തലയുയർത്തി ഓസീസ്; ഏങ്ങലടക്കി കീവീസ്
text_fieldsടാസ്മാനിയൻ കടലിന് ഉത്തരഭാഗത്ത് മെൽബൺ നഗരത്തിൽ ആർപ്പുവിളികൾ ഉയരുേമ്പാൾ ദക്ഷിണഭാഗത്ത് ക്രൈസ്റ്റ് ചർച്ച് വീണ്ടുമൊരിക്കൽക്കൂടി നിശ്ശബ്ദമായി ഉറങ്ങാൻ കിടക്കുകയായിരുന്നു. ട്വൻറി20 ലേകകപ്പിൽ കന്നി മുത്തമാണെങ്കിലും മെൽബണിലെ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഹെഡ്ക്വാർട്ടേഴ്സിൽ കിരീടങ്ങൾക്ക് കുറവൊന്നുമില്ല. അഞ്ചുലോകകപ്പും രണ്ട് ചാമ്പ്യൻസ് ട്രോഫിയും വെട്ടിത്തിളങ്ങുന്ന അലമാരയിലേക്ക് മറ്റൊരു തിളക്കം കൂടി. ക്രൈസ്റ്റ് ചർച്ചിലെ ക്രിക്കറ്റ് ആസ്ഥാനത്ത് അതല്ല സ്ഥിതി. ഒരു ചാമ്പ്യൻസ് ട്രോഫിയും ഈ വർഷം മാത്രമെത്തിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പും മാത്രമാണ് ഷോകേസിലിരിക്കുന്നത്. ആറുവർഷത്തിനിടയിൽ രണ്ട് ഏകദിന ലോകകപ്പും ഒരു ട്വൻറി20 ലോകകപ്പും അടക്കം മൂന്നുകനപ്പെട്ട കിരീടങ്ങളാണ് കലാശപ്പോരിൽ കൈവിട്ടത്.
കങ്കാരു വിജയം
ടൂർണമെൻറിന് ആരവങ്ങളുയരുേമ്പാൾ കിരീട ഫേവറിറ്റുകളിൽ ആസ്ട്രേലിയയെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. ഇംഗ്ലണ്ടിനും ഇന്ത്യക്കും ന്യൂസിലൻഡിനും പാകിസ്താനും ശേഷം മാത്രം എണ്ണിയിരുന്ന ടീം. റാങ്കിങ്ങിൽ ആറാമതായിരുന്ന ആസ്ട്രേലിയ ട്വൻറി20യിലെ അതിദയനീയമായ പ്രകടനങ്ങളുടെ പാപഭാരത്തിലാണ് ലോകകപ്പിെനത്തിയത്. ടൂർണമെൻറിന് തൊട്ടുമുമ്പ് ബംഗ്ലാദേശിനോടും വെസ്റ്റിൻഡീസിനോടും 4-1നു പരമ്പര ഏകപക്ഷീയമായിത്തോറ്റു. അതിനുമുമ്പ് ന്യുസിലൻഡിനോട് 3-2നും സ്വന്തം നാട്ടിൽ ഇന്ത്യയോട് 2-1നും വീണു.
ക്യാപ്റ്റൻ ആരോൺ ഫിഞ്ചും പ്രധാന ബാറ്റ്സ്മാൻമാരായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും മോശം ഫോമിൽ. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് അടക്കമുള്ള തീപ്പൊരി ബൗളർമാരുടെ കാര്യവും അത്ര പന്തിയിലായിരുന്നില്ല. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുഞ്ഞൻ സ്കോറിന് മുന്നിൽ വിറച്ചുജയിച്ചുതുടങ്ങിയ കങ്കാരുക്കൾ ഇംഗ്ലണ്ടിന് മുന്നിൽ തകർന്നടിഞ്ഞതോടെ പരമാവധി സെമിക്കപ്പുറം പോകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, വിജയം അനിവാര്യമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിൻഡീസിനെയും സെമിയിൽ പാകിസ്താനെ വീറോടെ വീഴ്ത്തിയും ഓസീസ് കലാശപ്പോരിൽ ഫേവറൈറ്റുകളായി. ഫൈനലിൽ ടോസ് ജയിച്ചപ്പോഴേ പാതി ജയിച്ച ഓസീസ് മറുപടി ബാറ്റിങ്ങിൽ കിവി ബൗളർമാരെ നിലം തൊടാതെ പറത്തിയാണ് ക്രിക്കറ്റ് ലോകത്തെ ഒരിക്കൽക്കൂടി മഞ്ഞയിൽ കുളിപ്പിച്ചത്.
