അനന്തം, അവർണനീയം
text_fieldsകോഴിക്കോട്: അർഹതയുണ്ടായിട്ടും ഒരു വിളിപ്പാടകലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ കുപ്പായം കൈവിട്ടുപോയ അനന്തപത്മനാഭന് അമ്പയറിങ്ങിൽ അന്താരാഷ്ട്ര പദവി. ഇനി മുതൽ ഈ അനന്തപുരിക്കാരൻ ഇൻറർനാഷനൻ ക്രിക്കറ്റ് കൗൺസിൽ അമ്പയർ. രാജ്യത്ത് നടക്കുന്ന ടെസ്റ്റ്, ഏകദിന, ട്വൻറി20 മത്സരങ്ങൾ നിയന്ത്രിക്കാം. എലൈറ്റ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായ നിതിൻ മേനോെൻറ ഒഴിവിലേക്കാണ് മലയാളിയായ അനന്തനെ ഐ.സി.സി അന്താരാഷ്ട്ര പദവിയിലേക്കുയർത്തിയത്.
ഇതാദ്യമായാണ് ഒരു മലയാളി ഐ.സി.സി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്താരാഷ്ട്ര അമ്പയറുടെ വേഷത്തിൽ കളിക്കളത്തിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിയാതെപോയ നിരാശ തീർക്കാനൊരുങ്ങുകയാണ് കേരളത്തിെൻറ എക്കാലത്തെയും മികച്ച ക്രിക്കറ്റർ.
ആയിരം കരുത്തുള്ള അനന്തൻ
'പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഞാൻ. ഒരു ടെസ്റ്റ് കളിക്കുന്നത് കാണാൻ കൊതിച്ച അച്ഛനില്ലാത്തതു മാത്രമാണ് ഈ പദവി വന്നെത്തുമ്പോഴുള്ള സങ്കടം. കുടുംബം ഒന്നടങ്കം ഈ നേട്ടത്തിൽ ആഹ്ലാദത്തിലാണ്' -ഐ.സി.സി അമ്പയർ പദവി ലഭിച്ചതിനെക്കുറിച്ച് അനന്തൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. കിട്ടാതെ പോയതിനെക്കുറിച്ച് പരിഭവമില്ല. നന്നായി പരിശ്രമിക്കുക. ബാക്കിയെല്ലാം ദൈവനിശ്ചയമാണ് -ഇന്ത്യക്കു കളിക്കാൻ കഴിയാതെ പോയതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ അനന്തൻ തുടർന്നു. അനിൽ കുംബ്ലെക്കു മുന്നിലാണ് ദേശീയ ടീമിലേക്കുള്ള അവസരങ്ങൾ നഷ്ടമായത് എന്നതിനാൽ അന്നത്തെ സെലക്ടർമാരുടെ തീരുമാനം തെറ്റായി കാണുന്നില്ലെന്നും അനന്തൻ പറഞ്ഞു. 88 രഞ്ജി ഉൾപ്പെടെ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം അമ്പയറിങ്ങിെൻറ സാധ്യതകൾ തേടിയ മാന്ത്രിക ബൗളർക്ക് പിഴച്ചില്ല. 2006ൽ അമ്പയറിങ് തുടങ്ങി. പിന്നെ വഴിയേവന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി. 72 രഞ്ജി മത്സരങ്ങളടക്കം ഒട്ടനവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നിയന്ത്രിച്ചു. നാലു വർഷമായി ഐ.പി.എല്ലിലുമുണ്ട്. ക്രിക്കറ്റ് ജീവിതമായിരുന്നു. ഓരോ ചുവടുവെപ്പിലും ആദ്യം അച്ഛനും അമ്മയും പിന്നെ ഭാര്യയും മക്കളും ഒപ്പം നിന്നു. ഈ പിന്തുണയാണ് എല്ലാ നേട്ടങ്ങൾക്കും പിന്നിൽ - ദൈവമനുഗ്രഹിച്ചാൽ എലൈറ്റ് പാനലും അപ്രാപ്യമല്ല. അനന്തൻ പ്രതീക്ഷകൾ കൈവിടുന്നില്ല.
ഒാൾറൗണ്ടർ
1988ൽ രഞ്ജിയിൽ അരങ്ങേറി 16 വർഷക്കാലം എല്ലാ തല മത്സരങ്ങളും കളിച്ച അനന്തൻ ആസ്ട്രേലിയക്കെതിരെ ഇന്ത്യ 'എ' ടീമിലും പാകിസ്താനെതിരെ കൊച്ചിയിൽ ബോർഡ് പ്രസിഡൻറ് ഇലവനും കളിച്ചു. കളിയിലെന്നപോലെ അമ്പയറിങ്ങിലും കൃത്യതയും കണിശതയും അനന്തെൻറ കൂടെ നിന്നു. പിഴവുകളില്ലാത്ത തീരുമാനങ്ങളാണ് അഗ്രഹാരത്തിൽ ജനിച്ചുവളർന്ന അനന്തനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചത്. ലഭിച്ച അവസരങ്ങളോട് നീതിപുലർത്താനുള്ള ശ്രമത്തിന് ഫലമുണ്ടാവുമെന്നുതന്നെ അനന്തൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് കാത്തതും ഇവിടംവരെ കൊണ്ടെത്തിച്ചതും. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ബി.സി.സി.ഐയുടെ ലെവൽ രണ്ട് കോച്ച് പരീക്ഷയും ജയിച്ചുകയറി. ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച മറ്റു മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.