പെയ്തൊഴിഞ്ഞ് റെയ്ന
text_fieldsമൈക്കൽ ജോർദാന് സ്കോട്ടി പിപ്പനും ലയണൽ മെസ്സിക്ക് ആന്ദ്രേ ഇനിയെസ്റ്റയും എങ്ങെന ആയിരുന്നോ അങ്ങനെയായിരുന്നു മഹേന്ദ്രേ സിങ് ധോണിക്ക് സുരേഷ് റെയ്ന. വിജയ പരാജയങ്ങളിലും ഉയർച്ച താഴ്ചകളിലയും ധോണിയോടൊപ്പം നിന്ന 'ചിന്നത്തല' വിരമിക്കലിെൻറ കാര്യത്തിലും 'തല'യുടെ പാത പിന്തുടർന്നു.
ഏറ്റവും പ്രിയപ്പെട്ട നായകനും സഹോദര തുല്യനുമായ ധോണി ശനിയാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റെയ്നയും കാത്തുനിന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രതിഭാശാലികളായ മുൻഗാമികളിൽ പലർക്കും നേരിട്ട അനുഭവം പോലെ തനിക്കും ഒരു വിടവാങ്ങൽ മത്സരം ലഭിക്കാൻ പോകുന്നില്ലെന്ന തിരിച്ചറിവിലാകാം ഇന്ത്യൻ ആരാധകർക്ക് ഇരട്ട ദുഃഖം സമ്മാനിച്ച് റെയ്നയും ധോണിക്കൊപ്പം പാഡ് അഴിച്ചത്. ഇരുവരുടെയും അരങ്ങേറ്റ മത്സരത്തിനും സമാനതകളുണ്ടായിരുന്നു. പൂജ്യരായാണ് രണ്ടുപേരും ആദ്യ ഇന്നിങ്സിൽ പുറത്തായത്.
2005ൽ ശ്രീലങ്കക്കെതിരെയായിരുന്നു റെയ്നയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 18 ടെസ്റ്റ്, 226 ഏകദിനം, 78 ട്വൻറി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച ഉത്തർപ്രദേശുകാരൻ യഥാക്രമം 768, 5616, 1606 റൺസുകൾ നേടി. ഇടക്ക് പാർട്ടൈം ബൗളറായി എത്തിയിരുന്ന റെയ്ന ഏകദിനത്തിൽ 36ഉം ടെസ്റ്റിലും ട്വൻറി20യിലുമായി 13 വിക്കറ്റും നേടി.
മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം
പരിമിത ഓവർ ക്രിക്കറ്റിൽ ഒരുകാലത്ത് ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു റെയ്ന. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോഡ് റെയ്നക്ക് സ്വന്തമാണ്. രോഹിത് ശർമയും കെ.എൽ. രാഹുലും പിന്നീട് റെയ്നയെ പിന്തുടർന്നാണ് വന്നത്.
മധ്യനിരയിൽ നട്ടെല്ലായും കളത്തിൽ ചോരാത്ത കൈകളും കിറുകൃത്യമാർന്ന ത്രോകളുമായി റെയ്ന നീല ജഴ്സിയിൽ ഏറെക്കാലം നിറഞ്ഞുനിന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഫീൽഡിങ് വിപ്ലവം സൃഷ്ടിച്ച താരങ്ങളിൽ പ്രധാനിയാണ് റെയ്ന.
ടീം മാൻ- 2011 ക്വാർട്ടറിലെയും സെമിയിലെയും ഇന്നിങ്സ് മറക്കില്ല
2011 ലോകകപ്പ് ക്വാർട്ടറിൽ ആസ്ട്രേലിയയെ പിന്തുടരുന്നതിനിടെ പുറത്താകാതെ നേടിയ 34 റൺസ് എക്കാലത്തും ഓർമിക്കപ്പെടും. യുവരാജിനൊപ്പം ചേർന്ന് റെയ്നയാണ് അന്ന് കിരീട വിജയത്തിലേക്ക് ഇന്ത്യയുടെ പാത വെട്ടിത്തെളിച്ചത്.
