അമ്പാട്ടി റായുഡു=മിനിമം ഗാരന്റി
text_fieldsമുംബൈ: ഒരു ഘട്ടത്തിൽ കളി കൈവിട്ടെന്ന് പഞ്ചാബ് ഉറപ്പിച്ചതായിരുന്നു. അത്രയും ഭീകരമായിരുന്നു അമ്പാട്ടി റായുഡുവിന്റെ സംഹാരതാണ്ഡവം. അവസാനം 11 റൺസിന് ചെന്നൈ തോറ്റെങ്കിലും ക്രിക്കറ്റ് പ്രണയികൾ എന്നും ഓർത്തുവെക്കുന്ന ഉജ്ജ്വലമായ ഒരിന്നിങ്സായിരുന്നു അമ്പാട്ടി റായുഡു വാംഖഡെയിൽ തിങ്കളാഴ്ച കാഴ്ചവെച്ചത്.
188 റൺസെന്ന ലക്ഷ്യത്തിനു മുന്നിൽ കൂട്ടുകാരൊക്കെ പതറിയപ്പോഴും റായുഡു ഒറ്റയ്ക്ക് പട നയിച്ചു. വെറും 39 പന്തിൽ 78 റൺസ്. ഏഴ് ബൗണ്ടറികൾ. ആറ് സിക്സറുകൾ. സ്ട്രൈക് റേറ്റ് 200. സന്ദീപ് ശർമയുടെ ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുകളും ഫോറുമടക്കം 22 റൺസ്.
റായുഡുവിന്റെ ഓരോ ഷോട്ടിലും ചെന്നൈ വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ അടുത്തുകൊണ്ടിരുന്നു. റായുഡുവിന്റെ പടയോട്ടത്തിനു മുന്നിൽ പഞ്ചാബ് ഏറക്കുറെ തോൽവി സമ്മതിച്ച മട്ടിലായിരുന്നു. പക്ഷേ, ലെഗ്സ്റ്റംപിനു പുറത്ത് യോർക്കർ ലെങ്ത്തിൽ പിച്ച് ചെയ്ത കഗീസോ റബാദയുടെ പന്ത് പാഡിൽതട്ടി വഴിതെറ്റി സ്റ്റംപ് ഇളക്കുമ്പോൾ പഞ്ചാബ് ജയം മണത്തു.
ഫീൽഡിങ്ങിനിടയിൽ മായങ്ക് അഗർവാളിന്റെ ഷോട്ട് ഫീൽഡ് ചെയ്യുന്നതിനിടയിൽ പരിക്കേറ്റ് ഡ്രസിങ് റൂമിലേക്ക് പോയ റായുഡുവാണ് ബാറ്റുമെടുത്തിറങ്ങിയപ്പോൾ ബൗളർമാരെ പറപറപ്പിച്ചതെന്നത് അവിശ്വസനീയമായി. അമ്പാട്ടി റായുഡുവിന് ഇപ്പോൾ 37ാമത്തെ വയസ്സാണ്. അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ നേരത്തെ പ്രഖ്യാപിച്ചും കഴിഞ്ഞതാണ്. പക്ഷേ, ഐ.പി.എല്ലിൽ ഇപ്പോഴും 'മിനിമം ഗാരന്റി'യാണ് റായുഡുവിന്റെ പ്രത്യേകത.
എക്കാലവും വൻതാരങ്ങളുടെ നിഴലിലായിപ്പോയ കരിയറായിരുന്നു അമ്പാട്ടി റായുഡുവിന്‍റേത്. ഏതു ഘട്ടത്തിലും അസാമാന്യമായ ഷോട്ടുകളുതിർക്കാനുള്ള അയാളുടെ കഴിവ് വല്ലപ്പോഴും മാത്രമെ അംഗീകരിക്കപ്പെട്ടുള്ളൂ. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ റായുഡു 16ാമത്തെ വയസ്സിൽ സംസ്ഥാനത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചാണ് പേരെടുത്തത്. തുടർന്ന് ഇന്ത്യ എ ടീമിൽ ഇടംപിടിച്ച റായുഡു 2004 ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്, ആർ.പി.സിങ് എന്നിവരായിരുന്നു അന്ന് റായുഡുവിന് കീഴിൽ കളിച്ച ഇന്ത്യൻ താരങ്ങൾ.
കപിൽ ദേവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റിലെ വിമത ലീഗായി അറിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കരാർ ഒപ്പിട്ടതായിരുന്നു റായുഡുവിന് പറ്റിയ ഏറ്റവും വലിയ പിഴ. സഹകളിക്കാർ ഇന്ത്യൻ ടീമിലേക്ക് കയറിപ്പോയപ്പോൾ അവർക്കൊത്തതോ അതിനുമപ്പുറമോ പ്രതിഭയുണ്ടായിരുന്ന അമ്പാട്ടി റായുഡുവിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു ഇന്ത്യൻ ടീമിലെത്താൻ. അതിന് സഹായിച്ചത് ഐ.പി.എല്ലിലെ സ്ഥിരതയാർന്ന പ്രകടനമായിരുന്നു. ടീമിലെത്തിയെങ്കിലും കളത്തിലിറങ്ങാൻ അപൂർവമായേ അവസരങ്ങളും കിട്ടിയുള്ളൂ.
55 ഏകദിനങ്ങൾ ഇന്ത്യക്കായി കളിച്ച റായുഡു 47 റൺസ് ആവറേജിൽ 1694 റൺസ് നേടി. അതിൽ മൂന്ന് സെഞ്ച്വറിയും 10 അർധ സെഞ്ച്വറികളുമുണ്ടായിരുന്നു. ആറ് ട്വന്റി 20 ഇന്ത്യക്കായി കളിച്ചു. 2019 ലോകകപ്പിൽ റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ ടീമിലെടുത്തതിലുള്ള പ്രതിഷേധം റായുഡു തുറന്നടിക്കുകതന്നെ ചെയ്തു. ക്രിക്കറ്റിൽ ഗോഡ്ഫാദർമാരില്ലാതെ പോയതാണ് റായുഡുവിന് തിരിച്ചടിയായത്. അത്യാവശ്യം ബൗൾ ചെയ്യുന്ന വേണ്ടിവന്നാൽ വിക്കറ്റ് കീപ്പറുമാകുന്ന റായുഡു ഏകദിനത്തിൽ മൂന്നു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീട നേട്ടങ്ങളിൽ റായുഡുവിനും നിർണായക പങ്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.