പറക്കും മിൽഖ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റിന് വിട
text_fieldsഹോക്കിയിലല്ലാതെ മറ്റൊന്നിലും ഇന്ത്യക്ക് ഒളിമ്പിക്സിൽ അംഗീകാരമില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. പിന്നീട് ഒളിമ്പിക്സിൽ വെങ്കലവും വെള്ളിയും സ്വർണംവരെ നേടിയ ഇന്ത്യക്കാരുണ്ടായി. പക്ഷേ, അതിനെക്കാളുമപ്പുറം ഇന്ത്യൻ കായികലോകം ഓർമയിൽ സൂക്ഷിച്ചിരുന്നത് കിട്ടാതെ പോയ ഒരു മെഡലായിരുന്നു. 1960 ലെ റോം ഒളിമ്പിക്സിലെ ആ സങ്കടത്തിെൻറ പേരായിരുന്നു 91ാം വയസ്സിൽ വിടപറഞ്ഞ മിൽഖാ സിങ്. അതിവേഗം, തീപിടിപ്പിച്ച ആ കാലുകൾ നോക്കി ലോകം അദ്ദേഹത്തിന് 'പറക്കും സിഖ്' എന്ന് ഓമനപ്പേരിട്ടു. റെക്കോഡുകളിൽ തിരുത്തലുകൾ വന്നെങ്കിലും ഇന്ത്യൻ അത്ലറ്റിക്സിലെ എക്കാലത്തെയും പ്രശസ്തനായ താരം മിൽഖാ സിങ് തന്നെയായിരുന്നു.
ഓട്ടം മിൽഖാ സിങ്ങിന് കായിക വിനോദമായിരുന്നില്ല; ജീവിതം തന്നെയായിരുന്നു. 15ാമത്തെ വയസ്സിൽ അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദപുരയിൽ നിന്ന് ജീവനും കൈയിൽപിടിച്ചായിരുന്നു ആദ്യ ഓട്ടം. കലാപകാരികളുടെ വെട്ടേറ്റു വീണ അച്ഛൻ മരിക്കുന്നതിനു തൊട്ടുമുമ്പ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ വാക്കുകളായിരുന്നു മിൽഖയുടെ ജീവിത ട്രാക്കിലെ ആദ്യ വിസിൽ 'ഭാഗ്... മിൽഖാ.. ഭാഗ്...' (ഓട് മിൽഖാ ഓട്...) എന്ന അച്ഛെൻറ അവസാന നിലവിളി കേട്ടു തുടങ്ങിയ ഓട്ടം... അച്ഛൻ സംപുരാൻ സിങ്ങും അമ്മ ചഹാലി കൗറും സഹോദരങ്ങളുമടക്കം കുടുംബത്തിലെ എട്ടു പേർ കൊലക്കത്തിക്കിരയാകുന്നതു കണ്ട് അക്രമികളുടെ കൊടുവാൾ മുനയിൽ നിന്ന് ഓടിയോടി ഒടുവിൽ എത്തിയത് ഡൽഹിയിൽ. സഹോദരി ഈശ്വരിക്കൊപ്പം.
സഹോദരിക്കും കുടുംബത്തിനും ശല്യക്കാരനായി മാറിയ ബാല്യം. പഠിക്കാൻ മഹാ ഉഴപ്പൻ. ഒടുവിൽ നേരേയാകാൻ പട്ടാളത്തിലാക്കി. അത് ജീവിതത്തിെൻറ ട്രാക്ക് മാറ്റമായിരുന്നു. സെക്കന്തരാബാദിൽ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു മിൽഖയെ നിയോഗിച്ചത്. ക്യാമ്പിലെ ഓട്ട മത്സരത്തിൽ ഒരു കപ്പ് പാലിനും മുട്ടക്കുമായി ഓടിത്തുടങ്ങിയ മിൽഖയിലെ പ്രതിഭയെ വൈകാതെ തിരിച്ചറിഞ്ഞതും ഇന്ത്യൻ കായിക താരമായി വളർന്നതും റോം ഒളിമ്പിക്സിൽ തലനാരിഴക്ക് മെഡൽ നഷ്ടമായതുമെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. കായിക രംഗത്തുനിന്നുതന്നെ ജീവിതപങ്കാളിയെയും കണ്ടെത്തി.