സചിൻ ടെണ്ടുൽക്കർ ഹീറോ ആയി മാറിയ പാകിസ്താനെതിരായ സെമിഫൈനലിലും പുറത്താകാതെ 36 റൺസ് അടിച്ച് റെയ്ന വീണ്ടും തെൻറ റോൾ ഭംഗിയാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തെൻറ സഹതാരങ്ങളെപ്പോലെ സൂപ്പർതാരമായി മാറിയില്ലെങ്കിലും സഹനടനെന്ന റോളിൽ പകരംവെക്കാനില്ലാത്ത പ്രതിഭയായി റെയ്ന മിന്നുന്ന പ്രകടനം പുറത്തെടുത്തു കൊണ്ടിരുന്നു.
നീലപ്പടയിലെ ഗൺ ഫീൽഡർ
8000 അന്തരാഷ്ട്ര റൺസ് നേടിയ റെയ്നയുടെ ഫീൽഡിങ് മികവ് ലോകോത്തരമാണ്. ഉയർന്ന് പൊന്തിയ പന്ത് പിടിക്കാൻ പാഞ്ഞെത്തുന്നത് റെയ്നയാണെങ്കിൽ അത് ഔട്ടാകുമെന്ന് ആരാധകർക്ക് അത്രക്ക് ആത്മവിശ്വാസമാണ് പകർന്ന് നൽകിയത്.
167 ക്യാചുകൾ സ്വന്തം പേരിലാക്കിയ റെയ്ന പോയൻറ്, കവർ ഭാഗത്ത് നിന്നും ചുരുങ്ങിയത് 1000ത്തിലധികം റൺസ് രക്ഷപെടുത്തി. സങ്കേതികപരമായ ന്യൂനതകൾ കൊണ്ട് മാത്രമാണ് 18ൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ റെയ്നക്ക് കളിക്കാൻ സാധിക്കാതിരുന്നത്. ലഖ്നോയിൽ നിന്നുള്ള പയ്യനെ കണ്ടെത്തിയത് ഗ്രെഗ് ചാപ്പലാണെങ്കിൽ അവനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത് ധോണിയാണ്.
മിസ്റ്റർ ഐ.പി.എൽ
ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനക്കാരനാണ് റെയ്ന. സ്ഥിരതയുടെ പേരിൽ ഐ.പി.എല്ലിലെ 'മിസ്റ്റർ കൺസിസ്റ്റൻറ്' എന്ന പേര് റെയ്ന സമ്പാദിച്ചെടുത്തു. വിക്കറ്റിനിടയിലെ ഒാട്ടംകൊണ്ടും സ്പിന്നർമാരെ അനായാസം തൂക്കിയടിക്കാനുള്ള മികവ് കൊണ്ടും റെയ്നയെ ധോണി ഐ.പി.എല്ലിൽ ഫലപ്രദമായി ഉപയോഗിച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യത്തിൽ റെയ്നയെപ്പോലുള്ള അക്രമണകാരിയായ ബാറ്റ്സ്മാെൻറ ആവശ്യം ധോണി തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ സീസണിലാണ് ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികക്കുന്ന ബാറ്റ്സ്മാനായി റെയ്ന മാറിയത്.
ശേഷം വിരാട് കോഹ്ലി പട്ടികയിൽ ഇടം നേടി. 5412 റൺസുമായി റെയ്നയുടെ മേൽ 44 റൺസിെൻറ ലീഡുമായാണ് കോഹ്ലിയുടെ നിൽപ്. എന്നാൽ, ഇക്കുറി റൺവേട്ടക്കാരെൻറ പട്ടം തിരിച്ചുപിടിക്കാനാകും റെയ്നയുടെ പടപ്പുറപ്പാട്. ഇതോടൊപ്പം തന്നെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റെയ്നയാണ്. 192 മത്സരങ്ങളാണ് റെയ്ന കളിച്ചത്.
സ്പിന്നർമാരുടെ അന്തകൻ
ലോങ് ഓണിനും മിഡ്വിക്കറ്റിനും ഇടയിലൂടെയുള്ള ഡ്രൈവും എക്സ്ട്രാ കവറിലൂടെയുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെയും തെൻറ ൈകയൊപ്പ് പതിപ്പിക്കുന്ന റെയ്ന സ്റ്റേഡിയങ്ങളിൽ റൺസ് ഒഴുക്കി. തേൻറതായ ദിവസങ്ങളിൽ സ്പിന്നർമാരുടെ അന്തകനായി മാറുന്ന റെയ്ന മികച്ച ഫൂട്വർക്കുകളുമായി സ്ലോ ബൗളർമാരെ കൊന്ന് െകാലവിളിച്ചു.
