Begin typing your search above and press return to search.
proflie-avatar
Login

കളിക്കളത്തിൽ നിന്നും എങ്ങോട്ടാണ് അപ്രത്യക്ഷനായത്?; ഇ.എൻ സുധീർ ജീവിതം പറയുന്നു

EN Sudheer, India Football
cancel
camera_alt

ഇ.എൻ സുധീർ (ചിത്രം: ബൈജു കൊടുവള്ളി)

ഞായറാഴ്ച അന്തരിച്ച ഇന്ത്യൻ ഫുട്ബാൾ ടീം ഗോൾ കീപ്പറും കോഴിക്കോട് പണിക്കർ റോഡ് സ്വദേശിയുമായ ഇ.എൻ സുധീറിനെ കുറിച്ച് 2016 ഫെബ്രുവരി എട്ടിന് 'മാധ്യമം ആഴ്ചപ്പതിപ്പി'ൽ വന്ന മുഖലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. 27-ാം വയസിൽ കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോൾ കളിമതിയാക്കി ഗോവയിൽ സ്ഥിരതാമസമാക്കിയ സുധീർ, 40 വർഷത്തിന് ശേഷം നൽകിയ അഭിമുഖമാണിത്.

'താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുൾമുടിയും കറുത്ത കരിങ്കൽ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികൾക്കൊരു അപവാദമായിരുന്നു. രണ്ടു കൈകളും വായുവിൽ വീശി, ഒരു ഓർക്കസ്​്ട്രയുടെ കണ്ടക്ടറെ പോലെ, ചന്ദ്രക്കല പോലെ വളഞ്ഞു കിടക്കുന്ന സ്​റ്റേഡിയത്തിലെ കാണികൾക്കായി അശ്രാവ്യമായ സംഗീതത്തിന്‍റെ ഉച്ചസ്​ഥായികൾ ഹിഗ്വിറ്റ തീർത്തു...' (ഹിഗ്വിറ്റ/ എൻ.എസ്​. മാധവൻ)

അഞ്ചു ദശാബ്ദത്തോളം മുമ്പ് ബംഗളൂരുവിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്. ടൂർണമെന്‍റിന്‍റെ പ്രതാപം കത്തിനിൽക്കുന്ന സമയത്ത് കേരളത്തിന്‍റെ ഗോൾവല കാത്തിരുന്നത് ഒരു പത്താംക്ലാസുകാരൻ പയ്യൻ. അപാര മെയ് വഴക്കവും അത്യുജ്ജ്വലമായ റിഫ്ലക്സുകളുമായിരുന്നു ആ കൗമാരക്കാരന്‍റെ പ്രത്യേകത. മൂന്നാം ഗോളിയായി ടീമിലെടുത്ത ആ മിടുക്കൻ തന്നെയായിരുന്നു പിന്നീട് ടീമിന്‍റെ പ്ലേയിങ് ഇലവനിൽ. എടവന നാക്കടി സുധീർ എന്ന ഇ.എൻ. സുധീറിന്‍റെ ഗോൾകീപ്പിങ് പാടവത്തിലേക്ക് ഇന്ത്യൻ ഫുട്ബാൾ നോട്ടമെറിയുന്നത് അന്നുമുതലാണ്.

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും ഒളിമ്പിക് യോഗ്യതാ റൗണ്ടിലും മെർദേക്ക കപ്പിലും ഏഷ്യൻ ഗെയിംസിലുമടക്കം ഇന്ത്യയുടെ അന്തിമ കാവൽക്കാരനായി പേരെടുത്ത ഈ കോഴിക്കോട് നടക്കാവ് സ്വദേശി, വാസ്​കോ ഗോവയുടെയും മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും മിന്നും താരമായി. ഇന്ത്യൻ ടീമിന്‍റെ വൈസ്​ ക്യാപ്റ്റൻ പദവിയും പ്രോജ്ജ്വലമായ കരിയറിൽ സുധീറിനെ തേടിയെത്തി. സന്തോഷ് ട്രോഫിയിൽ മൂന്നു സംസ്​ഥാനങ്ങൾക്കുവേണ്ടി ബൂട്ടുകെട്ടിയ പകിട്ടുണ്ട് കരിയറിൽ. ക്രോസ്​ബാറിനു കീഴിലെ സുധീറിന്‍റെ ഓരോ സേവിലും അപാരമായ മനസ്സാന്നിധ്യത്തിന്‍റെയും അതിശയകരമായ അക്രോബാറ്റിക് പാടവങ്ങളുടെയും കൈയൊപ്പുണ്ടായിരുന്നു. 1972 സന്തോഷ് ട്രോഫിയിൽ കർണാടകക്കെതിരെ ഉലഗനാഥയുടെ ഗോളെന്നുറച്ച അവസരം വഴിമാറ്റിവിട്ട സുധീറിന്‍റെ മിന്നൽസേവ് ഗോൾകീപ്പിങ് പാടവത്തിന്‍റെ മാതൃകയായി പല ആരാധകരുടെയും മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ, കത്തി നിൽക്കുന്ന സമയത്ത് 27-ാം വയസ്സിൽ പൊടുന്നനെ കളി മതിയാക്കി സുധീർ ജീവിതത്തിന്‍റെ മറ്റു മേച്ചിൽപുറങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

സുധീറിനെക്കുറിച്ച് പിന്നീട് ഫുട്ബാൾ വൃത്തങ്ങളിൽ ആർക്കും വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. പ്രിയതാരത്തെ പിന്തുടർന്ന ആരാധകർക്കും തികഞ്ഞ നിരാശയായിരുന്നു ഫലം. കോഴിക്കോട്ടുനിന്ന് ചെറുപ്പകാലത്ത് ഗോവയിലേക്കും മുംബൈയിലേക്കും ജീവിതം പറിച്ചുനട്ട സുധീർ പിന്നീട് മലയാളമണ്ണിൽ താമസമാക്കിയതേയില്ല. കോഴിക്കോട് ബ്ലാക് ആൻഡ് വൈറ്റിന്‍റേയും മാഹി മൈതാൻ ബ്രദേഴ്സിന്‍റേയുമൊക്കെ സെവൻസ്​ ജഴ്സികളിലും വാസ്​കോയുടെ കുപ്പായത്തിൽ ചാക്കോള ട്രോഫി, നാഗ്ജി, നിസാം ഗോൾഡ്, മാമ്മൻ മാപ്പിള ട്രോഫി തുടങ്ങിയ കളിയരങ്ങളുകളിലും അവിശ്വസനീയ സേവുകളുടെ മാലപ്പടക്കം തീർത്ത താരത്തെ കേരളത്തിലെ ആരാധകരും തേടിക്കൊണ്ടേയിരുന്നു.

