ലിസ്റ്റൺ: വിടപറഞ്ഞത് കേരളത്തെ ത്രസിപ്പിച്ച ഫുട്ബാൾ ത്രയങ്ങളിലൊരാൾ
text_fieldsഫുട്ബാൾ മൈതാനത്ത് ഇടതു വിങ്ങിലൂടെ പരൽ മീനിനെ പോലെ വെട്ടിച്ച് കുതിച്ചു പാഞ്ഞിരുന്ന ലിസ്റ്റൻ്റെ ചിത്രമാവും ഫുട്ബാൾ പ്രേമികളുടെ മനസ് നിറയെ. കേരള ടീമിൽ ഡ്രിബിളിങ്ങ് പാടവത്തിൻ്റെ രാജകുമാരനായിരുന്ന ലിസ്റ്റൺ പവർഫുൾ ഫുട്ബാളിന്‍റെ വക്താവായിരുന്നു. ഐ.എം. വിജയൻ-സി.വി. പാപ്പച്ചൻ-സി.എ. ലിസ്റ്റൺ ത്രയം േകരള ഫുട്ബാളിലെ ഐതിഹാസിക ഏടുകളിലൊന്നാണ്.
ഒത്ത ശരീരവും ഉറച്ച കാൽപേശികളുമായിരുന്നു ലിസ്റ്റൻ്റെ മറ്റൊരു പ്രത്യേകത. ഇടതു വിങ്ങിലൂടെ പന്തുമായി കുതിക്കുന്ന ലിസ്റ്റനെ എതിരാളികൾക്ക് പിടിച്ചു കെട്ടാൻ എളുപ്പമായിരുന്നില്ല. ലിസ്റ്റന്‍റെ ഇടങ്കാലൻ ഷോട്ടുകൾ പ്രതിരോധിക്കാനുള്ള എതിർ ടീം ഗോൾകീപ്പർമാരുടെ ശ്രമം പന്ത് കയ്യിൽ തട്ടി തെറിക്കുന്നതിലാണ് പലപ്പോഴും കലാശിക്കാറുള്ളത്. അത്തരം ഘട്ടങ്ങൾ മുതലെടുത്ത് ഐ.എം. വിജയൻ ഗോൾ നേടിയിട്ടുള്ള മുഹൂർത്തങ്ങൾ നിരവധിയാണ്. ' അപ്പോഴൊക്കെ പന്ത് തട്ടി വലയിലിടേണ്ട പണിയേ എനിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ - വിജയൻ അനുസ്മരിക്കുന്നു.
ലിസ്റ്റൺ എക്കാലവും അവിസ്മരണീയനാവുന്നത് കണ്ണൂർ ഫെഡറേഷൻ കപ്പിൽ കേരള പൊലീസ് മുത്തമിടുന്നതിന് കാരണഭൂതൻ എന്ന നിലക്ക് കൂടിയാണ്. '91 ൽ ആണത്. ലിസ്റ്റൻ്റെ ഗോളിലൂടെയാണ് അന്ന് മഹീന്ദ്ര ആൻ്റ് മഹീന്ദ്രയെ കൊമ്പ് കുത്തിച്ച് കേരള പൊലീസ് വീണ്ടും ഫെഡറേഷൻ കപ്പ് ജേതാക്കളാവുന്നത്. പൊലീസിൻ്റെ സുവർണകാലമായിരുന്നു അത്. ബാറിനു കീഴിലെ വിശ്വസ്ത കാവൽക്കാരൻ കെ.ടി. ചാക്കോ, സത്യൻ, ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ മിന്നുന്ന താരങ്ങൾ ടീമിലുണ്ടായിരുന്ന കാലം.
ശരാശരി മലയാളിയെ പൊലീസുകാർ ത്രസിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്ന് മുൻ നിരയിൽ വിജയൻ - പാപ്പച്ചൻ - ലിസ്റ്റൺ കൂട്ടുകെട്ടായിരുന്നു. എതിരാളികൾക്ക് പൊളിക്കാൻ പറ്റാതിരുന്ന ത്രിമൂർത്തി കൂട്ട്ക്കെട്ട്. പിന്നീട് സന്തോഷ് ട്രോഫി കേരള ടീമിലും ഈ ത്രയങ്ങൾ അത്ഭുതങ്ങൾ വിരിയിച്ചു.
