കോഹ്‍ലിയുടെ നടത്തം അനുകരിച്ച് ഇഷാൻ കിഷൻ; പ്രതികരിച്ച് കോഹ്‍ലി, ഏഷ്യാ കപ്പിലെ വൈറൽ വിഡിയോ
text_fieldsകളിക്കളത്തിലും പുറത്തും രസകരമായ കഥാപാത്രങ്ങളാണ് വിരാട് കോഹ്‍ലിയും ഇഷാൻ കിഷനും. മത്സരത്തിനിടെയുള്ള ഇരുവരുടെയും തമാശ നിറഞ്ഞ രംഗങ്ങൾ പലതും വൈറലായിട്ടുണ്ട്. 2023 ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പത്ത് വിക്കറ്റിന്റെ റെക്കോർഡ് വിജയം നേടിയതിന് പിന്നാലെ, ഇരുവരും ഉൾപ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
കളി കഴിഞ്ഞ് പുരസ്കാര വിതരണത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ ഇന്ത്യൻ ടീമിലെ ഏതാനും താരങ്ങൾ ഡയസിന് അരികിൽ കളിതമാശകൾ പറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. സ്റ്റാൻഡിൽ നിന്ന് പകർത്തിയ ഒരു വീഡിയോയിൽ, കോഹ്‍ലിയെ അനുകരിച്ച് കിഷൻ ഗ്രൂപ്പിൽ നിന്ന് ഇറങ്ങി നടക്കുന്നതായാണ് കാണാൻ സാധിക്കുക. ഇടയ്ക്കിടെ കഴുത്ത് ഞെരുക്കുന്നതുൾപ്പെടെ, നടക്കുമ്പോൾ കോഹ്‌ലി പൊതുവെ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റരീതികളാണ് കിഷൻ രസകരമായി അനുകരിച്ചത്.
കിഷൻ തിരിച്ച് ടീമംഗങ്ങളുടെ അടുത്തേക്ക് നടന്നപ്പോൾ താരത്തെ പരിഹസിച്ചുകൊണ്ട് കൈകൾ വിടർത്തി വിചിത്രമായ രീതിയിൽ കോഹ്‍ലി നടക്കുന്നതായും കാണാം. അത് കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് വലിയ പൊട്ടിച്ചിരിയാണുണ്ടായത്.
അതേസമയം, ബൗളിങ് എൻഡിൽ കൊടുങ്കാറ്റായ മുഹമ്മദ് സിറാജിന് മുന്നിൽ ശ്രീലങ്ക നിലതെറ്റിവീഴുകയായിരുന്നു. കേവലം 50 റൺസിനാണ് ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആതിഥേയർ ആൾഔട്ടായത്. ഏഴോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ആറുവിക്കറ്റ് പിഴുത സിറാജിന്റെ അസാമാന്യ ബൗളിങ്ങിന് മുന്നിൽ മുട്ടിടിച്ച ലങ്കൻ മുൻനിര മുനകൂർത്ത ഇന്ത്യൻ ബൗളിങ്ങിനെതിരെ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു.
ഒരോവറിൽ നാലു വിക്കറ്റ് പിഴുത് ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത പോരാട്ടവീര്യം എഴുതിച്ചേർത്ത സിറാജിന്റെ പിൻബലത്തിൽ കേവലം 15.2 ഓവറിലാണ് ആതിഥേയരെ കിരീടപോരാട്ടത്തിൽ ഇന്ത്യ 50 റൺസിന് തൂത്തെറിഞ്ഞത്. മൂന്നുവിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയും ഇന്നിങ്സിലെ മൂന്നാം പന്തിൽ പെരേരയെ പുറത്താക്കി തകർപ്പൻ തുടക്കമിട്ട ജസ്പ്രീത് ബുംറയും സിറാജിന് മികച്ച പിന്തുണ നൽകി. കുശാൽ മെൻഡിസും (34പന്തിൽ 17) ദുഷൻ ഹേമന്ദയും (15 പന്തിൽ 13 നോട്ടൗട്ട്) മാത്രമാണ് ലങ്കൻ ഇന്നിങ്സിൽ രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാർ.
മറുപടി ബാറ്റിങ്ങിൽ വെറും 37 പന്തിലാണ് ഇന്ത്യ ലങ്കാദഹനം പൂർത്തിയാക്കിയത്. ശുഭ്മൻ ഗില്ലും രോഹിത് ശർമക്ക് പകരം ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച ഇഷാൻ കിഷനും ചേർന്നാണ് ലങ്കൻ ബൗളിങ്ങിനെ നിലംതൊടാതെ പറത്തിവിട്ടത്. ഗിൽ 19 പന്തിൽ ആറ് ഫോർ സഹിതം 27 റൺസുമായും കിഷൻ 18 പന്തിൽ മൂന്ന് ഫോർ സഹിതം 23 റൺസും നേടി പുറത്താകാതെ നിന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീട നേട്ടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.