ബുസി, എല്ലാ അർഥത്തിലും നിങ്ങളാണ് പെർഫെക്ട് 10
text_fieldsപാരിസ്: 18 വർഷത്തെ ബാഴ്സലോണ കരിയറിന് അന്ത്യമിടുന്ന സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സിനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി മുൻ സഹതാരം ലയണൽ മെസ്സി. വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എല്ലാം തികഞ്ഞവനാണ് ബുസ്കെറ്റെന്ന് വിശേഷിപ്പിക്കാൻ ‘പെർഫെക്ട് 10’ എന്ന പ്രയോഗമാണ് മെസ്സി നടത്തിയത്. അർജന്റീന നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: ‘‘കളിക്കളത്തിൽ അഞ്ചാം നമ്പറുകാരനാണെങ്കിലും യഥാർഥത്തിൽ കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങൾ ഒരു പെർഫെക്ട് 10 ആണ് ബുസി. പുതിയ ഇടത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഞാൻ ആശംസകൾ നേരുന്നു. കളിക്കളത്തിനകത്തും പുറത്തും ഒരുമിച്ച് ചിലവഴിച്ച നിരവധി നിമിഷങ്ങൾക്ക് നന്ദി. നല്ലതും സങ്കീർണവുമായ നിമിഷങ്ങൾ ഓർമകളായി എന്നെന്നും നിലനിൽക്കും!’’
2005ലാണ് ബുസ്കെറ്റ്സ് ബാഴ്സയിലെത്തുന്നത്. 700ലധികം മത്സരങ്ങൾ കളിച്ചു. 567 മത്സരങ്ങളിലാണ് സ്ട്രൈക്കറായ മെസ്സിയും ബുസ്കെറ്റ്സും ഒരുമിച്ച് ബാഴ്സ ജഴ്സിയണിഞ്ഞത്. മറ്റേത് താരങ്ങൾക്കും അവകാശപ്പെടാനില്ലാത്തത്ര മൂന്ന് ചാമ്പ്യൻസ് ലീഗ്, എട്ട് ലാ ലീഗ, ഏഴ് കോപാ ഡെൽ റേ കിരീടങ്ങൾ മെസ്സിയും ബുസ്കെറ്റും ചേർന്ന് ബാഴ്സക്കായി നേടി. മെസ്സി പി.എസ്.ജിയിലേക്ക് മാറിയശേഷം ഊഷ്മളസൗഹൃദം തുടർന്നു. ഒമ്പതാം ലാ ലീഗ കിരീടത്തോടെയാണ് ബുസ്കെറ്റ്സ് ബാഴ്സ വിടുക. സൗദി പ്രോ ലീഗിലെ അൽ ഹിലാലാണ് 34കാരന്റെ പുതിയ തട്ടകമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. മെസ്സിയും സൗദിയിലെത്തുന്ന സാഹചര്യമുണ്ടായാൽ ഇരു താരങ്ങളും വീണ്ടും കളിക്കളത്തിൽ ഒരുമിച്ചുകൂടെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.