'90 ൽ തൃശൂർ ഫെഡറേഷൻ കപ്പിലാണ് പൊലീസുകാർ ആദ്യം ജേതാക്കളായത്. ചൂള കഴകൾക്കൊണ്ട് ഏറ്റവും ഉയരം കൂടിയ താൽക്കാലിക ഗാലറി പണിത് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഫെഡറേഷൻ കപ്പ് മത്സരം. അന്നും നിറഞ്ഞ ഗാലറിയെ ആവേശ സമുദ്രത്തിൽ ആറാടിച്ച ത്രയമായിരുന്നു ഇത്.
തൃശൂർ ആമ്പല്ലൂർ അളഗപ്പ നഗറിലെ ഫുട്ബാളർ സി.ഡി. ആൻറണിയുടെ മകൻ കളി പാഠം പഠിച്ചത് അപ്പനിൽ നിന്ന് തന്നെയായിരുന്നു. സ്ട്രൈക്കറായിരുന്ന ആൻ്റണിയുടെ രക്തത്തിൽ ഫുട്ബാൾ ലയിച്ചിരുന്നു. കളിക്കാനും കളി കാണാനും എവിടെ പോയാലും ആൻറണി ഭാര്യയെയും മകനെയും കൊണ്ടു പോകും. അദ്ദേഹത്തിൻ്റെ കളിയാവേശത്തെക്കുറിച്ച് പല കഥകളുമുണ്ട്.
കോച്ച് ടി.കെ. ചാത്തുണ്ണിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ത്രിവർഷ ക്യാമ്പിൽ 12-ാം വയസിൽ പരിശീലനം നേടിയതാണ് ലിസ്റ്റൻ്റെ ഫുട്ബാൾ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് വിജയനും പാപ്പച്ചനും ആ ക്യാമ്പിൽ ഉണ്ടായിരുന്നു. അങ്ങിനെ കളിക്കൂട്ടുകാരായിരുന്ന ഇവർ കളിക്കളത്തിലും മികച്ച പരസ്പര ധാരണയും ഒത്തിണക്കവും പുറത്തെടുത്തു.
ആ ക്യാമ്പിനെ തുടർന്ന് സബ് ജൂനിയർ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലിസ്റ്റണായിരുന്നു തൻ്റെ ക്യാപ്റ്റൻ എന്ന് സി.വി. പാപ്പച്ചൻ ഓർത്തു. പിന്നീട് അണ്ടർ 22 ഇന്ത്യൻ ടീമിൽ ലിസ്റ്റണും വിജയനും ഒന്നിച്ചു. മാലിദ്വീപിൽ നടന്ന രാജ്യാന്തര ജൂനിയർ മത്സരത്തിൽ ഇവർ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
1985 ൽ പാപ്പച്ചൻ പൊലീസിലെത്തി. 88 ൽ ലിസ്റ്റണും. തൃശൂർ കേരളവർമ കോളജ് താരമായിരുന്ന ലിസ്റ്റൺ 1985 ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്നു. പിന്നീട് അശുതോഷ് മുഖർജി ട്രോഫിക്കു വേണ്ടിയുള്ള ഇൻ്റർവാഴ്സിറ്റി ഫുട്ബാളിൽ മൂന്ന് തവണ കാലിക്കറ്റ് ജേതാക്കളായി. അതിൽ രണ്ടു തവണ സ്ട്രൈക്കറായിരുന്ന ലിസ്റ്റൺ നിർണായക പങ്ക് വഹിച്ചു.
1988ലാണ് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള കേരള ടീമിൽ അംഗമാകുന്നത്. അക്കുറി കേരളം ഫൈനലിൽ എത്തിയത് ലിസ്റ്റൻ്റെ കൂടി മികവിലാണ്. പിന്നീട് ഗോവൻ സന്തോഷ് ട്രോഫിയിലും കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞു.
സജീവ ഫുട്ബാളിൽ നിന്ന് വിട പറഞ്ഞിട്ടും മൈതാനത്ത് പലപ്പോഴും ഈ ചാട്ടുളിയുടെ മികവാർന്ന പ്രകടനം കണ്ടു. പഴയ കേരള താരങ്ങൾ ഒത്തു കൂടിയപ്പോഴും വെറ്ററൻസ് മാച്ചുകളിലും താൻ പടക്കുതിര തന്നെയെന്ന് മധ്യവയസ്സിലും ലിസ്റ്റൻ തെളിയിച്ചു. പലപ്പോഴും തൃശൂർ പാലസ് മൈതാനമായിരുന്നു (കോർപറേഷൻ സ്റ്റേഡിയം) അതിന് സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.