***********

അപ്പോൾ അഗാധമായൊരു പ്രണയത്തിന്‍റെ ചിറകിലേറി സുധീർ കടലിനക്കരെയിലേക്ക് ജീവിതം പറിച്ചുനട്ടിരുന്നു. ഗോളെന്നുറച്ച ഒരുപാടു ഷോട്ടുകൾ അസാധ്യമായ മെയ് വഴക്കത്താൽ ഗതിമാറ്റിയൊഴുക്കി വിസ്​മയം വിതറിയ ആ അന്തിമ കാവൽക്കാരൻ ആരവങ്ങളിൽ നിന്നകന്ന് മൂന്നു ദശാബ്ദക്കാലം ഖത്തറിൽ പ്രവാസിയുടെ കുപ്പായമിട്ട് ജീവിതത്തിന്‍റെ പാതിഭാഗം വിജയകരമായി കളിച്ചുതീർത്തു. ഒടുവിൽ നീണ്ട പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ സുധീർ ഗോവയിലെവിടെയോ വിശ്രമ ജീവിതം നയിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചത് മുൻ ഇന്ത്യൻ ഗോളിയും സുഹൃത്തുമായ സേതുമാധവനിൽ നിന്നാണ്. ഗോവയിൽ ഐ.എസ്​.എൽ ഫൈനൽ റിപ്പോർട്ടിങ്ങിനിടെ, സുധീർ എവിടെയെന്ന് കണ്ടെത്തുകയെന്നതായിരുന്നു പ്രധാന ദൗത്യങ്ങളിലൊന്ന്. കളിയിൽ നിന്ന് പൊടുന്നനെ മാഞ്ഞുപോയ ആ കളിക്കാരനെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ മപുസയിലെവിടെയോ സുധീറുണ്ടെന്നറിഞ്ഞു. സുധീറിന്‍റെ നമ്പർ തേടിപ്പിടിച്ചതിനൊടുവിൽ അനുഗൃഹീതനായ ആ കളിക്കാരനുമായി സംസാരിച്ചു. വിശദമായി സംസാരിക്കാൻ മപുസക്കടുത്ത അസഗാവോയിലെ വീട്ടിൽ നിന്ന് സുധീർ പനാജിയിലെത്തി. താൻ മരിച്ചു പോയെന്ന് വിശ്വസിക്കുന്ന പരശ്ശതം ആരാധകർക്ക് നടുവിലേക്ക് സംഭവബഹുലമായ ജീവിത കഥ സുധീർ വിവരിക്കുന്നു. ഫുട്ബാൾ തനിക്ക് എന്തായിരുന്നുവെന്നും എന്തുകൊണ്ടാണ് പൊടുന്നനെ ബൂട്ടഴിച്ച് പിൻവാങ്ങിയതെന്നുമുള്ള ഒരുപാടു കാര്യങ്ങൾ സ്വയം വെളിപ്പെടുത്തുന്നു.


കളിയും കടന്നൊഴുകിയ ജീവിതം

കുഞ്ഞുന്നാൾ മുതൽ കളിക്കൊപ്പമായിരുന്നു എന്‍റെ മനസ്സ്. 1964ൽ സെൻറ് ജോസഫ്സ്​ സ്​കൂളിൽ പഠിക്കുന്ന കാലം. അന്ന് അവിടെ ജൂനിയർ ഫുട്ബാൾ ടീമിന്‍റെ സെലക്ഷൻ നടക്കുന്നു. ഒരുപാടു കുട്ടികൾ സെലക്ഷൻ തേടി രംഗത്തുണ്ടായിരുന്നു. ടീമിലെത്തിപ്പെടാൻ കടുത്ത മത്സരമായിരുന്നു. സെലക്ഷന് എത്തിയവർക്കല്ലാം കളത്തിലിറങ്ങി കളിക്കണമെന്നതായിരുന്നു ആഗ്രഹം. ഗോളിയുടെ കുപ്പായമിടാൻ പ്രാപ്തരായ ആളുകൾ രംഗത്തുണ്ടായിരുന്നുമില്ല. എന്‍റെ ശരീരഭാഷയും റിഫ്ലക്ഷനും കണ്ടപ്പോൾ പി.ടി. മാഷ് എന്നോട് ഗോളിയുടെ ഗ്ലൗസ്​ അണിയാൻ ആവശ്യപ്പെട്ടു. അതുപിന്നീട് ജീവിതത്തിൽ വഴിത്തിരിവായെന്നു പറയാം. ഫോർമൽ ട്രെയിനിങ് ഒന്നുമില്ലാതെ പിന്നീട് ഫുട്ബാളിന്‍റെ കളത്തിൽ കത്തിത്തെളിയാൻ എന്നെ സഹായിച്ചത് ഗോൾകീപ്പറെന്ന നിലയിൽ ജന്മനാ ഉള്ള കഴിവുകളായിരിക്കാം.

സെൻറ് ജോസഫ്സ്​ ജൂനിയർ ടീം ഗോൾകീപ്പറെന്ന നിലയിലുള്ള എന്‍റെ മിടുക്ക് അടുത്ത വർഷം സീനിയർ ടീമിന്‍റെ ഫസ്​റ്റ് ചോയ്സ്​ ഗോൾകീപ്പറാകാൻ തുണച്ചു. കോഴിക്കോാട്ടെ പ്രമുഖ സ്​കൂൾ ടീമിനുവേണ്ടി സ്​തുത്യർഹമായി ഗോൾ വല കാത്തപ്പോൾ ആ വർഷം ജില്ലാ ജൂനിയർ ടീമിന്‍റെ ഗോൾകീപ്പറുടെ കുപ്പായവും എന്നെത്തേടിയെത്തി. അടുത്ത വർഷം തന്നെ ജില്ലാ സീനിയർ ടീമിന്‍റെ ഗോൾ കീപ്പറുമായി. കരിയറിൽ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്ന് പറയുന്നതാവും ശരി. 1965ൽ കട്ടക്കിൽ നടന്ന ജൂനിയർ നാഷനൽസിൽ കേരളത്തിന്‍റെ താരമായി. തൊട്ടുപിന്നാലെ സംസ്​ഥാന സീനിയർ ടീമിൽ. പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് 1968ൽ ബാംഗ്ലൂരിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെൻറിൽ കേരളത്തിന്‍റെ ഗോൾവല കാത്തതാണ് കരിയറിലെ കുതിപ്പിന് നിർണായകമായത്. വമ്പൻ താരങ്ങളാണ് അന്ന് സന്തോഷ് ട്രോഫി ടീമിലുണ്ടായിരുന്നത്. മൂന്നാംഗോളിയായാണ് ടീമിൽ ഉൾപ്പെടുത്തിയതെങ്കിലും ടീമിന്‍റെ പ്ലേയിങ് ഇലവനിൽ എനിക്കിടമുണ്ടായിരുന്നു.

