ഗോകുലത്തിന്റെ കാവൽക്കാരൻ
text_fieldsഗോകുലം കേരളയുടെ വിശ്വസ്തനായ കാവൽക്കാരനാണ് സി.കെ ഉബൈദ്. ലീഗിൽ 15ൽ 14 മത്സരങ്ങളിലും ടീമിെൻറ കോട്ടകാത്തവൻ.
സീസണിൽ ഗോകുലത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഇന്ത്യൻ താരം. ഗോകുലത്തിെൻറ കിരീടവിജയത്തിൽ കണ്ണൂർ കൂത്തുപറമ്പുകാരനായ 31കാരനും നിർണായക പങ്കുണ്ട്. നാല് ക്ലീൻ ഷീറ്റ് റെക്കോഡുള്ള ഉബൈദിെൻറ വലയായിരുന്നു ഈ സീസണിൽ ഏറ്റവും സുരക്ഷിതം.
2011ൽ 21ാം വയസ്സിൽ വിവാ കേരളയിൽ തുടങ്ങി ഡെംപോ ഗോവ, എയർ ഇന്ത്യ, ഒ.എൻ.ജി.സി, ഈസ്റ്റ് ബംഗാൾ ടീമുകളിലൂടെ കരിയർ കെട്ടിപ്പടുത്ത യുവതാരം 2019 സീസണിലാണ് ഗോകുലത്തിെൻറ ഒന്നാം നമ്പർ ഗോൾ കീപ്പറാവുന്നത്. കേരളത്തിലേക്ക് ആദ്യമായി ഐ ലീഗ് കിരീടമെത്തിച്ച ഐതിഹാസിക യാത്രയെ കുറിച്ച് സി.കെ ഉബൈദ് 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
ആഘോഷപ്പിറ്റേന്ന്
l ഞങ്ങളുടെ ആഘോഷം നിലക്കുന്നില്ല. ടീമിലെ ഓരോരുത്തരും അത്രയേറെ ആഗ്രഹിച്ച കിരീടമാണിത്. അവസാന മത്സരം കഴിഞ്ഞ്, ശനിയാഴ്ച രാത്രി ആരും ഉറങ്ങിയിരുന്നില്ല. ആർക്കും ഉറക്കം വന്നില്ലെന്നതാണ് സത്യം. കളിക്കാരും ടീം ഒഫിഷ്യൽസും ഉൾപ്പെടെ എല്ലാവരും ഈ നേട്ടത്തിെൻറ ത്രില്ലിലായിരുന്നു.
നേരം പുലരുംവരെ കപ്പും പിടിച്ച് ഹോട്ടൽ മുറിയിൽ ഈ അതുല്യ വിജയത്തിെൻറ സന്തോഷം പങ്കിട്ടു. വൈകി കിടന്ന ശേഷം, അതിരാവിലെതന്നെ എഴുന്നേറ്റു.
നാലുമാസമായി ബയോബബിളിൽ അടച്ചുപൂട്ടി കഴിഞ്ഞ കളിക്കാരെയെല്ലാം തുറന്നുവിട്ട ദിനമായിരുന്നു ഞായറാഴ്ച. പുറത്തു പോവാനും മറ്റുമെല്ലാം കോച്ച് അനുവാദം തന്നു. കളിക്കാരെല്ലാം കൂട്ടമായും അല്ലാതെയും പലവഴി സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ ടീം നാട്ടിലേക്ക് പുറപ്പെടും.
സഹനത്തിെൻറ നാലുമാസം
l നാലുമാസമായി ഹോട്ടൽ മുറിയിലെ ചുമരും, മത്സര ദിനങ്ങളിലെ സ്റ്റേഡിയവുമായിരുന്നു ഞങ്ങളുടെ ലോകം. നവംബർ ഒന്നിനാണ് ടീം ക്യാമ്പ് ആരംഭിച്ചത്. ഡിസംബർ ആദ്യ വാരം നടന്ന ഐ.എഫ്.എ ഷീൽഡ് ട്രോഫിക്ക് മുേമ്പ ബയോബബ്ളിൽ പ്രവേശിച്ചു. പിന്നീട് പുറത്തിറങ്ങിയിട്ടില്ല. ആരെങ്കിലും ബയോബബ്ൾ ലംഘിക്കുന്നോ എന്നറിയാൻ പ്രത്യേക ഒഫീഷ്യലുകളുണ്ടായിരുന്നു.
