എബിഡിയോട് ചോദിക്കുന്നു, എന്തിനാണിത്ര നേരത്തേ പടിയിറങ്ങിയത്?
text_fieldsഷാർജ: തിങ്കളാഴ്ച രാത്രിയിെല എബിഡി വെടിക്കെട്ട് കണ്ട് ക്രിക്കറ്റ് ലോകം ഏകസ്വരത്തിൽ ഒറ്റക്കാര്യമാണ് ചോദിച്ചത്.ആവനാഴിയിൽ ഇത്രയേറെ ആയുധങ്ങൾ ബാക്കിയാക്കി എന്തിനാണിത്ര നേരത്തേ കളം വിട്ടത്? ബൗളർമാർ മേധാവിത്വം സ്ഥാപിച്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ എബി ഡിവില്ലിയേഴ്സ് തകർത്താടിയത് കണ്ടപ്പോൾ എല്ലാവരും അതുതന്നെ ചോദിച്ചു.
ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞതു പ്രകാരമാണെങ്കിൽ പതിവായി കണ്ട വിക്കറ്റായിരുന്നില്ല ഷാർജയിലേത്. ''കളി പുരോഗമിക്കുന്തോറും ബാറ്റിങ് ദുഷ്കരമാവുകയായിരുന്നു. എബിഡി ഒഴികെ എല്ലാവരും ഇൗ വിക്കറ്റിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു'' -കോഹ്ലിയുടെ വാക്കുകൾ.
ഇൗ പിച്ചിലാണ് 33 പന്തിൽ ആറു സിക്സും അഞ്ചു ബൗണ്ടറിയുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം 73 റൺസ് അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിന് 82 റൺസിെൻറ തകർപ്പൻ ജയം സമ്മാനിച്ച പ്രകടനം കണ്ട് ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും ഡിവില്ലിയേഴ്സിെൻറ മടങ്ങിവരവിനായി കൊതിച്ചുപോയി.
''ഡിവില്ലിയേഴ്സിെൻറ കരുത്തിൽ ഒരു കുറവും വന്നിട്ടില്ല. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിെൻറ ഇന്നിങ്സ്. വിരമിക്കൽ തീരുമാനം മാറ്റി രാജ്യാന്തര ക്രിക്കറ്റിലേക്ക് നിങ്ങളുടെ തിരിച്ചുവരവ് ആവശ്യമാണ്'' -രവിശാസ്ത്രി പറയുന്നു. ഏഴു മത്സരങ്ങളിൽ മൂന്ന് അർധസെഞ്ച്വറിയുമായി 228 റൺസെടുത്ത് ബാംഗ്ലൂർ റൺ സ്കോറർമാരിൽ മൂന്നാം സ്ഥാനത്തുണ്ട്് ഇൗ 36കാരൻ.
2018 മേയിലായിരുന്നു ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. മിന്നും ഫോമിൽ നിൽക്കെയുള്ള വിടവാങ്ങൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കയുടെ 2019 ഏകദിന ലോകകപ്പ് പ്ലാനിൽ ടീമിെൻറ നെട്ടല്ലായി നിൽക്കെയായിരുന്നു എബിഡി കളി നിർത്താൻ തീരുമാനിച്ചത്.
ആരാധകരുടെയും സുഹൃത്തുക്കളുടെയും നിർബന്ധമുണ്ടായിട്ടും പിന്നീടൊരു തിരിച്ചുവരവിനെ കുറിച്ച് താരം ആലോചിച്ചില്ല. അടുത്തിടെ ട്വൻറി20 ലോകകപ്പ് വാർത്തകൾക്കിടെ ഉൗഹാപോഹങ്ങൾ വീണ്ടുമുയർന്നു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടർ ഗ്രെയിം സ്മിത്തും കോച്ച് മാർക് ബൗച്ചറും ഇത് ശരിവെച്ചെങ്കിലും എബിഡി ഇതുവരെ മിണ്ടിയിട്ടില്ല.
ഇതിനിടെയാണ് െഎ.പി.എൽ, ബിഗ്ബാഷ്, പാകിസ്താൻ സൂപ്പർ ലീഗ്, ദക്ഷിണാഫ്രിക്കൻ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ് തുടങ്ങി ട്വൻറി20 ലീഗുകളിൽ ഇടിവില്ലിയേഴ്സ് വെടിക്കെട്ടുകൾ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.