2015 ലോകകപ്പ് കിരീടം മാറ്റിനിർത്തിയാൽ ആസ്ട്രേലിയൻ ക്രിക്കറ്റിെൻറ ഏറ്റവും മോശം പതിറ്റാണ്ടിലൂടെയാണ് ടീം കടന്നുപോരുന്നത്. അതിനിടയിൽ മുത്തമിട്ട കിരീടത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന തിരിച്ചറിവ് കങ്കാരുക്കളുടെ ആഘോഷത്തിൽതന്നെ വ്യക്തം. മോശംഫോമിനെച്ചൊല്ലി ഐ.പി.എല്ലിൽനിന്നും പടിക്ക് പുറത്താക്കിയതിെൻറ അരിശം അതേ മണ്ണിൽതന്നെ തീർത്ത ഡേവിഡ് വാർണർ, പരമ്പരയിലുടനീളം ഉജ്ജ്വലമായി പന്തെറിഞ്ഞ ആദം സാംപ, സെമിയിൽ ഹെർക്കുലീസായ മാത്യു വെയ്ഡ് എന്നിവരോട് കോച്ച് ജസ്റ്റിൻ ലാംഗറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും നന്ദിപറഞ്ഞിട്ടുണ്ടാകണം. കിരീടത്തിളക്കത്തിെൻറ ബലത്തിൽ തങ്ങളുടെ ആയുസ്സ് നീട്ടിക്കിട്ടുമെന്ന് കൂടി ലാംഗറും ഫിഞ്ചും കിനാവ് കാണുന്നുണ്ട്.
കിവിക്കണ്ണീർ
ടെസ്റ്റ് ചാമ്പ്യൻഷിപ്പിനൊപ്പം കുട്ടിക്രിക്കറ്റിെൻറ ലോക കിരീടം കൂടി നാട്ടിലെത്തിച്ച് കുഞ്ഞൻരാഷ്ട്രത്തെ ഉന്മാദത്തിലാക്കാനുള്ള മോഹനഷ്ടത്തിെൻറ വേദനയിലാണ് ന്യൂസിലൻഡ്. പതിവുപോലെ അമാനുഷിക താരങ്ങളില്ലാതെ സന്തുലിതമായ ടീമുമായി കളിക്കാനെത്തിയ ന്യൂസിലൻഡിന് പാകിസ്താനെതിരായ ആദ്യമത്സരത്തിനു ശേഷം എല്ലാം ശരിയായി വന്നതായിരുന്നു. നിർണായക മത്സരങ്ങളിൽ ഇന്ത്യയെയും അഫ്ഗാനെയും തോൽപ്പിച്ച് സെമിയിലെത്തിയ കിവികൾ അതിശക്തരായ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഏകദിന ലോകകപ്പ് നഷ്ടത്തിന് മധുരപ്രതികാരംവീട്ടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയിട്ടും കുലുങ്ങാതെ കെയ്ൻ വില്യംസൺ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്വൻറി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് കിവീസ് കുറിച്ചത്.
ബാക്കി ജോലി ട്രെൻറ് ബോൾട്ടും കൂട്ടരും ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ടിം സൗത്തിയും ഇഷ് സോധിയുമെല്ലാം തല്ല് ഇരന്നു വാങ്ങുേമ്പാൾ നിരായുധനായി നോക്കി നിൽക്കാനേ വില്യംസണിനായുള്ളൂ. കിരീട നഷ്ടത്തിനു ശേഷം പതിവുശൈലിയിൽ പുഞ്ചിരിച്ച മുഖവുമായി വില്യംസൺ നടന്നുനീങ്ങിയെങ്കിലും പതിവിലധികം ഭാരം ആ മുഖത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.