'കുനാൽ, നിശ്ചയദാർഢ്യത്തിൽ നീ ശ്രേഷ്ഠനാണ്' -ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും ഫുട്ബാൾ കളിക്കുന്നു ഈ മണിപ്പൂരി ബാലൻ
text_fieldsഇംഫാൽ: ജന്മനാ അവനൊരു കാലില്ല. ഓർമ്മവെച്ച കാലം മുതൽ അവൻ്റെ ഇഷ്ട വിനോദമായത് കാൽപ്പന്ത് കളിയും. ഒരു കാലില്ലെങ്കിലും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഫുട്ബാൾ കളിക്കാനാകുമെന്ന് തെളിയിച്ച് താരമായിരിക്കുകയാണ് അവൻ - മണിപ്പൂരിലെ ഇംഫാലിലെ ഗ്രാമത്തിലുള്ള ഒമ്പത് വയസുകാരൻ കുനാൽ ശ്രേഷ്ഠ.
ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും ഊന്നുവടിയുടെ സഹായത്തോടെ കുനാൽ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വിഡിയോ പുറത്തുവിട്ടത്.
ജീവിതത്തിലെ നിസ്സാരമായ തിരിച്ചടികളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഈ നാലാം ക്ലാസുകാരന്‍ ആത്മവിശ്വാസത്തിൻ്റെ ഒരു വലിയ പാഠമാണ് പകർന്ന് നൽകുന്നത്. തന്‍റെ ഇച്ഛാശക്തി കൊണ്ട് ചെറുപ്രായത്തിൽ തന്നെ കൂട്ടുകാർക്കൊപ്പം കളിക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ അവന്‍ പഠിച്ചു. ഒരു കാല്‍ ഉപയോഗിച്ച് അവന്‍ സൈക്കിള്‍ ചവിട്ടുന്നത് വീട്ടുകാരും നാട്ടുകാരും അത്ഭുതത്തോടെയാണ് കണ്ടത്.
#WATCH: Kunal Shrestha, a Class 4 student from Imphal plays football with a single limb. #Manipur
— ANI (@ANI) November 10, 2020
"My son was born without a limb. I vowed to never let him feel different from his peers. He never exhibited low esteem. He learned to ride a bicycle on his own", says Kunal's mother pic.twitter.com/NTzyOWhX4e
'എനിക്ക് ഫുട്‌ബാള്‍ കളിക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, ആദ്യമൊക്കെ ബാലന്‍സ് ചെയ്യുന്നതിൽ പ്രശ്‌നങ്ങള്‍ നേരിട്ടതിനാൽ വീഴുമായിരുന്നു. വല്ലാത്ത നിരാശ തോന്നിയിരുന്നു അന്നൊക്കെ. പക്ഷേ ഇപ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്റെ കൂട്ടുകാര്‍ എനിക്ക് നല്ല പിന്തുണയും നൽകുന്നു. ഞാന്‍ ഉടന്‍ ഒരു ഗോള്‍ നേടും'- ആത്മവിശ്വാസത്തോടെ കുനാല്‍ പറയുന്നു.
കുനാലിൻ്റെ ഈ നേട്ടത്തിന് പിന്നിൽ അമ്മയുടെ പിന്തുണയുമുണ്ട്. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനല്ല എന്ന തോന്നല്‍ നിരന്തരം നല്‍കിയാണ് അമ്മ അവനെ വളര്‍ത്തിയത്. ഒരു കാല്‍ ഇല്ലെന്നത് ഒരു കുറവായി അവന് തോന്നരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അമ്മ വ്യക്തമാക്കുന്നു.
'അവന്‍ ജനിച്ചപ്പോള്‍ ഞാന്‍ ഒരു അമ്മയായിത്തീര്‍ന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എന്റെ കുട്ടി ഒരു കാലില്ലാതെയാണ് ജനിച്ചതെന്നറിഞ്ഞപ്പോള്‍ ദുഃഖിച്ചിരിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. കാരണം, അങ്ങിനെ ജനിക്കുന്നവർ പ്രത്യേക കുട്ടികളാണ്. അവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്താനാണെന്ന തോന്നല്‍ അവന് വരാതിരിക്കാന്‍ ഞാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു "- കുനാലിന്റെ അമ്മ പറയുന്നു.
പാനി പൂരി ഉണ്ടാക്കി വിറ്റാണ് അമ്മ അവനെ വളര്‍ത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ അമ്മയെ സഹായിച്ച് കുനാലും ഒപ്പമുണ്ട്. സമീപത്തെ വയലിലാണ് കുനാല്‍ കൂട്ടുകാർക്കൊപ്പം ഫുട്ബാള്‍ കളിക്കുന്നത്. സമപ്രായക്കാര്‍ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇരിക്കുമ്പോള്‍ അവന്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വച്ച് എല്ലായ്‌പ്പോഴും ഫുട്‌ബോളാണ് കാണാറുള്ളത്.
ഇന്ന് കുട്ടുക്കാരുടെ ഫുട്ബാൾ ടീമിന്‍റെ മധ്യനിരയിലെ കരുത്തുറ്റ താരം ആണ് കുനാൽ. തന്‍റെ ടീമിന്‍റെ മുന്നേറ്റനിരയിൽ കളിച്ച് സ്വന്തമായി ഒരു ഗോൾ നേടണമെന്നാണ് അവൻ്റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തിലും മിടുക്കന്‍ ആയതിനാൽ കുനാൽ ശ്രേഷ്ഠ സ്കൂളിലും താരമാണ്. അവൻ്റെ ഇഷ്ടതാരമാകട്ടെ സമീപ ഗ്രാമവാസിയും ബംഗളൂരു എഫ്.സിയുടെ കളിക്കാരനുമായ അജയ് ഛേത്രിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.