ബ്ലാസ്റ്റേഴ്സിലേക്ക് വരാത്തതിനുള്ള കാരണമിതാണ്...! വെളിപ്പെടുത്തലുമായി പോർച്ചുഗീസ് സൂപ്പർ സ്ട്രൈക്കർ
text_fieldsസ്പാനിഷ് സ്‌ട്രൈക്കർ ആല്‍വാരൊ വാസ്‌ക്വെസ് പോയ ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കണ്ണുവെച്ച പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കറായിരുന്നു റാഫേല്‍ ഗ്വിമിറെസ് ലോപ്പസ്. താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് കാര്യമായ ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ആദ്യവട്ട ചർച്ച നടന്നിരുന്നെങ്കിലും പിന്നീട് അതിൽ കാര്യമായ പുരോഗമനമുണ്ടായില്ല.
അതോടെ നിരാശരായ ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. താരത്തിന് ഹൈപ്പ് ലഭിക്കാനായി ഏജന്റിന്റെ പ്രവർത്തിയാണ് ബ്ലാസ്റ്റേഴ്സുമായുള്ള ചർച്ചയും മറ്റുമെന്ന് ആരാധകർ ആരോപിച്ചു. കൂടാതെ ആരാധകരുമായുള്ള ലോപ്പസിന്റെ ഇടപെടലുകളും ക്ലബ്ബിന് ഇഷ്ടമായില്ലെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വിവാദം :-
ട്വിറ്ററിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ലോപസ് സജീവമായി ഇടപഴകാറുണ്ടായിരുന്നു. ഏജന്റുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യവട്ട ചർച്ചക്ക് മുമ്പുതന്നെ പോർച്ചുഗീസ് താരം മഞ്ഞപ്പടയുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. വൈകാതെ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എന്തായാലും എത്തുമെന്ന ചർച്ചകൾ കൊഴുത്തു. എന്നാൽ, ജൂലായ് രണ്ടിന് ശേഷം താരം ട്വിറ്ററിൽ നിശബ്ദനായി, നാല് ദിവസത്തിന് ശേഷം, പരസ്പര സമ്മതത്തോടെ ലോപ്പസുമായുള്ള കരാർ അവസാനിപ്പിച്ചതായി മുൻ ടീമായ ലെഗിയ വാഴ്‌സോ പ്രഖ്യാപിച്ചു. 24 മണിക്കൂർ കഴിഞ്ഞ്, താരം AEK ലാർനാക്ക ടെക്‌നിക്കൽ ഡയറക്ടർ സാവി റോക്കയുമായി ഹസ്തദാനം ചെയ്ത റിപ്പോർട്ടാണ് മഞ്ഞപ്പട കാണുന്നത്. അതോടെ കാര്യങ്ങൾ കൈവിട്ടു. സമൂഹ മാധ്യമങ്ങളിൽ ലോപ്പസിനെതിരെ മഞ്ഞപ്പട രംഗത്തെത്തുകയും ചെയ്തു.
ആരാകരെ ശാന്തരാകുവിൻ...
എന്നാൽ, ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നടക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലോപ്പസ്. സ്‍പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിശദീകരണം അറിയിച്ചത്. പോളിഷ് ക്ലബ്ബായ ലെഗിയ വാഴ്‌സോക്ക് വേണ്ടി കളിക്കവേയാണ് റാഫേല്‍ ലോപ്പസുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തിയത്.
പ്രതിഫലം കൂടുതൽ ലഭിക്കുന്ന ഓഫറിന് വേണ്ടിയാണ് തങ്ങൾ ശ്രമിച്ചതെന്നും കേരള ബ്ലാസ്റ്റേഴ്സ് ഉയർന്ന ഓഫർ നൽകാൻ മുന്നോട്ട് വന്നില്ലെന്നും, ചർച്ച മുന്നോട്ട് പോകാതിരിക്കാനുള്ള പ്രധാന കാരണം അതാണെന്നും 31 കാരനായ ലോപ്പസ് പറഞ്ഞു. ''എനിക്ക് 31 വയസ് ആയി. ഒരു കുടുംബമുണ്ട്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സാമ്പത്തിക ഭദ്രത ആവശ്യമാണ്. എനിക്ക് പ്രായം കുറവായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമായിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ അന്തരീക്ഷം അനുഭവിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്നാൽ, കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്നുള്ളതാണ് പ്രധാനം - റാഫേല്‍ ലോപ്പസ് പറഞ്ഞു.
തനിക്ക് നേരെയുണ്ടായ വിവാദങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. 'എനിക്ക് ഹൈപ്പ് ഉണ്ടാക്കേണ്ട ആവശ്യമില്ല, വിവാദങ്ങൾ ആരൊക്കെയോ മനഃപ്പൂർവ്വം ഉണ്ടാക്കിയതാണ്. ഞാൻ ആരുമായും ഒരു കാര്യവും സംസാരിച്ചിട്ടില്ല. ഇനിയും കളിക്കളത്തിൽ തുടരാൻ വർഷങ്ങൾ മുന്നിലുണ്ട്. രാജ്യത്തിന് വേണ്ടിയും കളിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇതുവരെ കളിച്ച ക്ലബ്ബുകളുടെ ആരാധകർക്ക് എന്നെ ഒരുപാട് ഇഷ്ടവുമാണ് -അദ്ദേഹം പറഞ്ഞു.
''കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലഭിച്ച ഊർജ്ജം അനുഭവിക്കാനായി. അതൊരു പ്രത്യേക അനുഭവമായിരുന്നു. എന്നാൽ, മാധ്യമങ്ങളെ എപ്പോഴും വിശ്വസിക്കരുത് എന്നാണ് ആരാധകരോട് എനിക്ക് പറയാനുള്ളത്. . ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞതുപോലെ മാധ്യമങ്ങള്‍ക്ക് ആവശ്യം വിവാദങ്ങളാണ്'' - റാഫേല്‍ ലോപ്പസ് പറഞ്ഞു.
2011 ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് അപ്പ് ആയ പോര്‍ച്ചുഗല്‍ ടീമില്‍ അംഗമായിരുന്നു ലോപ്പസ്. നാപ്പോളിയുടെ ലെഫ്റ്റ് ബാക്ക് ആയ മാരിയൊ റൂയി, ആഴ്‌സണല്‍ ഡിഫെന്‍ഡര്‍ സെഡ്രിക് സൊവാരെസ്, പിഎസ്ജി മിഡ്ഫീല്‍ഡറായ ഡാനിലൊ പെരേര എന്നീ താരങ്ങളും അന്ന് ലോപ്പസിനൊപ്പം ടീമിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.