അച്ഛൻ ഇ.എൻ. നാണു മലേഷ്യയിലായിരുന്നു. പഠനത്തിന് പ്രാമുഖ്യം കൽപിച്ചിരുന്ന കുടുംബത്തിൽ നിന്ന് കളിച്ചു നടക്കുന്നതിനോട് അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അമ്മ സൗമിനിയാണ് ഫുട്ബാളറാകുകയെന്ന എന്‍റെ സ്വപ്നങ്ങൾക്ക് ഒരർഥത്തിൽ കരുത്തു പകർന്നത്. സെൻറ് ജോസഫ്സിൽനിന്ന് പത്താം ക്ലാസിൽ ഞാൻ ഗവ.ഗണപത് സ്​കൂളിലേക്ക് മാറിയിരുന്നു. കളിയുമായി നടന്ന ഞാൻ എസ്​.എസ്​.എൽ.സിയുടെ കടമ്പ കടന്നുകൂടില്ലെന്ന് കണക്കുകൂട്ടിയിരുന്നവരിൽ അച്ഛനുമുണ്ടായിരുന്നു. ജയം അഭിമാനപ്രശ്നമായെടുത്ത് ഞാൻ മുന്നോട്ടുപോയി. അതോടെ എസ്​.എസ്​.എൽ.സി പാസായി. പിന്നീട് മൈസൂർ സെൻറ് ഫിലോമിനാസ്​ കോളജിൽ പി.യു.സിക്ക് അപേക്ഷിച്ചു. അവിടെ സീറ്റുകിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സന്തോഷ് ട്രോഫിയിൽ കളിച്ചത് തുണയായി. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറും മലയാളിയായ പ്രിൻസിപ്പൽ ജേക്കബ് ചാണ്ടിയും സന്തോഷ് ട്രോഫി താരമെന്നതിന് മുന്തിയ പരിഗണന നൽകിയപ്പോൾ ഞാൻ ഫിലോമിനാസിലെ വിദ്യാർഥിയായി.

ഫുട്ബാളിൽ മൈസൂർ യൂനിവേഴ്സിറ്റിക്ക് വലിയ പരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ആ വർഷം ഞങ്ങൾ ദക്ഷിണമേലാ ഇൻറർവാഴ്സിറ്റി ഫുട്ബാളിൽ ചാമ്പ്യന്മാരായി വൻ അട്ടിമറി സൃഷ്ടിച്ചു. ഫൈനലിൽ കരുത്തരായ കാലിക്കറ്റിനെ തോൽപിച്ചത് 3–0ത്തിനായിരുന്നു. എന്നെ മൈസൂരിന്‍റെ ജഴ്സിയിൽ കണ്ട് സേതുവൊക്കെ ഞെട്ടിയിരുന്നു. ഞാൻ സെൻറ് ഫിലോമിനാസിൽ അഡ്മിഷൻ നേടിയത് അവർ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ദക്ഷിണമേഖലയും കഴിഞ്ഞ് ഞങ്ങളേറെ മുന്നോട്ടുപോയി. അഖിലേന്ത്യാ അന്തർ വാഴ്സിറ്റി ഫുട്ബാളിൽ നിർഭാഗ്യം കൊണ്ടാണ് ഞങ്ങൾക്ക് കിരീടം നഷ്​ടമായത്. പിന്നീട് ഇന്ത്യൻ ഫുട്ബാളിലെ പ്രമുഖരായി മാറിയ മഞ്ജിത് സിങ്, കുൽദേവ് സിങ് എന്നിവരെ അണിനിരത്തിയ പഞ്ചാബിനെതിരെ ഗോൾശരാശരിയിൽ പിന്നാക്കം പോയാണ് ഞങ്ങൾ റണ്ണേഴ്സ്​ അപ് സ്​ഥാനത്തായത്. യൂനിവഴ്സിറ്റി ഫുട്ബാളിന്‍റെ പാരമ്പര്യക്രമം തിരുത്തിഴെയഴുതിയ പ്രകടനമായിരുന്നു ആ വർഷം മൈസൂരിന്‍റേത്. മൈസൂരിന്‍റെ ഗോൾകീപ്പറായി ഞാൻ കാഴ്ചവെച്ച മിടുക്ക് പല ക്ലബുകളുടെയും ശ്രദ്ധയിൽപെട്ടു.

ഗോവയിലെ പ്രമുഖ ക്ലബായ വാസ്​കോയുടെ ഓഫർ ആ സമയത്ത് എന്നെത്തേടിയെത്തി. എന്നാൽ, കോളജിൽ പോകണം, പഠനം തുടരണം എന്നൊക്കെയുള്ള ആഗ്രഹത്താൽ ഞാനത് സീരിയസായെടുത്തില്ല. പി.യു.സി കഴിഞ്ഞ സമയത്ത് സേസ ഗോവയിൽനിന്നാണ് അടുത്ത ഓഫറെത്തുന്നത്. പ്രൊഫഷനൽ ഫുട്ബാളിൽ കളിക്കാനുള്ള താൽപര്യം മൂത്ത് ഞാൻ ആ ഓഫർ സ്വീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഞാൻ ഗോവയിലേക്ക് വണ്ടി കയറുന്നത്. സേസയുടെ ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ഈ ജെട്ടിയിൽ ആദ്യമായി കാലുകുത്തിയ സമയത്ത് വലിയൊരു കപ്പ് ഞാൻ ഇവിടെ കണ്ടു. അത് ശാന്തിലാൽ ട്രോഫിയായിരുന്നു. പൊലീസ്​ കപ്പ് എന്ന പേരിലാണത് നടക്കുന്നത്. ഈ കപ്പ് ആർക്കാണ് കിട്ടുകയെന്ന് ഞാൻ അന്നേ ആലോചിച്ചിരുന്നു. സേസയിലെത്തി അവരുടെ ടേംസ്​ ആൻഡ് കണ്ടീഷൻസ്​ അംഗീകരിച്ചു. കരാറിൽ ഒപ്പിടാൻ നാളെ വരാമെന്നു പറഞ് ഞാൻ ഗേറ്റു കടന്നു.

