Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
virat kohli
cancel
Homechevron_rightSportschevron_rightSports Specialchevron_rightപ്ലീസ് കോഹ്‍ലീ...,...

പ്ലീസ് കോഹ്‍ലീ..., ഒരേയൊരു സെഞ്ച്വറി..!

text_fields
bookmark_border
Listen to this Article

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ രണ്ടാം മത്സരത്തിന് പുണെ എം.സി.എ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വിരാട് കോഹ്‍ലി പാഡ് കെട്ടിയിറങ്ങിയപ്പോൾ ആരാധകരുടെ മനസ്സിലുണ്ടായിരുന്നത് രണ്ട് പ്രാർഥനകളായിരുന്നു. തൊട്ടുമുമ്പ് നടന്ന രണ്ടു കളികളുടെ ആവർത്തനമാകരുതേ ഈ മത്സരം എന്ന്. 2016 ആവർത്തിക്കണേ എന്നത് മറ്റൊരു പ്രാർഥന...

ലഖ്നോവിനും രാജസ്ഥാനും എതിരായ മത്സരത്തിൽ കോഹ്‍ലിക്ക് അക്കൗണ്ട് തുറക്കാനായില്ല. നേരിട്ട ആദ്യ പന്തുകളിൽതന്നെ വിക്കറ്റ് വീണുടഞ്ഞു. രാജസ്ഥാനെതിരെ കൂടി ഗോൾഡൻ ഡക്ക് ആകുന്നത് ചിന്തിക്കാനേ വയ്യായിരുന്നു...

ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ നാല് സെഞ്ച്വറി നേടിയ ഏകതാരം വിരാട് കോഹ്‍ലിയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഓപണറുടെ റോളിൽ 2016 സീസണിൽ നാല് സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയും അടക്കം 973 റൺസ്. ആരെയും മോഹിപ്പിക്കുന്ന സ്ട്രൈക് റേറ്റ്. 152.03. ശരാശരിയാകട്ടെ 81.08 റൺസ്. ഫോം കണ്ടെത്താനാവാതെ വലയുന്ന കോഹ്‍ലി വീണ്ടും ബാംഗ്ലൂരിന്റെ ഓപണറായി ഇറങ്ങിയപ്പോൾ 2016 ആവർത്തിക്കുമെന്നും രണ്ടു വർഷമായി നേരിടുന്ന സെഞ്ച്വറി വരൾച്ച അവസാനിക്കുമെന്നും പ്രതീക്ഷിച്ച ആരാധകർക്കും നിരാശയേകി വെറും ഒമ്പതു റൺസിന് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പുറത്തായി.

കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കോഹ്‍ലിയുടെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട്. എന്നിട്ടും, ആ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവൊന്നുമില്ലായിരുന്നു. ശരാശരിയിലും മികച്ചുനിന്നു. പക്ഷേ, കോഹ്‍ലിയിൽനിന്ന് അതൊന്നും പോരല്ലോ, സെഞ്ച്വറിതന്നെ വേണം... കാരണം കോഹ്‍ലി വെറും കോഹ്‍ലിയല്ല, കിങ് കോഹ്‍ലിയാണ്...

ഓരോ മത്സരത്തിലും ആരാധകർ കാത്തിരുന്നു. മികച്ച തുടക്കങ്ങൾ സെഞ്ച്വറിയാകാതെ പൊലിഞ്ഞു. ഇക്കുറി ഐ.പി.എൽ സീസണിലും മികച്ച തുടക്കമായിരുന്നു കോഹ്‍ലിയുടേത്. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ 41 റൺസെടുത്തു പുറത്താകാതെയായിരുന്നു തുടക്കം. പക്ഷേ, അടുത്ത രണ്ടു കളികളിൽ മങ്ങിപ്പോയ കോഹ്‍ലി മുംബൈക്കെതിരെ 48 റൺസടിച്ചു. അതിനുശേഷം സിംഗിൾപോലും എടുക്കാൻ വിഷമിക്കുന്ന കോഹ്‍ലിയെയാണ് കണ്ടത്. ചെന്നൈക്കെതിരെ ഒന്ന്. ഡൽഹിക്കെതിരെ 12. ലഖ്നോവിനും ഹൈദരാബാദിനും എതിരെ സംപൂജ്യൻ. ഏറ്റവും ഒടുവിൽ രാജസ്ഥാനെതിരെ ഒമ്പത്. ഇന്ന് ഉച്ചക്ക് 3.30ന് ബ്രാബോൺ സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ വിരാട് കോഹ്‍ലി ഫോമിലേക്ക് തിരിച്ചുവരണേ എന്ന പ്രാർഥനയിലാണ് ആരാധകർ.

ഏത് താരത്തിന്റെയും കരിയറിൽ ഇത്തരം താഴ്ചകൾ ഉണ്ടാകാമെന്ന് കോഹ്‍ലിതന്നെ സ്വയം സമാശ്വസിക്കാൻ ശ്രമിക്കുന്നുണ്ട്. കോഹ്‍ലി ഇടവേള എടുക്കണമെന്ന് രവിശാസ്ത്രിയെപോലുള്ളവർ ഉപദേശിക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്നിറങ്ങിയ കോഹ്‍ലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ നായകപദവിയും ഒഴിഞ്ഞ് ഭാരങ്ങൾ എല്ലാം ഒഴിവാക്കിയാണ് കളത്തിലിറങ്ങിയത്. പക്ഷേ, അപ്പോഴും 'കിങ് കോഹ്‍ലി' എന്ന വിശേഷണം ഒരു ഭാരമായിതന്നെ നിലനിൽക്കുന്നുണ്ട്. അതിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ, പഴയ കോഹ്‍ലിയായി മാറാൻ ഒരേയൊരു സെഞ്ച്വറി മതിയാകും കോഹ്‍ലിക്ക്. ബാംഗ്ലൂരിന്റെ മാത്രമല്ല, മുഴുവൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും അതാണ് ആവശ്യപ്പെടുന്നത്...

മൈതാനങ്ങളെ തീപിടിപ്പിച്ച, ഏത് വമ്പൻ സ്കോറും കൂസലില്ലാതെ പിന്തുടർന്ന ആ ബാറ്റ് ഒന്നുണരണം...

ഒരേയൊരു സെഞ്ച്വറി, പ്ലീസ് കോഹ്‍ലീ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliIPL 2022
News Summary - Please Kohli only one century
Next Story