മൂന്നാമനായായിരുന്നു ചെന്നൈ ജഴ്സിയിൽ ക്രീസിലെത്തിയിരുന്നത്. ഇന്ത്യൻ ടീമിൽ പക്ഷേ അഞ്ചാമനായിരുന്നു. എന്നാൽ റൺറേറ്റ് ഉയർത്തേണ്ട അവസരങ്ങളിലും മുന്നേറ്റനിര തകർന്നടിയുന്ന വേളയിലും റെയ്നയെ നായകൻമാർ സ്ഥാനക്കയറ്റം നൽകി പറഞ്ഞുവിടും.
േകാഹ്ലിയുടെ ഉയർച്ച വിനയായി
ഏകദിന മത്സരങ്ങളിൽ ധോണിയോെടാപ്പം കളിക്കളത്തിൽ മികച്ച ധാരണയോടെ കളിച്ചിരുന്ന റെയ്ന മധ്യ ഓവറുകളിൽ ടീമിെൻറ രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
എന്നാൽ കഴിഞ്ഞ പതിറ്റാണ്ടിൽ വിരാട് കോഹ്ലി ടീമിെൻറ കടിഞ്ഞാൺ ഏറ്റെടുത്തതോടെ റെയ്നക്കും കാര്യമായൊന്നും ചെയ്യാനായില്ല. റെയ്ന ചെയ്തിരുന്ന ജോലികൾ കോഹ്ലി ഏറ്റെടുത്തതോടെ താരത്തിന് റോൾ ഇല്ലാതായി. എന്നാൽ ഒരിക്കൽ ധാക്കയിലെ മോശം പിച്ചിൽ ശ്രീലങ്കക്കെതിരെയും 2015 ലോകകപ്പിൽ സിംബാബ്വെക്കെതിരെയും റെയ്ന കോഹ്ലിയുടെ നിഴലിൽ നിന്ന് പുറത്തുകടന്നു.
ഷോർട് ബോളുകൾ- ഏറ്റവും വലിയ ദൗർബല്യം
ഷോർട് ബോളുകൾ നേരിടുന്നതിൽ പരാജിതനാണെന്ന കാരണത്താലാണ് റെയ്ന പലപ്പോഴും ടീമിൽ നിന്നും പുറത്തായിരുന്നത്. നെഞ്ചിന് നേര വരുന്ന ഷോർട് ബോളുകളെ നേരിടുന്നതിലെ ദൗർബല്യം രാജ്യാന്തര താരങ്ങൾ തിരിച്ചറിഞ്ഞതോടെ ഗള്ളിയിലും ഷോർട് ലെഗിലുമായി റെയ്നയുടെ ഇന്നിങ്സുകൾ അവസാനിച്ചു.
ടെസ്റ്റ് കരിയർ നശിപ്പിച്ചതും പരിമിത ഓവർ ക്രിക്കറ്റിലെ മടങ്ങി വരവ് ഇല്ലാതാക്കിയതും ഇതേ കാരണമാണ്. കാരണം വ്യക്തമായിരുന്നെങ്കിലും പരിഹാരം താരത്തിെൻറ പക്കലുണ്ടായിരുന്നില്ല. 2015 ലോകകപ്പ് കഴിഞ്ഞതോടെ റെയ്നയുടെ ഫോം മങ്ങാൻ തുടങ്ങി. 2017ൽ ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്റ്റിൽ പരാജിതനായതും തിരിച്ചടിയായി. 2018ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരിമിത ഓവർ പരമ്പരയിലായിരുന്നു അവസാന മത്സരം.
ചെന്നൈ സൂപ്പർ കിങ്സിൽ കുട്ടിത്തലയായി തിളങ്ങുന്ന റെയ്നയെ ധോണിയോടൊപ്പം യു.എ.ഇയിൽ കാണാനാകുമെന്നതാണ് ആരാധകരുടെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.