് ന്യൂയറും ലെവൻഡോസ്കിയും മുള്ളറും ബോട്ടങ്ങും മാർക് റ്യുസും കളിക്കുന്ന ബുണ്ടസ് ലീഗക്ക് ഉണ്ടെന്ന് തോന്നാറുണ്ട്. അപ്പോഴും ഈ രണ്ടു ക്ലബ്ബുകൾക്കൾക്കപ്പുറം അവിടേയും ഒരു ചോദ്യചിഹ്നം ബാക്കിയുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് വരവറിയിച്ച ലെപ്സിഷിനെ മറന്നല്ല ഇത് പറയുന്നത്.
ബർണബ്യൂവിൽ അസ്തമിച്ച സൂര്യൻ പിന്നെ ഉദിച്ചത് ടൂറിനിലെ അലയൻസ് അറീനക്ക് മുകളിലാണ്. ആ മില്യൺ ഡോളർ ഡീൽ മാറ്റി എഴുതിയത് സീരി എ യുടെ ജാതകത്തേയാണ്. റൊണാൾഡോയുടെ തലയെടുപ്പിൽ പഴയ റോമാ സാമ്രാജ്യം കുലുങ്ങിയെന്ന് പറയാം. മറ്റ് ലീഗുകളെ നോക്കുമ്പോൾ സീരി എ കൂടുതൽ ആകർഷണമുള്ളതാണ്. എപ്പോഴും ഒരറ്റത്ത് യുവൻറസ് ഉണ്ടെങ്കിലും മറുവശത്ത് നാപ്പോളിയോ ഇൻററോ മിലാനോ അറ്റലാൻറയോ എന്തിന് ലാസിയോ വരേ വന്നുനിൽക്കും എന്നൊരു സാധ്യത അവശേഷിക്കുന്നുണ്ട്. റോമയും പാർമയും മോശമല്ല. പ്രതാപത്തിൻെറ ശേഷിപ്പുമായി എ.സി.മിലാനുണ്ട്. ഡിബാലയും ലുക്കാക്കുവും സിറോ ഇമോബൈലും എന്തിന് ഈ തിരിച്ചുവരവിലും തളരാത്ത മികവുമായി ഇബ്രാഹിമോവിച്ച് വരെയുണ്ട് വലകുലുക്കാൻ. പലപ്പോഴും മത്സരക്ഷമതതയിൽ ലാലിഗക്കും ബുണ്ടസ് ലീഗക്കും മേലെയാണ് സീരി.എ.
താരപ്പെരുമ കൊണ്ട് സമ്പന്നമാണ് ലീഗ് വൺ . പി.എസ്.ജിയുടെ ലൈൻ അപ്പ് തൃശൂർപൂരത്തിന് ആനകൾ നിൽക്കുന്നപോലെയാണ്. നെയ്മർ, എംബാപ്പേ, തിയാഗോ സിൽവ, ഇക്കാർഡി, കെയ്ലർ നവാസ്, എയ്ഞ്ചൽ ഡിമരിയ എന്നിങ്ങനെ നീളുന്ന വൻ താരനിര തന്നെയുണ്ട്. എന്നാൽ പി.എസ്.ജിക്കപ്പുറത്ത് പേരും പെരുമയുമുള്ളവർ അവിടെ ഇല്ല. ഏറിപ്പോയാൽ മെംഫിസ് ഡിപ്പെയുടെ ലിയോണോ, അതോ ദിമിത്രി പയറ്റിൻെറ ഒളിമ്പിക് മാർസില്ലിയോ ഉണ്ട്. ലിയോൺ വമ്പന്മാരെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് സെമി കളിച്ചതാണെന്നത് മറക്കുന്നില്ല . എങ്കിലും പി.എസ്.ജിയുടെ അപ്രമാദിത്വത്തിന് അവിടെ അടുത്ത കാലത്തൊന്നും ഭീഷണി കാണുന്നില്ല.