അപ്പോഴും അന്നത്തെ പ്രമുഖ ടീമായ വാസ്​കോയിൽ കളിക്കണമെന്ന ആഗ്രഹം എന്നെ മഥിച്ചു കൊണ്ടിരുന്നു. വെറുതെ വാസ്​കോ വരെ പോകാൻ തീരുമാനിച്ചു. അന്ന് അവിടെ കളിച്ചിരുന്ന കണ്ണൂരിൽ നിന്നുള്ള ഡിഫൻഡറായ സത്യനെക്കണ്ടു. സുധീർ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സേസയിൽ സൈൻ ചെയ്യാൻ വന്നതാണെന്ന് ഞാൻ സത്യനോട് പറഞ്ഞു. സൈൻ ചെയ്തോ എന്നായിരുന്നു സത്യന്‍റെ മറുചോദ്യം. നാളെ ചെയ്യും എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ചെയ്യല്ലേ എന്നു പറഞ്ഞ് വാസ്​കോയുടെ കാര്യങ്ങൾ നോക്കി നടത്തുന്ന തൃശൂർക്കാരൻ വാസുമേനോൻ പാറക്കോട്ടിന്‍റെ അടുത്തേക്ക് എന്നെ ആനയിച്ചു. സത്യൻ ആദ്യം അദ്ദേഹത്തെ കണ്ടു. സുധീറിനെ വാസുമേനോൻ കാണണമെന്ന് പറഞ്ഞു. പോയി സംസാരിക്കൂ. എന്ന് സത്യൻ പറഞ്ഞതിൻ പ്രകാരം ഞാൻ അങ്ങോട്ടു ചെന്നു. മേനോന്‍റെ അനന്തരവൻ ഉണ്ണിയും അവിടെയുണ്ടായിരുന്നു. എന്തിനാണ് സേസയിൽ പോകുന്നത്. അവിടെ ഗോവക്കാരല്ലേ അധികവും. ഇവിടെ മലയാളികൾ ഒരുപാടുണ്ട്. ഇവിടെ കളിക്കുന്നതിൽ വിരോധമില്ലല്ലോ എന്ന് അവർ എന്നോട് ചോദിച്ചു. സത്യനു പുറമെ ജോർജ് റോസ്​മണ്ട്, ഭരതൻ, ഹമീദ് തുടങ്ങിയവരൊക്കെ അന്ന് വാസ്​കോയിലുണ്ടായിരുന്നു. എന്‍റെ ആഗ്രഹം പോലെ വാസ്​കോയുമായി അന്നുതന്നെ കരാറൊപ്പിട്ടു. സേസ ഓഫർ ചെയ്ത കാശ് തരാമെന്നായിരുന്നു വാസ്​കോയുടെ വാഗ്ദാനം. എനിക്കതിൽ എതിർപ്പൊന്നുമില്ലായിരുന്നു. ടേംസ്​ ആൻഡ് കണ്ടീഷൻസും സേസയിലേതുതന്നെ. കരാറൊപ്പിട്ട് പിന്നീട് നാട്ടിൽ പോയി വന്ന ശേഷം വാസ്​കോയിൽ കളിക്കാരനായി ജോയിൻ ചെയ്തു.

സുധീറിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച 'മാധ്യമം ആഴ്ചപ്പതിപ്പി'ന്‍റെ കവർ

വാസ്​കോയിൽ ചേർന്ന ശേഷം എനിക്ക് തൊട്ടുടനെ നടന്ന സന്തോഷ് ട്രോഫിയിൽ കളിക്കാൻ കഴിഞ്ഞില്ല. ഒരു സ്റ്റേറ്റിൽ നിന്ന് മാറി ആറുമാസം കഴിയാതെ മറ്റൊരു സ്​റ്റേറ്റിന് കളിക്കാൻ കഴിയില്ലെന്ന നിബന്ധനയാണ് വിനയായത്. എറണാകുളത്തുനടന്ന ആ സന്തോഷ് ട്രോഫിയിൽ മണിയുടെ നായകത്വത്തിൽ കേരളത്തിനായിരുന്നു കിരീടം. എന്നാൽ, വാസ്​കോയിൽ ചേർന്ന ഉടൻ എനിക്ക് വലിയൊരു നേട്ടത്തിൽ പങ്കാളിയാകാനായി. ഗോവയിലെത്തിയ ഉടൻ ഞാൻ കണ്ട ആ പൊലീസ്​ കപ്പിൽ മുത്തമിടാൻ കഴിഞ്ഞതായിരുന്നു അത്. അന്ന് ഫൈനലിൽ ഞങ്ങൾ തോൽപിച്ചത് സേസ ഗോവയെയായിരുന്നു.

1971ൽ ടോക്കിയോയിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ഞാൻ ആദ്യമായി ഇന്ത്യയുടെ കുപ്പായമിടുന്നത്. അടുത്ത വർഷം റങ്കൂണിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലും രാജ്യത്തിനുവേണ്ടി ഗോൾവല കാത്തു. പിന്നീട് 73ൽ മലേഷ്യയിൽ നടന്ന മെർദേക്ക കപ്പ്. അതിനു പിന്നാലെ 1974ൽ തെഹ്റാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്‍റെ ഗോൾവല കാത്തിരുന്നത് ഞാനായിരുന്നു. തെഹ്റാനിൽ കളിക്കുമ്പോൾ ഞാൻ വാസ്​കോ വിട്ടിരുന്നു. ബോംബെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കളിക്കാരനായിരുന്നു ഞാനന്ന്. ഭാവി കണക്കിലെടുത്തായിരുന്നു മഹീന്ദ്രയിലേക്കുള്ള കൂടുമാറ്റം. ഒരു സ്വകാര്യ ക്ലബിൽ പ്രൊഫഷനലെന്ന രീതിയിൽ വലിയ സാധ്യതകളില്ലെന്ന കണക്കുകൂട്ടലാണ് ആ പറിച്ചുനടലിന് ഹേതുവായത്. കത്തിനിൽക്കുന്ന സമയത്ത് ഈസ്​റ്റ്ബംഗാൾ, മോഹൻ ബഗാൻ ടീമുകളെല്ലാം എന്നെ പലവട്ടം ക്ഷണിച്ചിരുന്നു. നേരത്തേ പറഞ്ഞ കാരണം കൊണ്ടുതന്നെ ജോലി സാധ്യത കണക്കിലെടുത്ത് പിന്നീടുള്ള കാലം മഹീന്ദ്രയിൽ തുടരാനായിരുന്നു തീരുമാനം.

