തലയെടുപ്പോടെ തലശ്ശേരിക്കാരൻ; താരമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചൂറിയൻ റിസ്വാൻ റഉൗഫ്
text_fieldsദുബൈ: ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് സ്റ്റമ്പുകളുയർന്ന കേരളക്കരയിലെ തലശ്ശേരി, യു.എ.ഇയുടെ മണ്ണിൽ ഇന്നലെ മറ്റൊരു ചരിത്രമെഴുതിച്ചേർത്തു.
തലശ്ശേരിക്കാരനായ യുവ ക്രിക്കറ്റ് താരം റിസ്വാൻ റഉൗഫിലൂടെയാണ് ക്രിക്കറ്റ് പിച്ചിൽ വലിയൊരു ചരിത്രപ്പിറവി നടന്നത്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യു.എ.ഇ ജയിച്ചുകയറുമ്പോൾ മലയാളി താരമായ റിസ്വാൻ തീർത്ത ഉജ്ജ്വല സെഞ്ച്വറിയായിരുന്നു അതിന് അകമ്പടിയായത്.
അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ ആറ് വിക്കറ്റ് നേട്ടത്തിൽ യു.എ.ഇ ടീം സ്വന്തമാക്കിയ വിജയത്തിൽ 136 പന്തിൽ അടിച്ചെടുത്ത 109 റൺസായിരുന്നു ഇൗ തലശ്ശേരിക്കാരെൻറ സംഭാവന. മാത്രമല്ല, മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഇൗ മലയാളി താരംതന്നെ സ്വന്തമാക്കി.
ജഴ്സി ഇന്ത്യയുടേതല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടുന്ന മലയാളി താരമെന്ന റെക്കോഡും വിക്കറ്റുകൾക്കിടയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച റിസ്വാൻ റഉൗഫ് നേടി. കണ്ണൂർ ജില്ലയിലെ തലശ്ശേരി സൈദാർ പള്ളി സ്വദേശിയായ റിസ്വാൻ രണ്ടുവർഷം മുമ്പാണ് യു.എ.ഇ ദേശീയ ടീമിൽ ഇടം നേടുന്നത്.
യു.എ.ഇയുടെ കുപ്പായത്തിൽ നേപ്പാളിനെതിരെയാണ് ഇൗ മലയാളി താരം ആദ്യമായി പാഡണിഞ്ഞത്. പിന്നീട് സിംബാബ്വെക്കെതിരെയും ഒമാനെതിരെയും ദേശീയ ടീമിൽ കളിച്ചു. അമേരിക്കയിലേക്കുള്ള പര്യടനത്തിനുള്ള തയാറെടുപ്പുകൾക്കിടെ കോവിഡ് വ്യാപനം വന്നതോടെ ടൂർ മുടങ്ങുകയായിരുന്നു.
'ജീവിതത്തിലെ ഏറ്റവും സുന്ദരമായ ചരിത്രനിമിഷം!' 2023 ലോകകപ്പിൽ യോഗ്യതക്കായി പൊരുതുന്ന യു.എ.ഇ ടീമിന് സെഞ്ച്വറി മികവിൽ ത്രസിപ്പിക്കുന്ന വിജയമൊരുക്കിയ റിസ്വാൻ റഉൗഫ് 'ഗൾഫ് മാധ്യമ'ത്തോട് നടത്തിയ ആദ്യം പ്രതികരണം ഇതായിരുന്നു. എന്നും പിന്തുണയുമായി കൂടെ നിന്ന കുടുംബത്തിനും പ്രോത്സാഹിപ്പിച്ച കൂട്ടുകാർക്കും അവസരമൊരുക്കിയ യു.എ.ഇ എന്ന മഹത്തായ രാജ്യത്തിനുമായി ഇൗ അനർഘനിമിഷം സമർപ്പിക്കുന്നു - റിസ്വാൻ റഉൗഫ് വികാരഭരിതനായി കൂട്ടിച്ചേർത്തു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ ജില്ല ടീമിൽ ഇടം നേടിയാണ് തലശ്ശേരിയിലെ ക്രിക്കറ്റ് മൈതാനത്ത് ചുവടുറപ്പിക്കുന്നത്. ലെഗ് സ്പിന്നറായി ബൗളിങ് നിരയിലായിരുന്നു അന്ന് സ്ഥാനം പിടിച്ചത്. പതിയെ ബാറ്റിങ്ങിലേക്ക് ചുവടുമാറുകയായിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് സ്കൂളിലെ പ്ലസ് ടു പഠനകാലത്ത് ഏതാണ്ട് എല്ലാ കാറ്റഗറികളിലും കേരള ടീമിലെ സ്ഥിരം സാന്നിധ്യമായി.
പിന്നാലെ കേരള രഞ്ജി ടീമിലും ലെഗ് സ്പിന്നറും ഓപണിങ് ബാറ്റ്സ്മാനുമായി ഇൗ തലശ്ശേരിക്കാരൻ സ്വന്തമിടം കണ്ടെത്തി. എൻജിനീയറിങ് പഠനത്തിന് ശേഷമാണ് റിസ്വാൻ യു.എ.ഇയിലെത്തുന്നത്.
സജീവമായ ആഭ്യന്തര ക്രിക്കറ്റുകളിലെ മിന്നും പ്രകടനം തന്നെയാണ് ദേശീയ ടീമിൽ ഇടം നേടാൻ സഹായകരമായത്. മുൻ ഇന്ത്യൻ താരം റോബിൻ സിങ് പരിശീലനം നൽകുന്ന യു.എ.ഇ ടീമിനു മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ; 2023ലെ വേൾഡ് കപ്പിൽ കളിക്കാൻ ഇടം നേടുക. അതിനുള്ള കഠിനപരിശ്രമത്തിൽ തന്നെയാണ് റിസ്വാൻ റഉൗഫും കൂട്ടുകാരും.
രാജ്യമാകെ നൽകുന്ന അഭിനന്ദനങ്ങളാൽ വീർപ്പുമുട്ടുമ്പോഴും സ്ഥിരതയാർന്ന പ്രകടനം തുടരാൻ കഴിയണമേ എന്ന പ്രാർഥന മാത്രമാണ് റിസ്വാൻ നടത്തുന്നത്. വിജയത്തിലും സെഞ്ച്വറി നേട്ടത്തിലും യു.എ.ഇ ക്രിക്കറ്റ് കൗൺസിൽ ഇൗ മലയാളിയെ പ്രത്യേകമായി അഭിനന്ദിച്ചു.
അബൂദബിയിൽ ഗംഭീരമായ പാർട്ടിയൊരുക്കിയാണ് റിസ്വാനോടും കൂട്ടുകാരോടും രാജ്യം നന്ദി അറിയിച്ചിരിക്കുന്നത്.
ദുബൈയിലെ ഇൗസ്റ്റേൺ എക്സ്പ്രസ് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന റിസ്വാൻ അബ്ദുറഉൗഫിെൻറയും നസ്റീൻ റഉൗഫിെൻറയും മകനാണ്. പിതാവും ദുബൈയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഉൗഫ്, വഫ റഉൗഫ് എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.