സന്തോഷ് ട്രോഫിയുടെ കാണാപ്പുറങ്ങൾ തേടി സ്റ്റീഫൻ ആന്റണി
text_fieldsമങ്കട: 1941ൽ തുടക്കം കുറിച്ച സന്തോഷ് ട്രോഫിയുടെ കാണാപ്പുറങ്ങൾ തേടിയിറങ്ങിയിരിക്കുകയാണ് മങ്കട സ്വദേശി സ്റ്റീഫൻ ആന്റണി കല്ലറക്കൽ. അദ്ദേഹം തുടങ്ങിവെച്ച സ്പർശനം ആർട്സിന്റെ യൂട്യൂബ് ചാനലിലൂടെ 1960 മുതൽ 2022വരെ കളിച്ചവരിലെ 100 പേരെയാണ് ആദ്യബാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിൽ 78ലധികം പ്രമുഖരെ അഭിമുഖം നടത്തി. ഏകദേശം 345 പേരുടെ വിവരങ്ങൾ ഇദ്ദേഹത്തിന്‍റെ കൈയിലുണ്ട്. 1960ന് മുമ്പ് കളിച്ച പലരുടെയും വിശദവിവരങ്ങൾ കിട്ടാനില്ല എന്നത് ദുഃഖം ആയി നിലനിൽക്കുന്നു എന്നാണ് സ്റ്റീഫൻ ആന്റണി പറയുന്നത്. ഓരോരുത്തരെയും കണ്ടുപിടിച്ച് അവരുടെ വിഡിയോ അടക്കമുള്ള അഭിമുഖവും വിവരങ്ങളും വരുംതലമുറക്കായി സമാഹരിക്കുക എന്നതാണ് ലക്ഷ്യം.
കേരളവും സന്തോഷ് ട്രോഫിയും എന്ന ഈ പ്രോഗ്രാമിന് തുടക്കമായത് മങ്കട സ്വദേശിയും ഇന്ത്യൻ യൂനിവേഴ്സിറ്റി ടീം മുൻ ക്യാപ്റ്റനും സന്തോഷ് ട്രോഫി മാത്രം കളിക്കാൻ പറ്റിയില്ല എന്ന ദുഃഖം മനസ്സിൽ സൂക്ഷിക്കുന്നയാളുമായ കെ. സുരേന്ദ്രൻ ആയിരുന്നു. ഇതുവരെ അഭിമുഖം നടത്തിയവരിൽ 1973ൽ ആദ്യകപ്പ് നേടിയ ടീം വൈസ് ക്യാപ്റ്റൻ ടി.എ. ജാഫർ മുതൽ 1960ൽ കേരളം ആദ്യമായി സെമി കളിച്ച് മൂന്നാം സ്ഥാനം നേടിയ ടീമിലെ ഡോക്ടർ രാജഗോപാൽ വരെയുണ്ട്.
നിലവിലെ സന്തോഷ് ട്രോഫി കോ ഓഡിനേറ്റർ കൂടിയായ ഷറഫലി, വിക്ടർ മഞ്ഞില, സി.സി. ജേക്കബ്, എം.എം. ജേക്കബ്, ജോപോൾ അഞ്ചേരി, കുരികേശ് മാത്യു, കെ.എഫ്. ബെന്നി, ഹബീബ് റഹ്മാൻ, നജീബ്, വില്യംസ്, സേതുമാധവൻ, കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ, അബ്ദുൽ നൗഷാദ്, സി.വി. പാപ്പച്ചൻ, ഇട്ടിമാത്യു, അഷ്‌റഫ്, ദേവാനന്ദ്, ബെസ്സി ജോർജ്, തോബിയാസ്, പ്രസന്നൻ, മിത്രൻ, അബൂബക്കർ, പ്രശസ്ത കായിക അധ്യാപകൻ തൃശൂർ കേരളവർമ കോളജിലെ മുൻ പ്രഫസർ രാധാകൃഷ്ണൻ, അബ്ദുൽ ഹക്കീം എന്നീ പ്രമുഖരും ഉണ്ട്.
കെ.ടി. ചാക്കോ, ബിജേഷ് ബെൻ, ബോണി ഫേസ്, അലക്സ് അബ്രഹാം, ജയചന്ദ്രൻ, പ്രേംനാഥ്, ഫിലിപ്, രാഹുൽ ഷെഫീഖ്, ശ്രീരാഗ്, ഹർഷൻ തുടങ്ങിയവരുടേതെല്ലാം അഭിമുഖം നടത്തി. വി.പി. സത്യന്റെ ഭാര്യ അനിത സത്യനുമായി നടത്തിയ അഭിമുഖവുമുണ്ട്.
ചില പ്രശസ്ത അക്കാദമികളുടെ പ്രോഗ്രാം കൂടി ചെയ്യാൻ സാധിച്ചതായി സ്റ്റീഫൻ ആന്റണി പറഞ്ഞു. തന്‍റെ ശ്രമങ്ങൾക്ക് പ്രോത്സാഹനമായി ഇതിനകം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചതായും ഇദ്ദേഹം പറയുന്നു. വിവരങ്ങൾ കൈവശമുള്ളവർക്ക് കൈമാറാം. ഫോൺ: 82819 50316.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.