കുടിയേറ്റക്കാരന്‍റെ കാൽപന്തു കിനാവുകൾ
text_fieldsലോകകപ്പിന്റെ ചരിത്രമെടുത്താൽ കരീം ബെൻസേമയെ പോലൊരു നിർഭാഗ്യവാനുണ്ടാകില്ല. 2018ലെ ലോകകപ്പിൽ സ്വന്തം ടീം ലോക കിരീടമുയർത്തി മൈതാനത്ത് വലയംവെക്കുന്നത് അകലെനിന്ന് കാണേണ്ടിവന്നതിന് പിന്നിൽ ഒരു കേസുണ്ടായിരുന്നു. എന്നാൽ, 2022ൽ ലോകത്തെ മികച്ച ഫുട്ബാൾ താരമെന്ന പകിട്ടുമായി അറേബ്യൻ മണ്ണിൽ പന്തുതട്ടാനെത്തിയ അവനെ നാട്ടിലേക്ക് തിരിച്ചയച്ചത് പരിശീലനത്തിനിടയിലെ പരിക്കായിരുന്നു
ഖത്തറിലെ കളിയാരവങ്ങൾക്ക് കൊടിയിറങ്ങിയപ്പോൾ കളിക്കമ്പക്കാരുടെ ഹൃദയത്തെ പിടിച്ചുലച്ച ചില കാഴ്ചകളുണ്ട്. സ്വന്തം ടീം ലോകം മുഴുവൻ കണ്ടുനിൽക്കെ നിറഞ്ഞ ഗാലറിയിൽ പന്തുതട്ടാനിറങ്ങുമ്പോൾ നാലാണ്ടായി കാത്തുവെച്ച സ്വപ്നങ്ങൾക്ക് പരിക്ക് വിലങ്ങിട്ടവന്റെ വേദനയോളം വലുതായിട്ടൊന്നുമുണ്ടാവില്ല. അത്തരം നിർഭാഗ്യവാന്മാരുടെ കണക്കെടുത്താൽ ആദ്യം വരുന്ന പേര് ആരുടേതായിരിക്കും?, സംശയമുണ്ടാവില്ല, അത് കരീം മുസ്തഫ ബെൻസേമ എന്ന ഫ്രഞ്ചുകാരന്റേതാകും. ലോകകപ്പിന്റെ ചരിത്രമെടുത്താൽ ഇതുപോലൊരു നിർഭാഗ്യവാനെ കണ്ടുകിട്ടുക എളുപ്പമാകില്ല. ലോകത്തെ മികച്ച താരമെന്ന പകിട്ടുമായി അറേബ്യൻ മണ്ണിൽ പന്തുതട്ടാനെത്തിയ അയാളെ നാട്ടിലേക്ക് തിരിച്ചയച്ചത് എതിർടീം അംഗങ്ങളുടെ ടാക്ലിങ്ങുകളായിരുന്നില്ല, പരിശീലനത്തിനിടെ തുടയിലേറ്റ പരിക്കായിരുന്നു. 2018ലെ ലോകകപ്പിൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പുള്ള കളിക്കാരനായിട്ടും ഒരു വിവാദം അയാളുടെ കളി മുടക്കി. സ്വന്തം ടീം ലോക കിരീടമുയർത്തി മൈതാനത്ത് വലയംവെക്കുന്നത് കണ്ടുനിൽക്കാനുള്ള കരുത്ത് പോലും അന്നവന് നഷ്ടപ്പെട്ടിട്ടുണ്ടാവണം. ഖത്തറിലെ ലുസൈൽ സ്റ്റേഡിയം മറ്റൊരു കലാശക്കളിക്ക് വേദിയായപ്പോഴും അതിലൊരു വശത്ത് തന്റെ ടീം ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ തന്റെ ടീം അർജന്റീനക്കെതിരെ ഷൂട്ടൗട്ടിൽ തോൽക്കുന്നത് അകലെനിന്ന് കണ്ടുനിൽക്കാനായിരുന്നു അയാളുടെ വിധി.
സ്വപ്നങ്ങളെ കാലിൽ കുരുത്തവൻ
അൾജീരിയയിൽനിന്ന് ഫ്രാൻസിലെ ലിയോണിലേക്ക് കുടിയേറിയ ഹാഫിദിനും വാഹിദക്കും 1987 ഡിസംബർ 19ന് ഒരു ആൺകുഞ്ഞ് പിറന്നു. അവരവനെ കരീം ബെൻസേമ എന്ന് പേരിട്ടു വിളിച്ചു. ലിയോണിലെ കുപ്രസിദ്ധമായ ബ്രോൺ പ്രവിശ്യയിൽ വളർന്ന അവൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണ് പോവാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ, കുടിയേറ്റ ജീവിതത്തിന്റെ അവഗണനകളെയും അരുതായ്മകളുടെ പ്രലോഭനങ്ങളെയും അവൻ തട്ടിമാറ്റിയത് ഫുട്ബാളിനെ കാലിൽ കുരുത്തായിരുന്നു.
