15 വർഷമായി; ഇപ്പോഴും സചിന്റെ ആ റെക്കോർഡ് തകർക്കാനാളില്ല
text_fields15 വർഷങ്ങൾക്ക് മുമ്പ് 2007ൽ ഇതേ ദിവസമാണ് ക്രിക്കറ്റ് ലോകത്ത് അപൂർവ്വമായൊരു റെക്കോർഡ് പിറന്നത്. ഇത്രയും കാലമായിട്ടും ആരാലും തകർക്കാൻ കഴിയാത്ത ആ റെക്കോർഡിനുടമ സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ സചിനായിരുന്നു. അന്നൊരു ജൂൺ 29നായിരുന്നു താരം ഏകദിന ക്രിക്കറ്റിൽ 15,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. 2022 ജൂൺ 29 ആകുന്നതോടെ ആ റെക്കോർഡിന് 15 വയസ് തികഞ്ഞു.
എന്നാൽ, അതൊന്നുമല്ല വിഷയം, ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിനടുത്തേക്ക് പോലും ഓടിയെത്താൻ ഒരു പുതുതലമുറ താരങ്ങൾക്കും കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു അന്ന് സചിൻ റെക്കോർഡ് കുറിച്ചത്. ഇന്ത്യയുടെ ഓപണറായിരുന്ന താരം 93 റൺസാണ് മത്സരത്തിൽ നേടിയത്. 13 ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങിയതായിരുന്നു ആ ഇന്നിങ്സ്. മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. അന്ന് സചിനൊപ്പം ഓപണറായി സൗരവ് ഗാംഗുലിയുമുണ്ടായിരുന്നു. 42 റൺസായിരുന്നു താരം നേടിയത്.
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയാണ് നിലവിൽ ഏകദിന റൺവേട്ടയിൽ തലപ്പത്ത്. 260 മത്സരങ്ങളിൽ നിന്നായി 12311 റൺസാണ് താരം ഇതുവരെ നേടിയത്. അതിൽ 43 സെഞ്ച്വറിയും 64 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. കോഹ്‍ലി നിരന്തരം സെഞ്ച്വറികളടിക്കുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ, താരം എളുപ്പം സചിന്റെ റെക്കോർഡുകൾ തകർക്കുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി ഏകദിനത്തിൽ താരത്തിന്റെ പേരിൽ ഒരു ശതകം പോലുമില്ല. ഇപ്പോഴും മോശം ഫോമിലുള്ള താരം കരിയറിന്റെ അവസാന കാലത്ത് പോലും 15000 എന്ന കടമ്പ കടക്കാൻ സാധ്യതയുമില്ല.
അതേസമയം, റൺവേട്ടയിൽ സചിന് തൊട്ടുപിറകിലായുള്ള താരങ്ങളെല്ലാം വിരമിച്ചവരാണ്. രണ്ടാം സ്ഥാനക്കാരൻ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. അദ്ദേഹത്തിന്റെ പേരില്‍ 14234 റണ്‍സാണുള്ളത്. റിക്കി പോണ്ടിങ് (13704), സനത് ജയസൂര്യ (13430) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.
2013-ൽ സച്ചിന്‍ തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 463 മത്സരത്തില്‍ നിന്ന് 18426 റണ്‍സ് നേടിയിരുന്നു. ഇതില്‍ 49 സെഞ്ച്വറിയും 96 ഫിഫ്റ്റിയും ഉള്‍പ്പെടും. 200 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും താരത്തിന്റെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.