ജിങ്കാന്റെ പരിക്കിന് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 70 ലക്ഷം
text_fieldsകൊച്ചി: ഇന്ത്യൻ ഫുട്ബാൾ രംഗത്തെ അപൂർവതയായി, കളിക്കാരന് പരിക്കേറ്റതിനെത്തുടർന്ന് ക്ലബിന് 70 ലക്ഷം രൂപ ഫിഫയുടെ നഷ്ടപരിഹാരം. മലയാളികളുടെ ചങ്കായിരുന്ന മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കാന് കണങ്കാലിനേറ്റ പരിക്കിെനത്തുടർന്ന് 2019-20 ഐ.എസ്.എൽ സീസൺ കളിക്കാനാകാതെപോയിരുന്നു. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി നോർത്ത് ഈസ്റ്റ് യുനൈറ്റഡിെനതിരെ ഇന്ത്യൻ ദേശീയ ടീം കളിച്ച പരിശീലന മത്സരത്തിനിടെയാണ് പരിക്കേറ്റത്. 2019 ഒക്ടോബർ 19നാണ് സംഭവം.
കളിക്കിടെ കണങ്കാൽ തിരിഞ്ഞ് ലിഗ്മെൻറിന് പൊട്ടലുണ്ടായതോടെ ബ്ലാസ്റ്റേഴ്സിെൻറ വൻമതിലിന് മാസങ്ങളോളം മൈതാനത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ടീമിെൻറ ആരാധകരുടെ ഇഷ്ടതാരം കൂടിയായ ജിങ്കാെൻറ അഭാവം ഐ.എസ്.എൽ സീസണിനായി കോച്ച് എൽകോ ഷട്ടോരിയുടെ നേതൃത്വത്തിൽ ഒരുങ്ങുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. വൻതുക നൽകി നിലനിർത്തിയ താരത്തിെൻറ മോശം നാളുകളിലും ടീം കൈവിട്ടില്ല. കരാർകാലത്തെ വേതനവും അത്യാവശ്യമായ മറ്റ് ചെലവുകളെല്ലാം കളിക്കാനാകുമോയെന്ന് നോക്കാതെതന്നെ വഹിച്ചു. 2018-19 സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി 19 കളികളിൽ പ്രതിരോധം കാത്തത് ജിങ്കനാണ്.
ഇത്തരം അവസ്ഥകളിൽ ഫുട്ബാൾ ക്ലബുകൾ സാധാരണ കരാർ ഇൻഷുറൻസ് െക്ലയിം ചെയ്യുകയാണ് പതിവെങ്കിൽ ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ഡയറക്ടർ മുഹമ്മദ് റഫീക്കിെൻറ നേതൃത്വത്തിൽ ഫിഫയെ സമീപിക്കുകയായിരുന്നു. ഫിഫയുടെ ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാമാണ് തുണയായത്.
ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാം
ഫിഫ അന്താരാഷ്ട്ര മത്സര വിൻഡോയിൽ ദേശീയ ടീമിനൊപ്പമുള്ള കളിക്കാരന് പരിക്കേൽക്കുകയും, തുടർച്ചയായി 28 ദിവസങ്ങളിൽ വിട്ടുനിൽക്കുകയും ചെയ്താൽ ക്ലബിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹത നൽകുന്നതാണ് ക്ലബ് പ്രൊട്ടക്ഷൻ പ്രോഗ്രാം. കരാർപത്രത്തിൽ നിശ്ചയിക്കപ്പെട്ട കളിക്കാരെൻറ വേതനം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കുകൂട്ടുക. പ്രതിദിനം 20,548 യൂറോ വെച്ച് പരമാവധി 7.50 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുക. 2019 നവംബർ ആറിന് ക്ലബ് നൽകിയ അപേക്ഷയെത്തുടർന്ന് ആദ്യ നഷ്ടപരിഹാര വിഹിതം ഒരുവർഷത്തിനുശേഷം ലഭിച്ചു. പരിക്കേറ്റ തീയതി മുതൽ തിരികെ പരിശീലനത്തിന് എത്തിയ ദിനംവരെ കണക്കുകൂട്ടിയാണ് തുക നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.