ഈ ടീമിൽ പ്രതീക്ഷയർപ്പിക്കാം
text_fieldsഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ ലീഗ് മത്സരങ്ങൾക്ക് അറുതിയായപ്പോൾ വർഷങ്ങൾക്കുശേഷം കേരളത്തിലെ കാൽപന്തുപ്രേമികൾ പ്രതീക്ഷയുടെ പൂത്തിരി കത്തിച്ചിരിപ്പാണ്. സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയും കുതിപ്പും തന്നെ കാരണം.
നാലാം സ്ഥാനക്കാരായാണ് സെമി ഫൈനലിൽ സ്ഥാനം നേടിയതെങ്കിലും കണ്ണിന് കുളിർമയേകുന്ന കളിയാണ് ഇവാൻ വുകോമാനോവിചിന്റെ സംഘം കാഴ്ചവെക്കുന്നത്. സെമിഫൈനൽ രണ്ടുപാദവും കടന്ന് ഫൈനലിന്റെ സമ്മർദവും അതിജീവിച്ച് കന്നി ഐ.എസ്.എൽ കിരീടം ഈ ടീം കേരളത്തിലേക്ക് കൊണ്ടുവരുമെന്നുതന്നെയാണ് ഓരോ ആരാധകന്റെയും സ്വപ്നവും പ്രതീക്ഷയും.
ടീം വുകോമാനോവിച്
20 മത്സരങ്ങളിൽ ഒമ്പതു ജയവും ഏഴു സമനിലയുമായി 34 പോയന്റോടെ നാലാമതായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനം. 34 ഗോൾ നേടിയ ടീം 24 എണ്ണം വഴങ്ങി. ഇതിൽ എട്ടെണ്ണം ആദ്യ, അവസാന മത്സരങ്ങളിലായിരുന്നു. ബാക്കി 18 കളികളിൽ വഴങ്ങിയത് 16 ഗോൾ മാത്രം.
തുടക്കത്തിലെ ഇടർച്ചക്കുശേഷം മികച്ച കളിയുമായി മുന്നേറിയ ടീമിനെ കോവിഡ് ഇടക്കൊന്ന് തളർത്തിയെങ്കിലും പതറാതെ തിരിച്ചുവന്നു. കോച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം വിദേശതാരങ്ങളുടെ മികവും ഇന്ത്യൻ താരങ്ങളുടെ പ്രകടന നിലവാരത്തിലെ ഉയർച്ചയുമെല്ലാം ബ്ലാസ്റ്റേഴ്സിന് നേട്ടമായി. പ്രധാന താരങ്ങളിൽ ചിലരെ ഇടക്ക് പരിക്കും സസ്പെൻഷനുമെല്ലാം വലച്ചെങ്കിലും പകരക്കാരായി അവസരം ലഭിച്ചവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഈ ടീമിൽ ബലഹീനതകളില്ലാതായി. ശരിക്കും വുകോമാനോവിചിന്റെ ടീമാണിത്. കോച്ച് പറയുംപോലെ, ആഗ്രഹിക്കുംപോലെ കളിക്കുന്ന ടീം. മുമ്പ് കോപ്പലാശാന്റെ ടീം മാത്രമാണ് ഇതിന് സമാനമായി കളിച്ച ബ്ലാസ്റ്റേഴ്സ് സംഘം.
ഫന്റാസ്റ്റിക് ഫോർ
ടീം ഒന്നടങ്കം നിലവാരമുള്ള കളിയാണ് കെട്ടഴിച്ചതെങ്കിലും മുൻനിരയിലെ നാലുപേരുടെ കളിമിടുക്കാണ് ബ്ലാസ്റ്റേഴ്സിനെ ജ്വലിപ്പിച്ചുനിർത്തിയത്.
സ്ട്രൈക്കർമാരായ അൽവാരോ വാസ്ക്വസിന്റെയും ജോർഹെ പെരേര ഡയസിന്റെയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായ അഡ്രിയാൻ ലൂനയുടെയും സഹൽ അബ്ദുസ്സമദിന്റെയും കൂട്ടുകെട്ടാണ് ടീമിന്റെ ആണിക്കല്ല്. ബ്ലാസ്റ്റേഴ്സ് നേടിയ 34 ഗോളിൽ 26 എണ്ണവും ഇവരുടെ വകയായിരുന്നു. പകരക്കാരനായി വന്ന് ഒന്നാം നമ്പറായ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗിൽ, പ്രതിരോധം നയിക്കുന്ന മാർകോ ലെസ്കോവിച്, തളരാത്ത പോരാളി ഹർമൻജോത് ഖബ്ര, മൈതാനമധ്യത്തിൽ നിറഞ്ഞുനിൽക്കുന്ന പ്യൂട്ടിയ-ജീക്സൺ സിങ് സഖ്യം തുടങ്ങിയവരുടെ റോളും വിസ്മരിക്കാവതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.