സെമിയിൽ ഈ കണക്കുകൾ ഇംഗ്ലണ്ടിനെ ശരിക്കും പേടിപ്പിക്കും; 'ഒരു കോഹ്‍ലി - അഡ്‌ലെയ്ഡ് പ്രണയകഥ'
text_fieldsആസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ക്രിക്കറ്റ് മൈതാനത്തിൽ വെച്ച് ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് സെമി ഫൈനൽ മത്സരം നാളെ നടക്കാൻ പോവുകയാണ്. വിജയ പ്രതീക്ഷയോടെ ഇറങ്ങുന്ന ഇംഗ്ലണ്ടിന് പക്ഷെ, ഏറ്റവും വലിയ തലവേദന സാക്ഷാൽ വിരാട് കോഹ്‍ലിയാണ്. നിലവിൽ കോഹ്‍ലി പരമ്പരയിലെ റൺവേട്ടക്കാരിൽ തലപ്പത്താണ്. എന്നാൽ, അതൊന്നുമല്ല, ഇംഗ്ലണ്ടിനെ അലട്ടുന്നത്. അത് അഡ്‌ലെയ്ഡും കോഹ്ലിയും തമ്മിലുള്ള മുഹബ്ബത്താണ്. താരം, അവിടെ വെച്ച് ബാറ്റെടുത്തപ്പോഴെല്ലാം പിറന്നത് ശതകങ്ങളും ഇരട്ട ശതകങ്ങളുമാണ്.
അഡ്‌ലെയ്ഡും കോഹ്‍ലിയും
കോഹ്‍ലിക്ക് അഡ്‌ലെയ്ഡ് സ്വന്തം ഹോം ഗ്രൗണ്ട് പോലെയാണ്. അത് അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. മുൻ ഇന്ത്യൻ നായകനൻ ഇതുവരെ 14 ഇന്നിങ്സുകളാണ് അവിടെ കളിച്ചത്. അതിൽ അഞ്ച് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളും ഉൾപ്പെടും. താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി അഡ്ലെയ്ഡിലായിരുന്നു സംഭവിച്ചത്. 2012ൽ നടന്ന ടെസ്റ്റ് മാച്ചിൽ പക്ഷെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ, ആ ശതകത്തിലൂടെ താൻ വന്നത് ചുമ്മാ പോകാനല്ലെന്ന് കോഹ്‍ലി തെളിയിച്ചു.
എംഎസ് ധോണിയുടെ അഭാവത്തില്‍ താരം ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ചതും അഡ്‌ലെയ്ഡിലായിരുന്നു. ആ മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും ശതകം നേടി കോഹ്‍ലി ഞെട്ടിക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ഓവൽ സ്‌ക്വയറിൽ വെച്ച് 2015ലെ ഏകദിന ലോകകപ്പിൽ കോഹ്ലി പാകിസ്താനെതിരെ സെഞ്ച്വറി നേടിയിരുന്നു. തൊട്ടടുത്ത വർഷം ആസ്ട്രേലിയക്കെതിരായ ട്വന്റി 20യിൽ 90 റൺസുമെടുത്തു. 2019ൽ നടന്ന ഏകദിന മത്സരത്തിൽ ഓസീസിനെതിരെ 104 റൺസെടുത്ത് സ്റ്റേഡിയത്തിലെ ആധിപത്യം തുടർന്ന താരം ഒരു വർഷത്തിന് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ 74 റൺസുമടിച്ചു.
ഈ ടി20 ലോകകപ്പിലെ ഇന്ത്യയുടെ നാലാമത്തെ സൂപ്പർ 12 മത്സരത്തിൽ കോഹ്‌ലി ഇതേ വേദിയിൽ മറ്റൊരു അർദ്ധ സെഞ്ച്വറിയും നേടി. ബംഗ്ലാദേശിനെതിരെ 44 പന്തിൽ പുറത്താകാതെ 64 റൺസ് നേടിയ കോഹ്‌ലി തന്റെ ടീമിനെ 5 വിക്കറ്റിന് വിജയിപ്പിക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ഓവലിൽ 75.58 ശരാശരിയിൽ 907 റൺസാണ് കോഹ്‌ലി ഇതുവരെ നേടിയത്.
ആസ്‌ട്രേലിയയിലെ കോഹ്‌ലിയുടെ മൊത്തത്തിലുള്ള പ്രകടനം നോക്കിയാൽ, ഇന്ത്യയുടെ സ്വന്തം വലംകൈയ്യൻ ബാറ്റർ 58 മത്സരങ്ങളിൽ നിന്ന് 56.26 ശരാശരിയിൽ, 74.64 സ്‌ട്രൈക്ക് റേറ്റിൽ, 11 സെഞ്ചുറികളും 18 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 3376 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.