കാര്യവട്ടം വിളിച്ചുപറഞ്ഞു, സഞ്ജൂ, വീ മിസ് യൂ
text_fields''നാട്ടുകാരുടെ ഇത്രയും വികാരനിർഭരമായ പിന്തുണ എന്നെയും ഏറെ വികാരഭരിതനാക്കുന്നുണ്ട്. ഇവർക്കായി കാര്യവട്ടത്ത് എനിക്കും ഒരു മാച്ച് കളിക്കണമെന്നുണ്ട്. ആ മാച്ചിൽ നന്നായി കളിക്കാന്‍ സാധിക്കണേ എന്നാണ് ഇപ്പോഴുള്ള പ്രാർഥന''
-സഞ്ജു വി. സാംസൺ
തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ടീം ഇന്ത്യയുടെ റിസർവ് ബഞ്ചിൽ പോലും ഇരിക്കാൻ യോഗ്യതയില്ലെന്ന് ബി.സി.സി.ഐ വിധിയെഴുതിയ 27കാരൻ ഇന്നലെ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയത് ന്യൂസിലാൻഡ് എ ടീമിന്റെ ചിതാഭസ്മയുമായാണ്. കാര്യവട്ടത്ത് ഒഴുകിയെത്തിയ ജനസാഗരത്തിൽ മുന്നിൽ അയാളത് നിമജ്ജനം ചെയ്തു. സൂര്യനെ പാഴ്മുറം കൊണ്ട് മറക്കാന്‍ ശ്രമിച്ചവർക്കും അവഗണിച്ചുകൊണ്ട് തളർത്തികളായമെന്ന് കരുത്തിയവർക്കും മുന്നിൽ സഞ്ജു വി സാംസൺ വീണ്ടും തന്റെ ക്ലാസ് തെളിയിച്ചിരിക്കുന്നു. ഗ്രീൻഫീൽഡിൽ ഇന്ത്യൻ ബാറ്റിൽ നിന്ന് പന്തുകൾ മൂളി ഗാലറികളിലേക്ക് പറന്നപ്പോൾ കാര്യവട്ടം വിളിച്ചുപറഞ്ഞു ''സഞ്ജു, വീ മിസ് യു .'' മത്സരം കാണാൻ താരമെത്ത് അറിയിച്ചെങ്കിലും ഗ്രീൻഫീൽഡിലേക്ക സഞ്ജു വന്നില്ല. പക്ഷേ കാര്യവട്ടം ക്യാപ്ടനെ പ്രതീക്ഷിച്ചിരുന്നു.
അവഗണനയുടെയും നിർഭാഗ്യത്തിന്റെയും ആലയിൽ ചുട്ടുപഴുത്ത ഇരുമ്പിന്റെ പേരാണ് സഞ്ജു വിശ്വനാഥൻ സാംസൺ.
