'ജോന്‍ഡി റോഡ്‌സിനെ ഓർമിപ്പിച്ചു'; ന്യൂസിലൻഡ് താരത്തിന്റെ കിടിലൻ ക്യാച്ച് കാണാം...
text_fieldsനിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയയെ 89 റൺസിന് തകർത്ത് ട്വന്റി 20 ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് പിന്തുടർന്നിറങ്ങിയ ഓസീസിന്റെ ഇന്നിങ്സ് 17.1 ഓവറില്‍ 111 റണ്‍സിന് അവസാനിക്കുകയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആധിപത്യം പുലർത്തിയ കിവികൾ ഫീൽഡിങ്ങിലും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
ട്വന്റി 20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനംകവർന്ന ഒരു സംഭവവുമുണ്ടായി. ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്സിന്റെ ഗംഭീരമായ ക്യാച്ചാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിനെ ആവേശം കൊള്ളിച്ചത്. ഇതിഹാസ താരം ജോന്‍ഡി റോഡ്‌സിനെ ഓർമിപ്പിക്കുന്ന ക്യാച്ചിന് ഇരയായത് ഓസീസ് ബാറ്റര്‍ മാര്‍ക്കസ് സ്‌റ്റോയിനിസായിരുന്നു.
50-3 എന്ന നിലയിൽ ഓസീസിന്റെ ഇന്നിംഗ്‌സ് എത്തി നില്‍ക്കെ ഒമ്പതാമത്തെ ഓവര്‍ എറിയാനായി മിച്ചല്‍ സാന്റ്‌നര്‍ എത്തി. സാന്റ്‌നര്‍ എറിഞ്ഞ രണ്ടാമത്തെ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നു സ്റ്റോയിനിസ്. എന്നാല്‍ പ്രഹരമേറ്റ് ഉയർപൊങ്ങിയ പന്ത് ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫിലിപ്പ്‌സിന് അടുത്തേക്ക്. ഫിലിപ്പ്‌സ് എത്തും മുമ്പ് പന്ത് നിലം തൊടുമെന്ന് തോന്നിപ്പിച്ചെങ്കിലും താരം ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കുകയായിരുന്നു. അസാധ്യമെന്ന് തോന്നിച്ച ക്യാച്ച് അതിഗംഭീരമായി ഫിലിപ്സ് കൈയ്യിലൊതുക്കുന്ന കാഴ്ച സഹതാരങ്ങളെയടക്കം ഞെട്ടിച്ചു.
മത്സരത്തിൽ ആ വിക്കറ്റ് നിർണായകമാവുകയും ചെയ്തു. 14 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്താണ് സ്റ്റോയിനിസ് കളംവിട്ടത്.
92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറ്റൊരു ഓപ്പണറായ ഫിന്‍ അലനും മികച്ച പ്രകടനം പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.