വാസ്​കോയിൽ കളിക്കുന്ന കാലത്ത് 1972ൽ സന്തോഷ് ട്രോഫിയിൽ ഗോവയുടെ ഗോൾവല കാത്തിരുന്നു. ഗോവൻ മണ്ണിൽ അന്നാദ്യമായാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. അന്ന് ഗോവൻ ജഴ്സിയിൽ നടത്തിയ സേവുകൾ ഇന്നും ആളുകൾ ഓർമിക്കുന്നുണ്ട്. സെമിയിൽ കരുത്തരായ ബംഗാളായിരുന്നു എതിരാളികൾ. ടൈബ്രേക്കറിലേക്കു നീണ്ട കളിയിൽ ബംഗാളിന്‍റെ രണ്ടു കിക്കുകൾ ഞാൻ തട്ടിയകറ്റിയിരുന്നു. ദ്വിപാദ സെമിയിൽ നിർഭാഗ്യം കൊണ്ടാണ് ഗോവ പുറത്തായത്. അന്ന് സെമിയിൽ ജയിച്ചിരുന്നെങ്കിൽ തമിഴ്നാടിനെ തോൽപിച്ച് ഞങ്ങൾ കപ്പുനേടുമായിരുന്നു. മഹീന്ദ്രയിലുള്ള സമയത്ത് കോഴിക്കോട്ടുനടന്ന സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കു വേണ്ടിയും ജഴ്സിയണിഞ്ഞതോടെ ചാമ്പ്യൻഷിപ്പിൽ മൂന്നു സംസ്​ഥാനങ്ങൾക്കുവേണ്ടി കളത്തിലിറങ്ങാൻ കഴിഞ്ഞു. ആദ്യ ഫ്ലഡ്​ലിറ്റ് സന്തോഷ് ട്രോഫിയായിരുന്നു കോഴിക്കോട്ടേതെന്നാണ് എന്‍റെ ഓർമ. അതിനുശേഷം ഒരു റഷ്യൻ ടീം ഇന്ത്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തിയപ്പോഴാണ് ഇന്ത്യൻ ടീമിന്‍റെ ഉപനായകനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിനിടയിൽ ജീവിതത്തിൽ വഴിത്തിരിവായ മാറിയ സംഭവം അരങ്ങേറിയിരുന്നു. വാസ്​കോയിൽ കളിക്കുകയായിരുന്നു അന്ന്. റോവേഴ്സ്​ കപ്പ് ഫൈനലിൽ മോഹൻ ബഗാനോട് ഒരു ഗോളിന് തോറ്റ മത്സരത്തിനുശേഷം ആരാധികയായ ലൂർദ് എന്നെ കാണാൻ വന്നു. അത് പിന്നീട് സൗഹൃദമായും പ്രണയമായും മാറി. കളിയിലും ജീവിതത്തിലും അവളെന്‍റെ വലിയ പ്രചോദനമായി മാറുകയായിരുന്നു. വാസ്​കോയിൽ മികവു കാട്ടിയതിനെ തുടർന്ന് ടീം മാനേജ്മെൻറ് സമ്മാനിച്ച സ്വർണനാണയം തിരക്കിനിടയിലും കാതങ്ങൾ താണ്ടി ഞാനവൾക്ക് കൈമാറി. പാലമില്ലാത്ത ആ കാലത്ത് ഫെറി വഴിയെത്തി പിന്നീട് മോട്ടോർ സൈക്കിൾ വാടകക്കെടുത്ത് മപുസയിൽ അവളുടെ വീട്ടിലെത്തിയത്. മൂന്ന വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ മുംബൈയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി. ലളിതമായ രജിസ്​റ്റർ വിവാഹമായിരുന്നു. അച്ഛൻ ഇക്കാര്യങ്ങളൊന്നും അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അന്ന് ഫറോക്കിലെ കാലിക്കറ്റ് സ്​റ്റോൻഡേർഡ് ടൈൽ ആൻറ് ക്ലേ വർക്സ്​ കമ്പനിയിൽ ജനറൽ മാനേജരായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞാൽ അച്ഛൻ എന്നെ ബലമായി കേരളത്തിലേക്ക് കൊണ്ടു പോയേക്കുമെന്ന തോന്നൽ മനസ്സിൽ ശക്തമായിരുന്നതു കൊണ്ട് വിവാഹം രഹസ്യമാക്കിവെക്കുകയായിരുന്നു.

