സച്ചിന് പൊങ്കാല, ഷറപ്പോവയോട് മാപ്പ്; സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി മലയാളികൾ
text_fieldsസചിൻ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്റ്റേഴ്സ് ഓണർമാരിലൊരാളായും കേരളത്തിൽ ഇടക്ക് സന്ദർശനം നടത്തിയും കേരളവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്. പക്ഷേ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും അകന്നുനിൽക്കാറുള്ള സചിൻ കേന്ദ്രസർക്കാറിന് പരോക്ഷ പിന്തുണയുമായി എത്തിയതോടെ മലയാളികൾ അതെല്ലാം മറന്നു.
കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിനിൽ സചിനും അണിചേർന്നിരുന്നു. ''ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒരുമിച്ചുനിൽക്കാം'' -സചിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
സചിന്‍റെ ഔദ്യോഗിക പേജിൽ ഇതുപ്രതീക്ഷിച്ചില്ലെന്നും കർഷകരെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടുള്ള മലയാളികളുടെ കമന്‍റ് പ്രവാഹമാണ്. ഇതിനുപിന്നാലെ 2014െൽ വിംബിൾഡൺ വേദിയിൽ വെച്ച് സചിനെ അറിയില്ലെന്ന് പറഞ്ഞതിന് മരിയ ഷറപ്പോവയുടെ പേജിൽ 'പൊങ്കാല' നടത്തിയതിനുള്ള കൂട്ടമാപ്പുപറച്ചിലും മലയാളികൾ ആരംഭിച്ചിട്ടുണ്ട്.
2004ൽ പാകിസ്താനെതിരായ മത്സരത്തിൽ സചിൻ 194ൽ നിൽക്കേ ഇന്നിങ്സ് ഡിക്ലയർ ചെയ്ത രാഹുൽ ദ്രാവിഡിന്‍റെ നടപടി ശരിയായിരുന്നെന്ന് വരെ കമന്‍റുകൾ പരക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ സചിൻ വിശദീകരണവുമായി രംഗത്തുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.