'എന്നെ മെസ്സിയിൽ നിന്നും അകറ്റുകയായിരുന്നു അവരുടെ ലക്ഷ്യം'; ബാഴ്സയെ വിടാതെ സുവാരസ്
text_fieldsബാഴ്സലോണ ക്ലബ്ബിൽ നിന്നും പുറത്തായെങ്കിലും തെൻറ പഴയ ടീമിനെ വെറുതെ വിടാൻ സൂപ്പർതാരം ലൂയിസ് സുവാരസ് ഒരുക്കമല്ല. ടീമിനെതിരെ പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഉറുഗ്വെയൻ സ്ട്രൈക്കർ. ലയണൽ മെസ്സിയിയിൽ നിന്ന് തന്നെ അകറ്റുകയായിരുന്നു ക്ലബ്ബിെൻറ ലക്ഷ്യമെന്ന് സുവാരസ് ആരോപിച്ചു. അതിെൻറ ഭാഗമായി ടീമിൽ നിന്നും തന്നെ ചവിട്ടി പുറത്താക്കിയതാണെന്നും താരം തുറന്നടിച്ചു. ഉറുഗ്വെയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു സുവാരസ്.
'മെസ്സിയുമായി എന്നെ അകറ്റുകയായിരുന്നു അവരുടെ ലക്ഷ്യം. കളിക്കളത്തിൽ ഞാനും മെസ്സിയും തമ്മിലുള്ള നല്ല ബന്ധം അവരെ അലോസരപ്പെടുത്തിയിരിക്കാം. മെസ്സി എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടാകാൻ പാടില്ലെന്നും അവർ ചിന്തിച്ചിരിക്കാം. എന്നാൽ, അത് ടീമിെൻറ പ്രകടനത്തെ ബാധിക്കുമെന്ന് കരുതാൻ എനിക്ക് ഒരു കാരണവും കണ്ടെത്താൻ സാധിക്കുന്നില്ല.
പിച്ചിൽ എല്ല സമയത്തും ഞങ്ങൾ പരസ്പരം തേടിക്കൊണ്ടിരിക്കും. പക്ഷെ, അതെല്ലാം ടീമിെൻറ നന്മക്ക് വേണ്ടി മാത്രമായിരുന്നു. ക്ലബ്ബിന് ചിലപ്പോൾ മെസ്സി മറ്റ് ടീമംഗങ്ങളുമായും സഹകരിച്ച് കളിക്കണമെന്ന് തോന്നിയിട്ടുണ്ടാവാം. അതല്ലാതെ മറ്റൊരു കാരണം ഞങ്ങളെ തമ്മിൽ അകറ്റാൻ ക്ലബ്ബിനുണ്ടെന്ന് തോന്നുന്നില്ല'... -സുവാരസ് പറഞ്ഞു.
പുതിയ കോച്ച് റൊണാള്‍ഡ് കൂമാെൻറ ടീമില്‍ താനുണ്ടാവില്ലെന്ന് വ്യക്തമാക്കിയ ശേഷം തന്നോട് അപരിചിതനെപ്പോലെയാണു ക്ലബ് പെരുമാറിയത്. പരിശീലനത്തില്‍ പ്രധാന ടീമിനൊപ്പം എന്നെ കൂട്ടിയില്ല. കാരണം, ടീമിെൻറ ഒരു മത്സരത്തിലും എന്നെ കളിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അവഗണന സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് അത്‌ലറ്റിക്കോ മഡ്രിഡില്‍ ചേരാനുള്ള അവസരം വന്നത്. രക്ഷപ്പെടാനുള്ള അവസരമായിക്കണ്ട് അതു സ്വീകരിക്കുകയായിരുന്നുവെന്നും സുവാരസ് വ്യക്തമാക്കി.
മെസ്സിയും ബാഴ്സ വിടാൻ ഒരുങ്ങിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് ടീമിൽ തന്നെ തുടരേണ്ട അവസ്ഥ വന്നിരുന്നു. എന്നാൽ, കാറ്റലൻ വമ്പൻമാർ ടീം വിടാനുള്ള മെസ്സിയുടെ തീരുമാനത്തെ ബഹുമാനിക്കേണ്ടതായിരുന്നുവെന്നും സുവാരസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.