എട്ടാം വയസ്സിൽ ക്ലബ് ബ്രോൺ ടെറെയ്‍ലൺ എസ്.സിക്ക് വേണ്ടി പന്ത് തട്ടിത്തുടങ്ങിയ അവൻ ലിയോൺ യൂത്ത് അക്കാദമിക്കെതിരായ അണ്ടർ 10 മത്സരത്തിൽ ഇരട്ടഗോളടിച്ചതോടെ എതിർടീമിന്റെ നോട്ടപ്പുള്ളിയായി. അവനെ സ്വന്തമാക്കാൻ ലിയോൺ അധികൃതർ ക്ലബ് ബ്രോൺ പ്രസിഡന്റിനടുത്തേക്ക് ആളെ വിട്ടു. എന്നാൽ, വിട്ടുകൊടുക്കാൻ ക്ലബ് ഒരുക്കമല്ലായിരുന്നു. അവസാനം പിതാവിന്റെ നിർബന്ധത്തിൽ ലിയോണിന്റെ സെലക്ഷൻ ട്രയലിന് വിടാൻ അവർ തയാറായി. ഇതോടെ ബെൻസേമ ലിയോണിന്റെ താരമായി. 2005ൽ ലിയോണിന്റെ സീനിയർ ജഴ്സിയിൽ അരങ്ങേറി. അവിടെ നാല് ലീഗ് വൺ കിരീടങ്ങളുടെ പകിട്ടുമായി നിൽക്കെ റെക്കോഡ് തുക നൽകി റയൽ മാഡ്രിഡ് അവനെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിച്ചു. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗ്യാരത് ബെയിലിന്റെയുമെല്ലാം നിഴലിൽ ഒതുങ്ങാനായിരുന്നു വിധി. അൾജീരിയൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യത തെളിഞ്ഞപ്പോൾ ബെൻസേമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ''അതെന്റെ മാതാപിതാക്കളുടെ രാജ്യമാണ്, അക്കാര്യം എന്റെ ഹൃദയത്തിലുണ്ട്. എന്നാൽ, ഒരു കായിക താരമെന്ന കാഴ്ചപ്പാടിൽ ഫ്രഞ്ച് ടീമിൽ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്''. ഇത് വിവാദങ്ങളേറെയുണ്ടാക്കിയെങ്കിലും 2007ൽ 19ാം വയസ്സിൽ ഫ്രാൻസിന്റെ ജഴ്സിയണിഞ്ഞ് അവൻ ആദ്യമായി കളത്തിലിറങ്ങുകതന്നെ ചെയ്തു. എന്നാൽ, ഫ്രഞ്ച് ദേശീയ ഗാനം ആലപിക്കാൻ മടിക്കുന്നെന്ന വിമർശനവും ബെൻസേമക്കെതിരെയുണ്ടായി.
സെക്സ് ടേപ് വിവാദവും കരിയറിലെ കരിനിഴലും
സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ പലപ്പോഴും ബെൻസേമക്ക് തിരിച്ചടിയുണ്ടാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസായിരുന്നു ഇതിൽ ആദ്യത്തേത്. അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് വാദിച്ചാണ് അന്ന് കേസിൽനിന്ന് രക്ഷപ്പെട്ടത്.
ബെൻസേമയുടെ കരിയറിലെ കരിനിഴലായിരുന്നു 2015ലെ സെക്‌സ് ടേപ്പ് വിവാദം. ഫ്രഞ്ച് ടീമിലെ സഹതാരമായിരുന്ന വാൽബ്യുനയെ അദ്ദേഹവുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോയുടെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്തെന്നായിരുന്നു കേസ്. സംഭവം ഫ്രഞ്ച് ഫുട്ബാളിനെ പിടിച്ചുലച്ചു. കേസിൽ ഉൾപ്പെട്ട മറ്റു സഹതാരങ്ങൾക്ക് വേണ്ടി വാൽബ്യുനയെ പരിശീലന ക്യാമ്പിൽ വെച്ച് ബെൻസേമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഒരു വർഷത്തെ സസ്‌പെൻഡഡ് തടവും 75,000 യൂറോ പിഴയുമാണ് ഏറ്റുവാങ്ങിയത്. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള കുറ്റം ആവർത്തിച്ചാൽ മാത്രം ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സസ്‌പെൻഡഡ് തടവുശിക്ഷയായതിനാൽ തടവിലാകേണ്ടി വന്നില്ല. എന്നാൽ, ഈ വിവാദം ബെൻസേമയുടെ കരിയറിനേൽപിച്ച പരിക്ക് ചെറുതായിരുന്നില്ല. സംഭവത്തെ തുടർന്ന് ഫ്രഞ്ച് ടീമിൽനിന്ന് പുറത്തിരിക്കേണ്ടി വന്നത് ആറ് വർഷത്തോളമായിരുന്നു. 2018ലെ ലോകകപ്പ് വരെ അത് നഷ്ടമാക്കി.
