കിനാക്കളുടെ കടലും ചാടി ദ്വീപിൽനിന്ന് അവളൊരുത്തി
text_fieldsതേഞ്ഞിപ്പലം: ഡിസംബർ 17ന് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് ദുബീന ബാനു, മക്കളായ മുബസ്സിനയെയും മുസൈനയെയും കൂട്ടി എം.വി ലഗൂണ്‍ കപ്പല്‍ കയറി. രണ്ടുപേരുടെ ലക്ഷ്യസ്ഥാനം കൊച്ചിയായിരുന്നു. ഒരാളുടേത് കവരത്തിയും. മുസൈനയെ എൽ.എസ്.ജി മീറ്റിനായി കവരത്തിയിലിറക്കി കടലോളം സ്വപ്നങ്ങളുമായി മുബസ്സിനയും ദുബീനയും യാത്ര തുടർന്നു.
ഉപ്പ മുഹമ്മദിനും ഉമ്മക്കും കഴിയാതെപോയത് നേടിക്കൊടുക്കണമെന്ന മോഹം മുബസ്സിന ഉള്ളിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. സംസ്ഥാന ജൂനിയർ മീറ്റിെൻറ മൂന്നാം ദിനമായ ബുധനാഴ്ച അണ്ടർ 16 ലോങ് ജംപിൽ (5.90 മീ.) കോഴിക്കോടിനും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്കും റെക്കോഡോടെ സ്വർണം നേടിക്കൊടുത്താണ് മുബസ്സിന വരവ് ഗംഭീരമാക്കിയത്. ഗാലറിയിലിരുന്ന് കൈയടിച്ച് ദുബീനയും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല ദേശീയ അത്ലറ്റിക് മീറ്റിൽ മുബസ്സിന ലോങ് ജംപിൽ നേടിയ വെങ്കല മെഡലിലൂടെ പിറന്നതും ചരിത്രമായിരുന്നു- അത്ലറ്റിക് മീറ്റിൽ ദ്വീപുകാരുടെ ആദ്യ ദേശീയ മെഡലായി അത് വാഴ്ത്തപ്പെട്ടു.
കായികരംഗത്ത് കേരളത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കാണിക്കുന്ന ഉത്സാഹം അനുഭവിച്ചറിഞ്ഞ മുബസ്സിന മാതാപിതാക്കളോട് ഒരാഗ്രഹം പറഞ്ഞു. ഇവിടത്തെ ഏതെങ്കിലുമൊരു സ്കൂളിൽ പഠിച്ച് സ്പോർട്സിൽ കൂടുതൽ ശ്രദ്ധിക്കണം. കായികതാരമാകണമെന്ന് ചെറുപ്പത്തിൽ വല്ലാതെ ആശിച്ച ഉമ്മക്കും കുട്ടിക്കാലത്ത് ലക്ഷദ്വീപിലെ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിയ ഉപ്പക്കും നൂറു സമ്മതം.
അങ്ങനെയാണ് ഒമ്പത് മാസം മുമ്പ് പുല്ലൂരാംപാറ സ്കൂളിലും മലബാർ അക്കാദമിയിലും ചേർന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദുബീന. ഹെക്സാത്തലനിലും സ്വർണത്തിലേക്കുള്ള കുതിപ്പിലാണ്. ദക്ഷിണ മേഖല മീറ്റിൽ വെങ്കലത്തിന് പുറമെ ജാവലിൻ ത്രോയിലും ബാൾ ത്രോയിലും സ്വർണവും നേടി ദ്വീപിന്റെ അഭിമാനമുയർത്തിയിരുന്നു.
2020ൽ തൃശൂരിന്റെ ശിവപ്രിയ (5.68 മീ.) നേടിയ റെക്കോഡാണ് മുബസ്സിനയുടെ ഒറ്റച്ചാട്ടത്തൽ ഇല്ലാതായത്. ഒമ്പതാം ക്ലാസ് വരെ മിനിക്കോയ് ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. കവരത്തിയിലെ അഹമ്മദ് ജവാദ് ഹസന് കീഴിലായിരുന്നു പരിശീലനം. ലക്ഷദ്വീപിലെ മീറ്റുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഈയിടെ കോഴിക്കോട് ജില്ല മീറ്റിലും മുബസ്സിന മുഹമ്മദ് മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടി. സഹോദരി മിനിക്കോയ് ജെ.ബി.എസ് സ്കൂളിലെ ആറാംക്ലാസുകാരിയായ മുസൈന മുഹമ്മദ് 100 മീറ്റര്‍, ലോങ്ജംപ്, 600 മീറ്റര്‍, ബാള്‍ത്രോ എന്നീയിനങ്ങളിലാണ് കവരത്തിയില്‍ നടക്കുന്ന എല്‍.എസ്.ജി മീറ്റില്‍ പങ്കെടുക്കുന്നത്.
ആന്ത്രോത്ത് ദ്വീപുകാരിയായ ദുബീനയുടെ മാതൃഗൃഹം കണ്ണൂരാണ്. സഹോദരങ്ങളായ കാസിമും ശിഹാബുദ്ദീനും കോഴിക്കോട്ടുനിന്ന് വിവാഹം കഴിച്ചതോടെ കേരളവുമായുള്ള അടുപ്പം കൂടി. വ്യാഴാഴ്ച ദുബീനയും മുബസ്സിനയും ദ്വീപിലേക്ക് മടങ്ങും. പോകുന്ന വഴി കവരത്തിയിൽ ഇറങ്ങും. അവിടെ മെഡൽ ജേതാവിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.