ഞങ്ങൾ താമസിച്ച നൊവോടെൽ ഹോട്ടലിൽ ആറ് ടീമുകളുണ്ടായിരുന്നു. അതുകൊണ്ട് ലിഫ്റ്റിലും, ഭക്ഷണ സ്ഥലത്തും വരെ ഓരോ ടീമിനും പ്രത്യേക സമയം അനുവദിച്ചു. ഈ ക്രമീകരണങ്ങളൊന്നും ലംഘിക്കാതെ വളരെ കരുതലോടെയാണ് നാലുമാസം ഞങ്ങൾ നിന്നത്. ബയോബബ്ൾ ലംഘിച്ചാൽ 14 ദിവസത്തെ ക്വാറെൻറയ്ൻ ഉൾപ്പെടെ 21 ദിവസം ടീമിന് പുറത്താവും. ഇത് ടീമിനെ മൊത്തും ബാധിക്കുന്നതിനാൽ എല്ലാവരും കരുതലോടെ തന്നെയാണ് തുടർന്നത്.
ടീമല്ല, ഇതൊരു കുടുംബമാണ്
l കഴിഞ്ഞ ഒക്ടോബറിലായിരുന്നു എെൻറ വിവാഹം. കൃത്യം ഒരു മാസം തികയുേമ്പാഴേക്കും ടീമിനൊപ്പം ചേർന്നു. എന്നാൽ, കുടുംബത്തിൽ നിന്നും മാറി നിന്നതിെൻറയൊന്നും പരിഭവങ്ങൾടീമിലില്ലായിരുന്നു.
കളിക്കാരേക്കാൾ ഞങ്ങൾ ഒരു കുടുംബമായി. പരിചയ സമ്പന്നരായ വിദേശ താരങ്ങൾ എപ്പോഴും പ്രചോദനമായി നിന്നു. ക്യാപ്റ്റൻ ഘാനയുടെ മുഹമ്മദ് അവാലും, അഫ്ഗാനിൽ നിന്നുള്ള മധ്യനിരതാരം ഷെരീഫ് മുഹമ്മദുമെല്ലാം ഗ്രൗണ്ടിൽ പോസിറ്റീവ് എനർജി പകർന്നു. പുതിയ താരങ്ങൾക്കെല്ലാം വലിയൊരു ആശ്വാസമായിരുന്നു ഇത്.
കോച്ച് അനീസെയുടെ വിജയ രഹസ്യം
l മിടുക്കനായ പരിശീലകനാണ് ഇറ്റലിക്കാരനായ 36കാരൻ വിസെൻസോ ആൽബർട്ടോ അനീസെ. പുതിയ ടെക്നികുകളാണ് കോച്ചിെൻറ സവിശേഷത.
ആദ്യ ഘട്ടത്തിൽ അദ്ദേഹത്തിനു കീഴിൽ ടീം സെറ്റാവാൻ സമയമെടുത്തെങ്കിലും വൈകാതെ സന്തുലിതമായ ടീമാകാൻ കഴിഞ്ഞു. അവസരം കിട്ടിയവർക്കെല്ലാം നന്നായി കളിക്കാൻ കഴിഞ്ഞു. ഡെന്നിസ് അഗ്യാര ആൻറ്വി, ഫിലിപ് അഡ്ജ, ക്യാപ്റ്റൻ അവാൽ, ഷെരീഫ് മുഹമ്മദ് തുടങ്ങിയ വിദേശ താരങ്ങൾ ടീമിന് തണലായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.