വാന്‍ബാസ്റ്റന്‍ ഗോളിലെ വിജയ സന്തോഷം
text_fieldsമലപ്പുറം: 1991ലെ പാലക്കാട് സന്തോഷ് ട്രോഫി. ആദ്യമത്സരത്തിലെ ഗോൾരഹിത സമനിലയുടെ നിരാശയിലായിരുന്നു കേരള ക്യാമ്പ്. പാലക്കാട്ടെ അപ്പോഴത്തെ കാലാവസ്ഥ ആതിഥേയ താരങ്ങൾക്കുപോലും വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. അത് പ്രകടനത്തെയും ബാധിച്ചു.
രണ്ടാമത്തെ കളിയിൽ കേരളത്തിന്‍റെ എതിരാളികൾ ഒറീസ. 20 മിനിറ്റ് കഴിഞ്ഞുകാണും. റൈറ്റ് എക്സ്ട്രീമിൽ പന്തുമായി ഐ.എം. വിജയൻ കുതിച്ചെത്തുന്നു. കോർണർ ഫ്ലാഗിനരികിൽനിന്ന് കർവ് ചെയ്ത് വിജയന്‍റെ ക്രോസ്. ഇത് മുൻകൂട്ടിക്കണ്ട മുന്നേറ്റനിരക്കാരൻ പി.വി. സന്തോഷ് ശരവേഗത്തിലെത്തിയതും പന്ത് കണക്ട് ചെയ്തതും ഒരുമിച്ചായിരുന്നു. അവിശ്വസനീയം. സൈഡ് വോളിയിൽ പന്ത് കൃത്യമായി ഒറീസയുടെ വലയിൽ. ആദ്യ ഗോളിന്‍റെ ആഘോഷത്തിൽ കേരളം. ടീമിന്‍റെ വിജയഗോളായി അത് മാറിയപ്പോൾ മൂന്ന് പതിറ്റാണ്ടിനിപ്പുറം ഓർമകളുടെ സന്തോഷത്തിൽ വിജയനും സന്തോഷും. നെതർലൻഡ്സിന്‍റെ വിഖ്യാതതാരം മാർകോ വാന്‍ബാസ്റ്റന്‍ നേടിയ ഗോളിന് സമാനമായതെന്ന് അന്ന് മാധ്യമങ്ങൾ വാഴ്ത്തി.
തുടർച്ചയായ നാലാം ഫൈനൽ തോൽവിയാണ് പാലക്കാട്ട് കേരളത്തെ കാത്തിരുന്നത്. 1992ൽ കോയമ്പത്തൂരിൽ വി.പി. സത്യന്‍റെ സംഘത്തിലും സന്തോഷുണ്ടായിരുന്നു. വിജയനും യു. ഷറഫലിയും മോഹൻ ബഗാനിലേക്ക് മാറിയതിനാൽ ബംഗാൾ ടീമിന്‍റെ ഭാഗമായെത്തി. കേരളം-ബംഗാൾ സെമി ഫൈനൽ വിജയികളെ നിശ്ചയിച്ചത് സഡൻ ഡെത്തിലൂടെ. വിജയന്‍റെ കിക്ക് ഗോളി ശിവദാസൻ തടുത്തതോടെ കേരളം വീണ്ടും ഫൈനലിൽ. അന്ന് ജന്മനാടായ തൃശൂർ കോലോത്തുംപാടത്ത് നിന്നടക്കം ആളുകൾ കളി കാണാനെത്തിയത് വിജയൻ ഓർക്കുന്നു. അവർ ആർക്കൊപ്പം നിൽക്കണമെന്ന ധർമസങ്കടത്തിലായിരുന്നെന്ന് സന്തോഷ്. മൂന്ന് സന്തോഷ് ട്രോഫികളിൽ ഇരുവരും ഒരുമിച്ച് കേരള ജഴ്സിയണിഞ്ഞു. വിജയനെ ആദ്യമായി മലപ്പുറത്ത് കൊണ്ടുവന്നതും സന്തോഷായിരുന്നു. 1986ൽ മമ്പാട് എം.ഇ.എസ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു സന്തോഷ്. സെവൻസ് കളിക്കാനായിരുന്നു വിജയനുമായി വരവ്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്‍റെയും കോട്ടപ്പടിയിൽ ശൈഖ് മൂസയുടെയും വണ്ടൂരിൽ മുഅയ്മിന്‍റെയും വീടുകളിൽ താമസിച്ച് വിവിധ ടീമുകൾക്കുവേണ്ടി കളിച്ചു.
മലപ്പുറത്ത് എം.എസ്.പിയിൽ അസി. കമാൻഡൻറാണിപ്പോൾ വിജയൻ. തൃശൂർ തൃക്കൂർ സ്വദേശിയായ സന്തോഷ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. മകൻ ഗോകുൽ സന്തോഷ് കേരള പൊലീസ് ടീമിലുണ്ട്.
ടീം പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: മലപ്പുറത്ത് ഈ മാസം 16ന് തുടങ്ങുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് കോഴിക്കോട്ടാണ് പ്രഖ്യാപനം. രണ്ടാഴ്ചയായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് കോച്ചിങ് ക്യാമ്പിലെ താരങ്ങൾ. ബുധനാഴ്ച തന്നെ ടീം മലപ്പുറത്തേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.