മഹീന്ദ്രയിൽ ജോലിയും കളിയുമൊക്കെയായി എല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു. എന്നാൽ, കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. മഹീന്ദ്രയിലെ മലയാളി കോച്ചുമായി ഉടക്കേണ്ടി വന്നതായിരുന്നു കാരണം. കാലു നീരു വന്ന് വയ്യാതിരിക്കുമ്പോൾ കളിക്കാനിറങ്ങണമെന്ന് അദ്ദേഹം വാശിപിടിച്ചത് പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. ഡ്യൂറൻഡ് കപ്പിൽ മഹീന്ദ്ര ക്വാർട്ടർ ഫൈനലിലെത്തിയ സമയം. ഈസ്​റ്റ്ബംഗാളിനെതിരെ ഹബീബിന്‍റെ ക്ലോസ്​റേഞ്ച് ഷോട്ടുകളടക്കം തടഞ്ഞിട്ട് ടീമിനെ അവസാന എട്ടിലെത്തിച്ചതിൽ എന്‍റെ പങ്കു വലുതായിരുന്നു. പട്ടാള ബാരക്കിലാണ് താമസം. വൈകീട്ട് 6.30ന് റൂമിലെത്തുമ്പോൾ കോച്ച് കൈചൂണ്ടി വിളിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ വൈകിയത്? കോച്ചിന്‍റെ മയമില്ലാത്ത ചോദ്യം. വൈകിയിട്ടൊന്നുമില്ലല്ലോ എന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നീട് മഹീന്ദ്രയിലെത്തിയപ്പോൾ പ്ലാൻറ് മാനേജർ വിളിപ്പിച്ചു. കോച്ച് അദ്ദേഹത്തിനരികിലുണ്ട്. നിങ്ങൾ ടീമിൽ പ്രശ്നങ്ങളുണ്ടാക്കുകയാണല്ലോ എന്ന് പ്ലാൻറ് മാനേജർ പറഞ്ഞു. ഞാനല്ല സർ, ഇദ്ദേഹമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് ഉരുളക്കുപ്പേരി പോലെ ഞാൻ മറുപടി കൊടുത്തു. നിങ്ങൾ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഇങ്ങനെയൊരു കോച്ചിന്‍റെ കീഴിൽ കളിക്കാനാവില്ലെന്ന് അതോടെ ഞാൻ തീരുമാനിച്ചു. പിറ്റേന്നുതന്നെ രാജിക്കത്ത് എഴുതിക്കൊടുത്തു. മാനേജർ നിരുത്സാഹപ്പെടുത്തി. നാലു ദിവസത്തേക്ക് വീട്ടിൽ പോയി വരൂ. അതിനിടയിലൊരു തീരുമാനം എടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബാളിൽ തുടരണോ വേണ്ടയോ എന്ന ചിന്തയായിരുന്നു പിന്നീട് മനസ്സു മുഴുവൻ. ഇന്ത്യൻ ടീമിന്‍റെ നായകസ്​ഥാനം, അർജുന അവാർഡ് ഇതെല്ലാം കൈയെത്തുന്ന അകലത്തിലാണ്. പക്ഷേ, എടുത്ത തീരുമാനത്തിൽനിന്ന് പിറകോട്ടുപോവാൻ മനസ്സ് അനുവദിച്ചില്ല. കുടുംബത്തിന് പ്രാമുഖ്യം നൽകി ജീവിതത്തിൽ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഏതൊരു കളിക്കാരനും ഫോമിെൻറ ഉത്തുംഗതയിൽ നിൽക്കുന്ന 27-ാം വയസ്സിൽ ഞാൻ ഏറെ സ്​നേഹിക്കുന്ന കളിയിൽ നിന്ന് പടിയിറങ്ങി.

ഭാര്യയുടെ സഹോദരന്മാർ അന്ന് ഖത്തറിൽ ജോലി നോക്കുന്നുണ്ടായിരുന്നു. ഭാഗ്യപരീക്ഷണാർഥം അവിടേക്ക് പോവാനായിരുന്നു തീരുമാനം. വൈകാതെ ഖത്തറിലേക്ക് പറന്നു. അവിടെ ബിൻലോ എന്ന കമ്പനിയിൽ ഒരു ജോലി കിട്ടി. 1976–77ൽ ഓയിൽബൂം വന്ന സമയത്ത് കമ്പനികൾ മികച്ച ആളുകളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരുദിവസം ഓഫിസിൽ ഞാൻ അച്ഛന് കത്തെഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു സായ്പ് വന്നു. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഞാൻ ഇംഗ്ലീഷിൽ മികവു കാട്ടിയിരുന്നു. നിങ്ങൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ എന്ന് സായിപ്പ് പറഞ്ഞു. അതെന്‍റെ മാതൃഭാഷ പോലെയാണ് എന്ന് ഞാൻ മറുപടി നൽകി. എന്നാൽ, എന്‍റെ കൂടെ വരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെ ബ്രിട്ടീഷ് കമ്പനിയിൽ ജോലിക്കുകയറി. പിന്നീട് പ്രശസ്​തമായ എച്ച്.ബി.കെ കമ്പനിയിൽ സൂപ്പർ വൈസർ ആയി. അവിടെ പ്രൊജക്ട്സ്​ മാനേജർ ആയാണ് 2002ൽ പിരിഞ്ഞത്. പിന്നീട് നാട്ടിലെത്തിയശേഷം കമ്പനി വിളിച്ചതിനെ തുടർന്ന് വീണ്ടും ദോഹയിലേക്ക്. നാലുവർഷത്തിനുശേഷം തിരിച്ചുവന്ന് ഇപ്പോൾ ഗോവയിൽ വിശ്രമജീവിതം നയിക്കുന്നു. കഴിഞ്ഞ വർഷം ഭാര്യയുടെ ആകസ്​മിക മരണം ഉലച്ചുകളഞ്ഞ ആഘാതത്തിൽനിന്ന് സുധീർ ഇപ്പോഴും മോചിതനായിട്ടില്ല. മകൻ അനൂപ് ബ്രിട്ടീഷ് എയർവേസിൽ ജോലിക്കാരനാണ്. മകൾ ഗോവയിലെ പ്രതിവാരപത്രമായ ഗോവൻഒബ്സർവറിൽ ജേർണലിസ്​റ്റാണ്.


30 വർഷം ഞാൻ ഖത്തറിൽ പ്രവാസ ജീവിതം നയിച്ചു. ഭാര്യയും എന്‍റെ കൂടെ ദോഹയിലുണ്ടായിരുന്നു. അമേരിക്കൻ കമ്പനിയായ മൊബിലിൽ ആയിരുന്നു അവൾക്ക് ജോലി. മകൻ അനൂപും മകൾ ജോൻക്വിലും ജനിച്ചതും വളർന്നതുമൊക്കെ ഖത്തറിലാണ്. ഖത്തറിൽ ഞാൻ വിവാഹിതനായെന്ന വിവരം അച്ഛൻ അറിയുന്നത് മകൻ ജനിച്ചശേഷമാണ്. പിന്നീട് അവധിക്ക് നാട്ടിൽ വരുമ്പോൾ ഇടക്ക് അച്ഛന്‍റെ അടുത്തുപോയിരുന്നു. എന്‍റെ ഭാര്യയോടും മക്കളോടുമൊക്കെ അച്ഛന് വലിയ സ്​നേഹമായിരുന്നു. ജോലി ആവശ്യാർഥം ഞാൻ അമേരിക്കയിലായിരിക്കുമ്പോഴാണ് 94ൽ അച്ഛൻ മരിച്ചത്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാതെ ഞാൻ കളിച്ചുനടക്കുന്നത് സ്​കൂൾ, കോളജ് പഠനകാലത്ത് അച്ഛന് തീരെ താൽപര്യമില്ലായിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിലെത്തുകയും പിന്നീട് വൈസ്​ക്യാപ്റ്റനാവുകയുമൊക്കെ ചെയ്തപ്പോൾ അച്ഛൻ എന്നെക്കുറിച്ച് അഭിമാനത്തോടെയാണ് സംസാരിച്ചത്.