മനസ്സിൽ കുറിച്ചിട്ട മോഹം
പന്ത് തട്ടിക്കളിച്ചു തുടങ്ങിയ കാലം മുതൽ കരീം ബെൻസേമ കുഞ്ഞുമനസ്സിൽ കുറിച്ചിട്ട ഒരു മോഹമുണ്ടായിരുന്നു, ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള പുരസ്കാരം ഒരിക്കൽ ലോകത്തിന് മുമ്പിൽ നിവർന്നുനിന്ന് ഉയർത്തിക്കാണിക്കുക. അതിനായുള്ള അവന്റെ പ്രയത്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ടായിരുന്നു.
ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലരുടെയും നിഴലിലൊതുങ്ങാനായിരുന്നു വിധി. ഫ്രാൻസിലെ വർഗ-വർണവെറി നിറഞ്ഞ ഒരു കൂട്ടം കളിയാരാധകരുടെ എതിർപ്പും കൂടെയുണ്ടായിരുന്നു. ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേൾക്കുകയും കാണികളുടെ കൂവലിനിരയാവുകയും ചെയ്ത അവനുറപ്പുണ്ടായിരുന്നു, ഒരിക്കൽ തന്റെ കാലവും വരുമെന്ന്. 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ ബെൻസേമ കരിയറിലെ സുവർണ കാലത്തിന് തുടക്കമിട്ടു. ഫാൾസ് 9 പൊസിഷനിൽനിന്ന് അവന് സ്വന്തമായൊരു ഇടം കിട്ടി. സാന്റിയാഗോ ബെർണബ്യൂവിൽ കിരീടമെത്താൻ കരീം ബെൻസേമ വേണമെന്ന നിലയോളം അയാൾ വളർന്നു.
അങ്ങനെ പാരിസിൽ 2022ലെ മികച്ച ഫുട്ബാൾ താരങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങെത്തി. പുരുഷ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം പ്രഖ്യാപിക്കാൻ വേദിയിലേക്ക് നടന്നുകയറിയയാളെ ആർക്കും പരിചയപ്പെടുത്തേണ്ടതുണ്ടായിരുന്നില്ല. അൾജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറി ഫ്രഞ്ചുകാരെ ഫുട്ബാൾ ലോകത്തിന്റെ നെറുകെയിലേക്ക് കൈപിടിച്ചുയർത്തിയ സിനദിൻ സിദാൻ എന്ന ഇതിഹാസം. സിദാൻ പ്രഖ്യാപിക്കും മുമ്പെ അതിന്റെ ഉടമയെ 'കരീം ബെൻസേമ' എന്ന് ലോകം കുറിച്ചുവെച്ചിരുന്നു. കാരണം ആ സീസണിൽ അയാളെ വെല്ലാൻ അടുത്തെങ്ങും ആരുമില്ലായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാ ലിഗ കിരീടങ്ങൾ റയലിന്റെ ഷോകേസിലെത്തിച്ച നായകൻ രാജ്യത്തിനൊപ്പം നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. ബെൻസേമയുടെ അതുവരെയുള്ള വളർച്ചയിൽ നിർണായക പങ്കുവഹിച്ച 'സിസു' അവനെ വിജയിയായി പ്രഖ്യാപിക്കുകയും ചേർത്തുപിടിച്ച് പുരസ്കാരം കൈമാറുകയും ചെയ്തപ്പോൾ ലോകം മുഴുവൻ ആ കാഴ്ച കണ്ട് കൈയടിച്ചു. അതെ, അൾജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ കുടുംബത്തിൽ പിറന്നതിന്റെ പേരിൽ പരിഹാസങ്ങളേറെ ഏറ്റുവാങ്ങി ലോകം കീഴടക്കിയ അയാൾ അതേ രീതിയിൽ വന്ന മറ്റൊരാളെ വിജയിയായി പ്രഖ്യാപിക്കുമ്പോൾ അത്രത്തോളം ഹൃദ്യമായ കാഴ്ച ഫുട്ബാൾ ലോകത്തിന് പരിചയമില്ലാത്തത് തന്നെയായിരുന്നു. അങ്ങനെ 34ാം വയസ്സ് വരെ കൂടെ കൊണ്ടുനടന്ന ഒരു വലിയ മോഹം അന്നവൻ സാക്ഷാത്കരിച്ചു.
സെക്സ് ടേപ് ബ്ലാക്ക്മെയിലിങ്ങിന്റെ പേരിൽ വിലക്ക് നേരിട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ എല്ലാ ഗോൾ റെക്കോർഡുകളും ഒരുപക്ഷെ ആ കാൽക്കീഴിൽ ഒതുങ്ങുമായിരുന്നു. ഖത്തറിൽ ലോക കിരീടത്തിലേക്ക് ഗോളടിച്ചുകയറ്റാനുള്ള സ്വപ്നത്തിന് മുന്നിലും ഒരിക്കൽ കൂടി നിർഭാഗ്യം വിലങ്ങിട്ടു. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഗോൾവലയെ അത്രമേൽ സ്നേഹിച്ച ആ പ്രതിഭയുടെ അഭാവം കാൽപന്തുകളിയെ പ്രണയിക്കുന്നവർക്കെല്ലാം ഉണ്ടാക്കുന്ന നഷ്ടം തുല്യതയില്ലാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.