ഐ.ഒ.സി പ്രസിഡന്റ്; തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsആതൻസ്: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പത്താം പ്രസിഡന്റിനെ വ്യാഴാഴ്ച തെരഞ്ഞെടുക്കും. ഗ്രീസിലെ കോസ്റ്റ നവറിഹോയിൽ ആരംഭിച്ച ഐ.ഒ.സിയുടെ 144ാം സെഷനിലാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഏഴു സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ജോർഡനിലെ ഫൈസൽ അൽ ഹുസൈൻ രാജകുമാരൻ (മോട്ടോർ സ്പോർട്, വോളിബാൾ), സെബാസ്റ്റ്യൻ കോ (അത്ലറ്റിക്സ്, ബ്രിട്ടൻ), കിർ സ്റ്റി കവെൻട്രി (അക്വാറ്റിക്സ്, സിംബാബ്വെ), ജോൺ ഇലിയാഷ് (സ്കീ, സ്നോബോർഡ്, സ്വീഡൻ), ഡേവിഡ് ലപ്പാർടിയന്റ് (സൈക്ലിങ്, ഫ്രാൻസ്), യുവാൻ അന്റോണിയോ സമറാഞ്ച് ജൂനിയർ (സാമ്പത്തിക വിദഗ്ധൻ, സ്പെയിൻ), മോരിനാരി വതാനബെ (ജപ്പാൻ, ജിംനാസ്റ്റിക്സ്) എന്നിവരാണ് മത്സരിക്കുന്നത്.
നിലവിലെ പ്രസിഡന്റ് ജർമനിയുടെ തോമസ് ബാഷ് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്ന് സ്ഥാനമേൽക്കും. ബാഷ് 2013ലാണ് ഐ.ഒ.സി പ്രസിഡന്റായത്. ഒളിമ്പിക് ചാർട്ടറിലെ ഭേദഗതി അനുസരിച്ച് കാലാവധി എട്ടുവർഷമാണ്. നാലുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം. ജൂണിൽ 12 വർഷം പൂർത്തിയാക്കിയാണ് ബാഷ് പടിയിറങ്ങുന്നത്. വ്യാഴാഴ്ച കിഴക്കൻ യൂറോപ്യൻ സമയം വൈകുന്നേരം നാലിനാണ് വോട്ടെടുപ്പ്. ഏഴിന് നിയുക്ത പ്രസിഡന്റ് ഉൾപ്പെട്ട വാർത്താ സമ്മേളനവും നടക്കും. പുതിയ പ്രസിഡന്റിന് കീഴിലാണ് 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സ് നടക്കുക. അതിന് ആതിഥ്യമരുളുന്ന യു.എസിൽനിന്ന് ആരും ഇക്കുറി മത്സരരംഗത്തില്ല. ഇന്ത്യയിൽനിന്ന് ഐ.ഒ.സി അംഗം നിത അംബാനി വോട്ടെടുപ്പിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.