കോഴിക്കോട്ടെ ഫുട്ബാളിലേക്ക് ഞാൻ പദമൂന്നുന്ന ആദ്യകാലങ്ങളിൽ നഗരത്തിലും മലബാറിൽ മുഴുക്കെയും സെവൻസ്​ അടക്കമുള്ള ഫുട്ബാളിന്‍റെ ആവേശം ഉച്ചസ്​ഥായിയിലായിരുന്നു. കോഴിക്കോട് ജില്ലാ ലീഗിൽ എക്സലൻറ് സ്​പോർട്സ്​ ക്ലബ്, യങ് ജെംസ്​, യങ് ചാലഞ്ചേഴ്സ്​ എന്നീ ടീമുകൾക്കുവേണ്ടി ഞാൻ ബൂട്ടുകെട്ടിയിറങ്ങിയിട്ടുണ്ട്. കണ്ണൂർ സ്​പിരിറ്റഡ് യൂത്ത് ക്ലബിനു കളിക്കുന്ന സമയത്താണ് 71ൽ വാസ്​കോയിലേക്ക് ചേക്കേറുന്നത്. സെവൻസിന്‍റെ മൈതാനത്ത് അന്ന് ആവേശം അങ്ങേയറ്റമായിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് കോഴിക്കോടിന്‍റെ അണിയിൽ ഞാൻ സ്​ഥിരസാന്നിധ്യമായിരുന്നു. പഠിക്കുന്ന സമയത്തായിരുന്നു ഇത്. പോക്കറ്റ് മണി കിട്ടുമെന്നതിനാൽ സെവൻസിനു കളിക്കാൻ അന്ന് പ്രത്യേക താൽപര്യമായിരുന്നു. ഓരോ സേവിനും ആർത്തുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന നിറഗാലറിയും മറ്റൊരു പ്രചോദനമായിരുന്നു. രജിസ്​റ്റേഡ് കളിക്കാർ സെവൻസിൽ കളിക്കുന്നുണ്ടോയെന്നറിയാൻ അസോസിയേഷന്‍റെ ആളുകൾ ചാരന്മാരെ വിടുന്ന പതിവ് അന്നുമുണ്ടായിരുന്നു. വാസ്​കോയിൽ കളിക്കുമ്പോഴടക്കം മാഹി മൈതാൻ ബ്രദേഴ്സ്​ ടീം അവർക്ക് കളിക്കാൻ സ്​ഥിരമായി ഓരോ വർഷവും എന്നെ വിളിക്കാറുണ്ടായിരുന്നു. കളി ജയിച്ച് മടങ്ങുമ്പോൾ തലശ്ശേരി റെയിൽവേ സ്​റ്റേഷനിലെത്തി 'ഗോളി സുധീർ സിന്ദാബാദ്' എന്നു വിളിച്ച് യാത്രയാക്കുന്ന സ്​ഥിരം ആരാധകസംഘമുണ്ടായിരുന്നു. അവരുടെ ആ മുദ്രാവാക്യം വിളികൾ പക്ഷേ, എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായും അനുഭവപ്പെട്ടിരുന്നു.

അന്ന് പ്രമുഖ സെവൻസ്​ ടൂർണമെൻറുകളിൽ കളിച്ചാൽ നല്ല തുക പ്രതിഫലമായി കിട്ടും. മാഹിയിൽ സെവൻസ്​ കളിക്കാനെത്തുന്ന കാലത്ത് ആറടി ഉയരമുള്ള ഒരു പ്ലെയർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അയാളുടെ പേര് പക്ഷേ, എനിക്കിപ്പോൾ ഓർമയില്ല. എയറിന്ത്യയുടെ താരമായിരുന്നു. അതു വിട്ടിട്ടാണ് സെവൻസ്​ മത്സരങ്ങളിൽ കളിക്കാനായി അയാൾ മലബാർ മേഖലയിൽ തമ്പടിച്ചത്. വീടുണ്ടാക്കാനുള്ള പണം സെവൻസിലൂടെ സമ്പാദിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. സെവൻസ്​ കളിച്ചു കിട്ടുന്ന പണം കൊണ്ട് ഞങ്ങൾ ക്രൗൺ തിയറ്ററിൽ സിനിമ കാണാൻ പോകുമായിരുന്നു. സിനിമ തുടങ്ങും മുമ്പുള്ള സമയത്ത് ഫുട്ബാൾ സംബന്ധിയായ ക്ലിപ്പുകളിടും. സിനിമക്കപ്പുറം, അതു കാണുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉന്നം. ഇന്ത്യൻ ഗോളിയായിരുന്ന പീറ്റർ തങ്കരാജ് മലബാറിൽ എവിടെ കളിക്കാൻ വന്നാലും ഞങ്ങൾ പോകുമായിരുന്നു. നമ്മൾ കാലുകൊണ്ട് പന്തടിച്ചകറ്റുന്ന ദൂരത്തേക്ക് കൈകൊണ്ട് പന്തെറിയുന്ന തങ്കരാജിന്‍റെ കരുത്താണ് എന്നെ ആകർഷിച്ചത്.

ഗൾഫിൽനിന്ന് വന്നശേഷമാണ് എന്‍റെ 'തിരോധാനം' ഗോവയിലും കേരളത്തിന്‍റെ പല ഭാഗങ്ങളിലും ആരാധർക്കിടയിൽ വലിയ ചർച്ചയായിരുന്നുവെന്ന വിവരം അറിയുന്നത്. ഞാൻ മരിച്ചുപോയെന്ന് കരുതിയ ഒട്ടേറെ പേർ ഗോവയിലുണ്ടായിരുന്നു. അങ്ങനെയൊരു അഭ്യൂഹം ഇടക്കൊക്കെ ശക്തമായി ഉയർന്നിരുന്നുവെത്ര. ഒരിക്കൽ ഒരു ആരാധകൻ എന്‍റെ അടുത്തുവന്ന് ആശ്ചര്യത്തോടെ കുറേസമയം നോക്കിനിന്നു. എന്‍റെ 'മരണവാർത്ത' വിശ്വസിച്ചവരിൽ ഒരാളായിരുന്നു അയാൾ. കോഴിക്കോട്ട് ഇടക്ക് വരുമ്പോൾ അടുത്ത സുഹൃത്തുക്കളായ കോസ്​മോസ്​ ഉമ്മർ, സേതു, ബാബു, വേങ്ങേരി രാജൻ എന്നിവരെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ, സുധീർ എവിടെപ്പോയെന്ന അന്വേഷണം ഗോവയിലേതുപോലെ കേരളത്തിലെ ആരാധകർക്കിടയിലും ശക്തമാണെന്ന് ഇക്കാലത്തിനിടയിൽ എനിക്ക് ബോധ്യമായിരുന്നു.


