'മുസ്‌ലിം ലൈവ്സ് മാറ്റർ' എന്നതും ലോകം പറയേണ്ടതുണ്ട് -ഓസിൽ
text_fieldsലണ്ടൻ: ബ്ലാക്ക് ലൈവ്സ് മാറ്റർ (കറുത്തവനും ജീവിക്കണം) എന്ന് പറയുന്നതുപോലെ തന്നെ മുസ്‌ലിം ലൈവ്സ് മാറ്റർ (മുസ്ലിമിനും ജീവിക്കണം) എന്ന് ലോകം പറയേണ്ടതുണ്ടെന്ന് ആഴ്സണൽ ഫുട്ബാൾ താരം മെസ്യൂത് ഒാസിൽ. ചൈനയിൽ ഉയിഗൂർ മുസ്ലിംങ്ങളെ പീഡിപ്പിക്കുന്നതിനെതിരായ തെൻറ പരാമർശങ്ങളെ പിന്തുണക്കുന്നതിൽ ആഴ്സണൽ പരാജയപ്പെട്ടതായും ഓസിൽ 'ദെ അത്ലറ്റിക്'ന് നൽകിയ അഭിമുഖത്തിൽ ഓസിൽ പറഞ്ഞു.
'മുസ്‌ലിം, ക്രിസ്ത്യൻ, ജൂതൻ, കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകട്ടെ, നിങ്ങളുടെ മതമോ നിറമോ ഇവിടെ പ്രസക്തമല്ല. എല്ലാവരും തുല്യരാണ്. ഞാൻ അന്ന് പറഞ്ഞത് ചൈനീസ് ജനതക്കെതിരെയല്ല. ഉയിഗൂർ മുസ്‌ലിംകളെ ദ്രോഹിക്കുന്നവരെയും അവരെ സഹായിക്കാത്ത മുസ്‌ലിം രാജ്യങ്ങളെയുമാണ് കുറ്റപ്പെടുത്തിയത്. ഗ്രൗണ്ടിലും പുറത്തും ഞാൻ ആഴ്സണലിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു. എന്നാൽ, ടീമിെൻറ ഭാഗത്തുനിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടില്ലെന്നായിരുന്നു ടീമിെൻറ പ്രതികരണം.
അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോൾ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന് പറഞ്ഞ് എല്ലാവരും പിന്തുണച്ചു. വളരെ ശരിയായിരുന്നുവത്. നാമെല്ലാവരും തുല്യരാണ്. ആളുകൾ അനീതിക്കെതിരെ പോരാടുന്നത് നല്ല കാര്യമാണ്. ധാരാളം കറുത്തവർ ആഴ്സണലിെൻറ കളിക്കാരും ആരാധകരുമായുണ്ട്. ക്ലബ് അവരെ പിന്തുണക്കുന്നത് അതിശയകരമാണ്.
അതുപോലെ തന്നെ ആഴ്സണലിന് ധാരാളം മുസ്‌ലിം കളിക്കാരും ആരാധകരുമുണ്ട്. അവരെകൂടി പിന്തുണക്കാൻ ടീം തയാറാകണം. മുസ്‌ലിം ലൈവ്സ് മാറ്റർ എന്നും ലോകം പറയേണ്ടത് പ്രധാനമാണ്' -ഓസിൽ പറഞ്ഞു.
സിൻജിയാങ്ങിൽ ഉയിഗൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് കഴിഞ്ഞവർഷമാണ് ജർമൻ ഫുട്ബാളർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. അഭിപ്രായപ്രകടനം നടത്തിയതിന് ടീം ഓസിലിനെ വിമർശിച്ചിരുന്നില്ല. എന്നാൽ, രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന ടീമിെൻറ നയം തുടരുമെന്ന് ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയിൽ ആഴ്സണൽ അറിയിച്ചിരുന്നു.
കോവിഡിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും പരിക്ക് കാരണം ഓസിലിന് ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തവർഷം കരാർ തീരുന്നത് വരെ ടീമിെൻറ കൂടെയുണ്ടാകുമെന്ന് ഓസിൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.