പ്രീമിയർ ലീഗിലേക്ക് വരുന്നതിനു മുമ്പ് ചില കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. ഒരു തവണ മൊണോക്കോ ജേതാക്കാളായതൊഴിച്ചാൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ പി.എസ്.ജി അല്ലാതെ ലീഗ് വൺ കിരീടം മറ്റാരും നേടിയിട്ടില്ല. സീരി.എ യിലും കഴിഞ്ഞ എട്ടുവർഷമായി യുവൻറസ് എന്ന ഒരു പേര് മാത്രമേ ടൈറ്റിൽ ലിസ്റ്റിലുള്ളൂ. ബുണ്ടസ് ലീഗയിൽ എട്ടുവർഷങ്ങളിലും ബയേൺ എന്ന പേര് ആവർത്തിക്കപ്പെടുകയാണ്. അവിടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൻെറ മാറ്റേറുന്നത്.
കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ അഞ്ച് ജേതാക്കളെയാണ് അത് സമ്മാനിച്ചത്. ആര് ജയിക്കും എന്നൊരു പ്രവചനത്തിന് പോലും സാധ്യത തരാതെ അവസാനം വരേ തുടരുന്ന അനിശ്ചിതത്വമാണ് പലപ്പോഴും അതിന്റെ ഭംഗി കൂട്ടുന്നത്. വലിയ താരപ്പകിട്ട് അവകാശപ്പെടാനില്ലാത്ത ലൈസസ്‌റ്റർ സിറ്റി വരെ ജേതാക്കളാവുന്നു. ഫുട്ബാളിൻെറ വശ്യ സൗന്ദര്യം ദൃശ്യമാകുന്നത് അവിടെയാണ്.
പ്രീമിയർ ലീഗിൽ കളിക്കാരോടൊപ്പം പരിശീലകരും നമ്മുടെ പ്രിയപ്പെട്ടവരാവുന്നു. ലാലിഗയിൽ മുൻനിര ടീമുകളുടെ പരിശീലകർ മാത്രമേ ചർച്ചയാകാറുള്ളൂ. കോച്ചിന് മുകളിലും വളർന്ന ബയേൺ, പി.എസ്.ജി ടീമുകളുടെ പരിശീലകരെ പറ്റി അധികം ചർച്ചയാകാറില്ല. പ്രീമിയർ ലീഗിൽ ആഴ്‌സനലിനെ ചെറുപ്പക്കാരനായ കോച്ച് മൈക്കൽ ആർത്തേറ്റ വരേ ചർച്ചകളിലുണ്ട്. പതിനഞ്ചോളം ടീമുകൾ അവരുടെ കളിമികവ് കൊണ്ട് നമ്മളെ ആകർഷിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കാണികളുള്ള ഫുട്ബാൾ ലീഗായി പ്രീമിയർ ലീഗ് തലയുയർത്തി നിൽക്കുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.
പുതിയ സീസൺ തുടങ്ങുമ്പോൾ ആരായിരിക്കും ജേതാക്കൾ എന്ന ചോദ്യത്തിന് ഇറ്റലിയിലും ഫ്രാൻസിലും ജർമനിയിലും ഉത്തരം ഏതാണ്ട് തയ്യാറാണ്. അങ്ങനെ വിശ്വസിക്കാൻ ചരിത്രത്തിൻറ പിൻബലവുമുണ്ട്. അല്പം പ്രയാസമുള്ള തിരഞ്ഞെടുപ്പ് സ്പെയിനിലാണ്. പക്ഷേ അവിടെയും രണ്ടിൽ ഒരാൾ എന്ന സാധ്യതയാണ്.
ഇനി ഇംഗ്ലീഷ് പ്രീമിയൽ ലീഗിലേക്ക് വന്നാലോ? ഒരു ഉത്തരമേയുള്ളൂ. "അത് കളി കഴിയുമ്പോൾ അറിയാം. അതുവരെ നിങ്ങൾ ഫുട്ബാൾ ആസ്വദിക്കുക"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.