യൂസുഫ് ഖാൻ പത്താൻ; ഇടിവെട്ടി പോയൊരു മിന്നൽ
text_fields2010 ഡിസംബർ ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിെൻറ ഗാലറിയുടെ മുകൾപടവിലേക്ക് പ്രവീൺ കുമാറിനെ ന്യൂസിലൻഡുകാരൻ ബ്രണ്ടൻ മക്കല്ലം അടിച്ചിറക്കുമ്പോൾ അതുപോലൊരു സിക്സർ ഇന്ത്യക്കുവേണ്ടി ആരെങ്കിലും അടിച്ചെങ്കിൽ എന്ന് ആരാധകർ കൊതിച്ചുപോയിരുന്നു.
കിവികൾ നീട്ടിയ 316 റൺസിെൻറ കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ഇന്ത്യൻ മുൻനിര തകർന്നുവീണ് തോൽവിക്ക് തയാറെടുക്കുമ്പോൾ ആറാമനായി അയാൾ ക്രീസിലെത്തി. 39ാമത്തെ ഓവറിൽ മക്കല്ലത്തിനു മറുപടി പിറന്നു. കെയ്ൽ മിൽസിെൻറ പന്ത് പോയി വീണത് സ്റ്റേഡിയത്തിന് പുറത്ത് കബ്ബൺ റോഡിൽ.
അതായിരുന്നു യൂസുഫ് ഖാൻ പത്താൻ എന്ന കൂറ്റൻ. ക്രിക്കറ്റിെൻറ മുഴുവൻ കോലങ്ങളിൽ നിന്നും യൂസുഫ് പത്താൻ യാത്രപറയുന്നത് കളിക്കളങ്ങളെ ത്രസിപ്പിച്ച ഒട്ടേറെ ഉജ്ജ്വല നിമിഷങ്ങളെ ഓർമയിൽ സൂക്ഷിക്കാനേൽപ്പിച്ചാണ്.
ഇന്ത്യ സ്വന്തമാക്കിയ ആദ്യ ട്വൻറി 20 ലോകകപ്പിെൻറ ഫൈനൽ ആയിരുന്നു യൂസുഫിെൻറ അരങ്ങേറ്റ മത്സരം. അത്തരമൊരു വമ്പൻ മത്സരത്തിൽ അരങ്ങേറുന്ന അപൂർവ റെക്കോഡ്. ബറോഡയിലെ പള്ളിമുറ്റത്ത് കളിച്ചുവളർന്ന യൂസുഫിനു മുമ്പുതന്നെ അനുജൻ ഇന്ത്യൻ ടീമിലെത്തിയിരുന്നു.
പക്ഷേ, പത്താൻ വീട്ടിൽ ഇങ്ങനെയൊരു സ്ഫോടക വസ്തുവിരിക്കുന്ന വിവരം ആ ലോകകപ്പ് ൈഫനലിലാണ് തിരിച്ചറിഞ്ഞത്. എട്ട് പന്തിൽ 15 റൺസെടുത്ത് തെൻറ വരവറിയിച്ച പത്താന് പക്ഷേ, പിന്നീടൊരിക്കലും ഓപണറുടെ കുപ്പായം കിട്ടിയില്ല.
2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപോലും കളിക്കാനുമായില്ല. പക്ഷേ, സചിൻ ടെണ്ടുൽകറെ തോളിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ച യൂസുഫ് പത്താനായിരുന്നു ആ ലോകകപ്പ് വിജയത്തിനിടയിലെ ഏറ്റവും മനോഹരമായ കാഴ്ച.
ആദ്യ ഐ.പി.എൽ കിരീടം രാജസ്ഥാൻ റോയൽസിന് നേടിക്കൊടുത്തത് യൂസുഫിെൻറ പൊട്ടിത്തെറി ബാറ്റിങ്ങായിരുന്നു. ആ സംഹാരാത്മകത തന്നെയാണ് പത്താന് വിനയായി മാറിയതും. ഇറങ്ങുമ്പോഴൊക്കെ നിലംതൊടാതെ അടിച്ചുപരത്തേണ്ട ഉത്തരവാദിത്തത്തിനു മുന്നിൽ തന്നിലെ പ്രതിഭയോട് നീതി പുലർത്താൻ അയാൾക്കായില്ല.
സ്ഥിരമായ പൊസിഷൻ പോലുമില്ലാതെ ടീമിലെ പരീക്ഷണവസ്തുവായപ്പോൾ 57 ഏകദിനങ്ങൾക്കും 22 ട്വൻറി 20 മത്സരങ്ങൾക്കും ഇപ്പുറം അയാൾക്കുമുന്നിൽ ദേശീയ ടീമിെൻറ വാതിലടഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ പുറത്താകാതെ 96 പന്തിൽ നേടിയ 123 റൺസും 2011ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരെ 70 പന്തിൽ അടിച്ചെടുത്ത 105 റൺസും ഇർഫാൻ പത്താനൊപ്പം ശ്രീലങ്കക്കെതിരെ ഉജ്ജ്വലമായി ജയിപ്പിച്ച മത്സരവും എക്കാലവും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കും.
ഏകദിനത്തിൽ അയാൾ നേരിട്ടത് 713 പന്തുകളാണ്. പക്ഷേ, അയാൾ നേടിയത് 810 റൺസായിരുന്നു എന്ന് കണക്കിലെ കളി പറയുന്നു. അതെ, ക്രിക്കറ്റ് മൈതാനത്ത് കണ്ണടച്ചു തുറക്കുന്ന നേരം വന്നുപോയൊരു ഇടിമിന്നലായിരുന്നു യൂസുഫ് പത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.