ജഴ്സി ഉയർത്തി അറ്റ്സുവിന് ഗോൾ സമർപ്പിച്ച് ഖുദുസ്; മഞ്ഞക്കാർഡ് കാണിക്കാതെ റഫറി
text_fieldsആംസ്റ്റർഡാം: തുർക്കിയ ഭൂകമ്പത്തിൽ മരിച്ച ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സുവിന് കളിക്കിടെ ആദരമർപ്പിച്ച് സഹതാരം മുഹമ്മദ് ഖുദുസ്. ഗോൾ നേടിയശേഷം ജഴ്സി ഉയർത്തി ഉൾവസ്ത്രത്തിലെ സന്ദേശം കാണിക്കുന്നത് മഞ്ഞക്കാർഡിന് അർഹമാണെങ്കിലും അതിന് തയാറാകാതെ ദുഃഖത്തിൽ പങ്കുചേർന്ന് റഫറി പോൾ വാൻ ബോകൽ. ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അറീനയിൽ നടന്ന ഡച്ച് എറെഡിവിസെയിൽ അയാക്സ്-സ്പാർട്ട് റോട്ടർഡാം മത്സരത്തിനിടെയാണ് ഹൃദ്യമായ രംഗങ്ങൾ.
അയാക്സ് 4-0ത്തിന് ജയിച്ച കളിയിൽ 84ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നായിരുന്നു ഖുദുസിന്റെ ഗോൾ. സ്കോർ ചെയ്തയുടൻ ജഴ്സി തലക്കുമുകളിലൂടെ ഉയർത്തി ഉൾവസ്ത്രത്തിലെ ‘ആർ.ഐ.പി അറ്റ്സു’ സന്ദേശം കാണിച്ച ഖുദുസ് മുട്ടുകുത്തി കൈകൾ മുകളിലേക്കുയർത്തി. ഗോൾ ആഘോഷിക്കാൻ എത്തിയ സഹതാരങ്ങളും ഖുദുസിന്റെ വികാരത്തിൽ പങ്കുചേർന്നു. സാധാരണഗതിയിൽ ജഴ്സിയൂരിയുള്ള ഗോളാഘോഷം കഴിഞ്ഞെത്തിയാൽ റഫറിയുടെ മഞ്ഞക്കാർഡാണ് താരങ്ങളെ കാത്തിരിക്കുക. എന്നാൽ, വാൻ ബോകൽ അതിനു തുനിഞ്ഞില്ല. മാത്രമല്ല, ആശ്വാസവാക്കുകൾ പറയുകയും ചെയ്തു. ‘ഇത് ഫുട്ബാളിനപ്പുറമാണെന്നും ജീവിതത്തെയും മരണത്തെയുംകുറിച്ചാണെന്നും റഫറി മനസ്സിലാക്കി. അതിൽ നന്ദിയുണ്ട്. അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നുന്നു’ എന്നായിരുന്നു ഖുദുസിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.