പാഡുകെട്ടിയ കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ അവഗണനയുടെ ക്രീസിലായിരുന്നു എന്നും സഞ്ജു. 13ാം വയസ്സു മുതൽ നേരിട്ട അവഗണനകളെയെല്ലാം തല്ലി ബൗണ്ടറിക്ക് പുറത്തുകളഞ്ഞാണ് ഈ തിരുവനന്തപുരത്തുകാരൻ വളർന്നത്. ആ വളർച്ച മനസ്സിലാക്കണമെങ്കിൽ രാജസ്ഥാൻ റോയൽസ് എന്ന ഐ.പി.എൽ ഫ്രാഞ്ചൈസി കഴിഞ്ഞ സീസണിൽ അയാൾക്കിട്ട വിലമാത്രം മതി. പക്ഷേ, സമകാലീനരായ യുവതാരങ്ങളിൽനിന്ന് ക്ലാസ് കൊണ്ട് ഒരു പടി മുകളിലാണെന്ന് താനെന്ന് തെളിയിച്ചിട്ടും നീലക്കുപ്പായത്തിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ വെള്ളം ചുമന്നുകൊണ്ടോടേണ്ടിവന്നവന്റെ ദുഃഖം ഇന്നും പുറത്തുകാണിക്കാതെ അയാളുടെ മനസ്സിലുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ ഇനി സഞ്ജുവിന് തെളിയിക്കാനൊന്നുമില്ല. ക്യാപ്റ്റനായും കീപ്പറായും ഓപണറായും ഫിനിഷറായും എന്തിന് ബൗണ്ടറി ലൈനുകളിൽ ഫിനിക്സ് പക്ഷിയായും അയാൾ മാറിയിട്ടുണ്ട്. പക്ഷേ, ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ കളിച്ച മത്സരങ്ങളുടെ ഇരട്ടിയോളം ഡഗ്ഔട്ടിൽ കാഴ്ചക്കാരനായി ഇരുന്ന് കളി കാണേണ്ടിവന്ന ഒരേയൊരു താരം ഒരുപക്ഷേ സഞ്ജുവായിരിക്കാം. എന്തുകൊണ്ട് തന്നെ ഒഴിവാക്കുന്നുവെന്ന ചോദ്യത്തിന് സഞ്ജുവിനെ ബോധ്യപ്പെടുത്തുന്ന ഉത്തരം നൽകാൻ നാളിതുവരെ ബി.സി.സി.ഐക്കോ പരിശീലകൻ രാഹുൽ ദ്രാവിഡിനോ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയം. അത്തരം അവഗണനയോടുള്ള പ്രതിഷേധംകൂടിയായിരുന്നു ഇന്നലെ ഗാലറിയിൽ ഉയർന്ന സഞ്ജുവിനുവേണ്ടിയുള്ള ആർപ്പുവിളികൾ. ഇന്ത്യൻ ടീമും ബി.സി.സി.ഐ ഭാരവാഹികളും കടന്നുവന്ന വഴിയോരങ്ങളിൽ അവർ അവനായി എഴുതി, 'ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും.'
പറയാൻ പേരിനുപോലും ഒരു ബാറ്റ്സ്മാൻ ഇല്ലാത്ത നാട്ടിൽനിന്ന് ഇന്ന് അയാൾ ദേശീയ ടീമിന്റെ രണ്ടാം പകരക്കാരുടെ ക്യാപ്റ്റനായിട്ടുണ്ടെങ്കിൽ അത് അയാൾ പോരാടി നേടിയെടുത്തതാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും ഒരു ഫൈറ്ററെപ്പോലെ ഇന്നും അയാൾ പോരാടുന്നു. വിരാട് കോഹ്ലി വിശേഷിപ്പിച്ചതുപോലെ 'എ ഫിയർലെസ് ക്രിക്കറ്റർ'. അതുകൊണ്ട് ഇനിയും വിമർശിക്കുക, അവഗണിക്കുക. അതെല്ലാം സഞ്ജുവിനെ കൂടുതൽ കരുത്തനാക്കി മാറ്റുകയേയുള്ളൂ. കാര്യവട്ടത്തെ ഫീൽഡിൽ ഇന്നലെ അയാൾ ഉണ്ടായില്ല, പക്ഷേ, സഞ്ജുവിന് മേൽ അടച്ചിട്ട വാതിലുകൾ ഒരിക്കൽ അയാൾക്കു മുന്നിൽ തുറന്നിടേണ്ടിവരും. കാരണം ട്വൻറി20 ക്രിക്കറ്റ് ഒരു കടൽപോലെയാണ്. തിരയാണ് അതിന്റെ ഭംഗി. ആ തിരയുണ്ടാക്കുന്നവരെ എത്രനാൾ ബി.സി.സി.ഐക്ക് പുറത്തിരുത്താനാകുമെന്ന് ചോദിച്ചുകൊണ്ടാണ് സഞ്ജുവിന്റെ ആരാധകർ ഗ്രീന്‍ഫീൽഡിന്റെ ക്രീസ് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.