യു.എസ് ഒാപൺ വേദിക്കു പുറത്ത് മൈക്കും പിടിച്ച് ആരവമുയർത്തി ഒരു 'കട്ട ആരാധകൻ'
text_fieldsന്യൂയോർക്: കളിപോലെതന്നെ ആവേശകരമാണ് ഗാലറിയിലെ ചില കളിഭ്രാന്തന്മാരുടെ സാന്നിധ്യവും. പ്രിയപ്പെട്ട താരങ്ങൾക്കുവേണ്ടി ലോകംചുറ്റുന്ന കളിപ്രേമികൾ പുതുമയല്ല. എന്നാൽ, ഇവർക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കോവിഡ്.
കാണികളെയെല്ലാം പുറത്താക്കി കളി തുടങ്ങിയപ്പോൾ, ഗാലറിയിൽ ഇരിപ്പുറക്കാതെ ഞെരിപിരികൊള്ളുകയാണ് ഇവർ. വീട്ടിൽ ടെലിവിഷനു മുന്നിൽ ഇരിപ്പുറക്കാത്തവർ, മത്സരവേദികൾക്കു പുറത്തെത്തിയും സങ്കടം തീർക്കുന്നു. കളി കാണുന്നതിനേക്കാൾ അവർക്കിഷ്ടം പ്രിയപ്പെട്ട താരങ്ങൾക്ക് പ്രോത്സാഹനം നൽകലാണ്.
അങ്ങനെയൊരാളെ ന്യൂയോർക്കിലെ യു.എസ് ഒാപൺ ഗ്രാൻഡ്സ്ലാം വേദിയായ ബില്ലി ജീൻ കിങ് ടെന്നിസ് സെൻററിനു പുറത്തു കാണാം. പേര്, ജിയോവനി ബർടോച്ചി. മാൻഹാട്ടനിലെ പേരുകേട്ട ഇറ്റാലിയൻ റസ്റ്റാറൻറ് ഉടമ. ഇറ്റാലിയൻ ടെന്നിസ് താരങ്ങൾക്കിടയിലെ പ്രശസ്തനാണ് ബർടോച്ചി. പ്രധാന ടെന്നിസ് ചാമ്പ്യൻഷിപ്പുകളിെലല്ലാം ഇറ്റാലിയൻ താരങ്ങൾക്കു പിന്തുണയുമായി ബർടോച്ചിയെത്തും. കളിക്കാർക്കാവെട്ട ഇറ്റാലിയൻ വിഭവങ്ങളുടെ കേന്ദ്രമാണ് മാൻഹാട്ടനിലെ റസ്റ്റാറൻറ്.
ഇക്കുറി കോവിഡ് കാരണം കാണികൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ബർടോച്ചി പെട്ടു. പക്ഷേ, പ്രിയപ്പെട്ട താരങ്ങളെ കൈവിടാൻ അദ്ദേഹം തയാറായില്ല. യു.എസ് ഒാപണിൽ ഇറ്റാലിയൻ താരങ്ങൾ ഇറങ്ങുേമ്പാഴെല്ലാം മൈക്രോഫോണും സ്പീക്കറുമായി ബർടോച്ചി ഗേറ്റിനു പുറത്തെത്തും. കളി തുടങ്ങിയാൽ മൈക്രോഫോണിൽ ആരവങ്ങളുമായി അദ്ദേഹമുണ്ടാവും. ആരും തിരിച്ചറിഞ്ഞില്ലെങ്കിലും കോർട്ടിലിറങ്ങുന്ന ഇറ്റാലിയൻ താരങ്ങൾക്ക് ശബ്ദത്തിലൂടെതന്നെ ബർടോച്ചിയുടെ സാന്നിധ്യം തിരിച്ചറിയാം.
ബെരറ്റിനിയുടെ സൂപ്പർഫാൻ
ഇറ്റാലിയൻ ടോപ് സീഡും ലോക റാങ്കിങ്ങിലെ എട്ടാമനുമായ മറ്റിയോ ബെരറ്റിനിയാണ് ബർടോച്ചിയുടെ ഇഷ്ടതാരം. ശനിയാഴ്ച ബെരറ്റിനി മൂന്നാം റൗണ്ടിലും, ചൊവ്വാഴ്ച പ്രീക്വാർട്ടർ കളിച്ചപ്പോഴും ബർടോച്ചി ഗാലറിക്കു പുറത്തുണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമായി ബെരറ്റിനി കളിക്കുന്നയിടങ്ങളിലെല്ലാം ബർടോച്ചി പറന്നെത്താറുണ്ട്.
ഇരുവരും തമ്മിലെ കൂട്ടിനുമുണ്ടൊരു ഹൃദയബന്ധത്തിെൻറ കഥ. ടെന്നിസും നല്ല ഇറ്റാലിയൻ വിഭവങ്ങളും വിളമ്പുന്ന ബർടോച്ചിയുടെ ഹോട്ടൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തീപിടിത്തത്തിൽ നശിച്ചുപോയി. തൊട്ടുപിന്നാലെ കോവിഡ് വന്നതോടെ ഇൻഷുറൻസ് തുകവാങ്ങി ഹോട്ടൽ തുറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
ബർടോച്ചിയുടെ അവസ്ഥ ഇറ്റാലിയൻ ടെന്നിസ് ചുറ്റുവട്ടങ്ങളിലുമെത്തിയതോടെ പ്രിയപ്പെട്ട ആരാധകനുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ് ബെരറ്റിനിയും കൂട്ടരും. വൈകാതെ അമേരിക്കയിൽ മറ്റെവിടെയെങ്കിലും റസ്റ്റാറൻറ് തുറന്നുനൽകി തങ്ങളുടെ സൂപ്പർ ഫാനിനെ ചേർത്തുപിടിക്കാനുള്ള ശ്രമത്തിലാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.