തിരിഞ്ഞുനോക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെയാണിഷ്​ടം. പ്രൊഫഷനൽ ലൈഫിനുവേണ്ടി സ്​പോർട്സ്​ കരിയർ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ ഇപ്പോഴെനിക്കൊട്ടും നിരാശയില്ല. ദൈവം എന്നെ കഷ്​ടപ്പെടുത്തിയില്ലെന്ന് പറയുന്നതാവും ശരി. അത്രമാത്രം എന്നെ സ്​നേഹിച്ചൊരാളെ വിവാഹം കഴിക്കാനും കടലിനക്കരെയും ഇക്കരെയുമായി ഒരുപാടുകാലം ഒന്നിച്ചുജീവിക്കാനും കഴിഞ്ഞത് ദൈവം കനിഞ്ഞരുളിയ സുകൃതമായാണ് കരുതുന്നത്. ജന്മനാട്ടിൽനിന്ന് ജീവിതം പറിച്ചുനടേണ്ടി വന്നത് അന്നത്തെ സാഹചര്യങ്ങൾ കാരണമാണ്. പിൻതിരിഞ്ഞു നോക്കുമ്പോൾ അങ്ങനെയൊരു കൂടുമാറ്റത്തിലും എനിക്കിപ്പോൾ നിരാശയില്ല.

ഐ.എസ്​.എൽ ഒരുതരം ചൂതാട്ടമാണ്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്​.എൽ) ആണല്ലോ ഇന്ത്യൻ ഫുട്ബാളിലെ ഇന്നത്തെ ചൂടുള്ള വിഷയം. എന്നാൽ, ഐ.എസ്​.എൽ രാജ്യത്തെ ഫുട്ബാളിന് കരുത്തുപകരുമെന്ന വാദഗതികളിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് വലിയൊരു ബിസിനസ്​ മാത്രമാണ്. ഒരു കോടി കൊടുത്ത് 10 കോടി വാങ്ങുന്ന ഒരുതരം ചൂതാട്ടം. തങ്ങളുടെ ടീമിന് എന്തുനേട്ടമുണ്ടാകുമെന്നു മാത്രമാണ് ഇവിടെ ഓരോ ടീം മാനേജ്മെൻറും ചിന്തിക്കുന്നത്. താഴേത്തട്ടിൽ ഫുട്ബാളിെൻറ വികസനത്തിനുള്ള പദ്ധതികളാണ് ഇന്ത്യയിൽ അനിവാര്യം. പരമ്പരാഗതമായി ഇന്ത്യൻ ഫുട്ബാളിന് ഈർജം പകർന്ന സന്തോഷ് ട്രോഫിയെ നമ്മൾ നശിപ്പിച്ചു കളഞ്ഞില്ലേ. ഇന്ന് കളിയിൽ മുഴുവൻ രാഷ്ട്രീയമാണ്. കായിക സംഘാടനം മൊത്തത്തിൽ ലാഭകേന്ദ്രീകൃതമായി മാറിക്കഴിഞ്ഞു. കളിക്ക് ഭാവി വേണമെങ്കിൽ പഴയ സ്​റ്റൈൽ പിന്തുടരണമെന്നാണ് എന്‍റെ അഭിപ്രായം. എല്ലാ ജില്ലകളിലും ലീഗ് മത്സരങ്ങൾ കാര്യക്ഷമമായി നടത്തണം. മുമ്പ് ജില്ലാ ജൂനിയർ ടീമുകളും സീനിയർ ടീമുകളും അതത് നാടിന്‍റെ കളിയാവേശത്തിൽ ചെലുത്തിയ സ്വാധീനം ഓർക്കുക. ജൂനിയർ തലങ്ങളിൽ ടൂർണമെൻറുകൾ അധികരിപ്പിക്കുകയും ചെറുപ്പത്തിലേ മത്സരപരിചയം നേടാൻ അവർക്ക് അവസരമൊരുക്കുകയും വേണം.

സന്തോഷ് ട്രോഫിയിൽനിന്ന് ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന പഴയ കാലം തിരിച്ചുവരണം. ശക്തമായ സ്​റ്റേറ്റ് ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കണം. ഐ.എസ്​.എൽ ടീമുകൾ അവരുടേതായ പ്രഫഷണൽ ക്ലബുകൾ ഉണ്ടാക്കട്ടെ. സചിൻ ടെണ്ടുൽകറും റിലയൻസും പോലുള്ളവർ അതിനായി മുന്നോട്ടുവരണം. കേവലം പണം കൊയ്യാനുള്ള ഉപാധി എന്നതിനപ്പുറത്ത് റിലയൻസ്​ പോലുള്ളവർ കളിക്കാർക്ക് ജോലി നൽകട്ടെ. കോർപറേറ്റ് ടീമുകൾ സൃഷ്​ടിക്കപ്പെടുന്നത് കളിക്കും കളിക്കാർക്കും ഗുണം ചെയ്യും. പണ്ടത്തെ ടാറ്റ, മഫത്​ലാൽ, മഹീന്ദ്ര ടീമുകൾക്ക് സമാനമായ രീതിയിൽ ടീമുകൾ ഉണ്ടാകണം. നന്നായി കളിക്കുന്ന കാലത്ത് ഫുട്ബാളർമാരോട് എല്ലാവർക്കും ഏറെ സ്​നേഹമുണ്ടാകും. കളി മോശമായാൽ പക്ഷേ, തെറിയാകും ഫലം. കളിക്കുന്ന കാലത്ത് ഭാവിയെക്കുറിച്ച് ഫുട്ബാളർമാർ ഗൗരവമായി ചിന്തിക്കണം. പിന്നീടുള്ള ജീവിതത്തിൽ പല കളിക്കാരെയും ദുരിതത്തിലാഴ്ത്തുന്നത് ഭാവിയെക്കുറിച്ച ഈ ചിന്തകളുടെ അഭാവമാണ്.

Show More expand_more
News Summary - Indian Football Malayali goalkeeper EN Sudheer Career and life