അതുകൊണ്ടായിരിക്കണം 2013 ൽ രാക്യേഷ് ഓംപ്രകാശ് മെഹ്റ മിൽഖയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചത്. 'ഭാഗ് മിൽഖാ ഭാഗ്' എന്നുതന്നെ ആ ചിത്രത്തിനു പേരും നൽകിയത്. ആക്ഷനും ത്രില്ലറും പ്രണയവും വിരഹുമെല്ലാമുള്ള ഒരു പക്കാജീവിതം... അതായിരുന്നു മിൽഖയുടേത്.
400 മീറ്ററിൽ മിൽഖ കുറിച്ച ഏഷ്യൻ റെക്കോഡ് 26 വർഷവും ദേശീയ റെക്കോഡ് 38 വർഷവും ഇളകാതെ നിന്നു. 1998ൽ പരംജിത് സിങ് ആ ദേശീയ റെക്കോഡ് തകർക്കുന്നതുവരെ മിൽഖയായിരുന്നു മധ്യദൂരത്തിലെ അതിവേഗക്കാരൻ. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണം. കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം.
ആദ്യ ഓട്ടത്തിൽ ജീവനായിരുന്നു പാരിതോഷികമായി കിട്ടിയതെങ്കിൽ പിന്നീടുള്ള എല്ലാ ഓട്ടങ്ങളിലും മെഡലുകൾ കഴുത്തിൽ മിന്നി. 80 ഓട്ടങ്ങളിൽ 77 ലും മെഡലണിഞ്ഞ സൗഭാഗ്യം മിൽഖക്കു മാത്രം സ്വന്തമായിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക താരം.
1962 ൽ പാകിസ്താനിൽ നടന്ന 200 മീറ്റർ മത്സരത്തിൽ ഏഷ്യയിലെ ഏറ്റവും മികച്ച താരമായിരുന്ന അബ്ദുൽ ഖലീഖിനെ പരാജയപ്പെടുത്തിയപ്പോൾ പാക് പ്രസിഡൻറ് അയൂബ് ഖാനായിരുന്നു 'പറക്കും സിഖ്' എന്ന് മിൽഖയെ വിശേഷിപ്പിച്ചത്. 1958 ൽ പത്മശ്രീ നൽകി രാജ്യം മിൽഖയെ ആദരിച്ചു.
ഓട്ടം നിർത്തിയപ്പോഴും കായിക രംഗത്തെ വിവാദങ്ങളുടെ പിന്നാലെയുള്ള ഓട്ടം മിൽഖ അവസാനിപ്പിച്ചിരുന്നില്ല. 1961ൽ അർജുന അവാർഡ് ഏർപ്പെടുത്തിയപ്പോൾ അധികൃതർ മിൽഖയെ തഴഞ്ഞു. 1999 ൽ ഗോൾഫ് താരമായ മകൻ ജീവ് മിൽഖക്ക് അർജുന അവാർഡ് നൽകിയ അധികൃതർ 2001 ൽ മിൽഖാ സിങ്ങിന് അത് പ്രഖ്യാപിച്ചപ്പോൾ തന്നെ അപഹസിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അതുകൊണ്ടുതന്നെ അവാർഡ് നിരസിക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.
91 വർഷം നീണ്ട മിൽഖയുടെ ഓട്ടത്തിന് വെള്ളിയാഴ്ച രാത്രി വിധി അന്തിമ വിസിൽ മുഴക്കി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. അഞ്ചു ദിവസം മുമ്പായിരുന്നു ഭാര്യയും മുൻ വോളിബാൾ താരവുമായ നിർമൽ കൗറിനെ കോവിഡ് അപഹരിച്ചത്. കാലമെത്ര കഴിഞ്ഞാലും മിൽഖ ഓർമകൾക്കു മീതെ പറന്നുകൊണ്ടേയിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.