'വൈറ്റ് സുപ്രിമസി'; ഇംഗ്ലണ്ടുകാർ വെളുത്ത പന്തിൽ തുടക്കമിട്ട വിപ്ലവം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു
text_fieldsകാലം തെറ്റി ആസ്ട്രേലിയയിൽ പെയ്തിറങ്ങിയ 'ലാലിന' മഴക്കും കുട്ടിക്രിക്കറ്റിന്റെ രസച്ചരടു മുറിക്കാനായില്ല. ബാറ്റർമാരോടൊപ്പം ബൗളർമാരും മുദ്രപതിപ്പിച്ച, ട്വന്റി20 ക്രിക്കറ്റിന്റെ സൗന്ദര്യങ്ങളെല്ലാം കണ്ട ലോകകപ്പിനാണ് അരങ്ങൊഴിയുന്നത്. മഴയിൽ ആസ്ട്രേലിയ-ഇംഗ്ലണ്ട് അടക്കമുള്ള മത്സരങ്ങൾ മുങ്ങിപ്പോയതും ഓവറുകൾ വെട്ടിക്കുറച്ചതും മാത്രം നിരാശയാകുന്നു.
ഇംഗ്ലീഷ് ക്ലാസ്
ഫുട്ബാൾ ലോകകപ്പിന്റെ ആരവങ്ങളിലേക്കമരുന്ന ഇംഗ്ലീഷ് മണ്ണിന് വീണ്ടുമൊരു ക്രിക്കറ്റ് കിരീടം. ഏകദിന ലോകകപ്പിനു പിന്നാലെ ട്വന്റി20 കിരീടവും ലണ്ടനിലേക്ക്. ഫൈനലിന് മുമ്പ് ആശംസകൾ നൽകിയ ഫുട്ബാൾ ടീം നായകൻ ഹാരികെയ്നും പരിശീലകൻ ഗാരെത് സൗത്ത് ഗേറ്റിനും ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് ബട്ലർ മറുപടി നൽകി; ''ഞങ്ങളുടെ വിജയം ഖത്തറിൽ നിങ്ങൾക്കും പ്രചോദനമാകട്ടെ.'' ആഷസ് കളിക്കാനും ആസ്ട്രേലിയയെ തോൽപിക്കാനും മാത്രമായി ക്രിക്കറ്റ് കളിച്ചിരുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തെ 'ഗോൾഡൻ ജനറേഷൻ ഓഫ് വൈറ്റ് ബാൾ' തിരുത്തിയെഴുതുകയാണ്. 2015 ഏകദിന ലോകകപ്പിലെ നാണം കെട്ട പുറത്താകലിനു ശേഷം മുൻ നായകൻ ഒയിൻ മോർഗൻ കോച്ച് ട്രെവർ ബെയ്ലിസിനൊപ്പം നടത്തിയ 'ധവള വിപ്ലവം' അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. പരമ്പരാഗത ക്രിക്കറ്റർമാരെ പുറത്തിരുത്തി മാച്ച് വിന്നർമാരെ വളർത്തിയെടുത്തതിന്റെ ഫലം. ഇത്രയുമധികം ഓൾറൗണ്ടർമാർ അണിനിരന്ന മറ്റൊരു ടീമുമില്ലായിരുന്നു. ഓപണർ ബട്ലർ മുതൽ ഒമ്പതാമനായ ക്രിസ് വോക്സ് വരെ നന്നായി ബാറ്റ് ചെയ്യുന്നവർ. ശേഷിക്കുന്നവരും ഒരു കൈനോക്കാൻ പോന്നവർ. ബട്ലറും അലക്സ് ഹെയിൽസും പവർപ്ലേയിൽ തങ്ങളുടെ റോൾ വൃത്തിക്ക് ചെയ്തപ്പോൾ ഡെത്ത് ബൗളിങ്ങിൽ വമ്പൻ ഇംപ്രൂവ്മെന്റ് വരുത്തിയ സാംകറനും മധ്യ ഓവറുകളിൽ റൺസ് തടഞ്ഞിട്ട ആദിൽ റഷീദും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
തലയുയർത്തി കുഞ്ഞന്മാർ
ക്രിക്കറ്റിന്റെ ഭൂപടത്തിലേക്ക് തങ്ങളുടെ വമ്പൻ മുദ്രകൾ കൊത്തിവെച്ചാണ് 'കുഞ്ഞൻ' ടീമുകൾ മടങ്ങിയത്. ഐറിഷ് പട വെസ്റ്റിൻഡീസിനെയും ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുട്ടുകുത്തിച്ചപ്പോൾ സിംബാബ്വെ പാകിസ്താനെയും നമീബിയ ശ്രീലങ്കയെയും നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും മുട്ടുകുത്തിച്ചു. അഫ്ഗാനുമായുള്ള മത്സരത്തിൽ നാലു റൺസിന്റെ വ്യത്യാസത്തിലാണ് ആസ്ട്രേലിയ രക്ഷപ്പെട്ടത്.
തലതാഴ്ത്തി വമ്പന്മാർ
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ വമ്പൻ തോൽവിയോടെ റൺറേറ്റിൽ പാതാളം തൊട്ട ഓസീസിന് സെമി പ്രതീക്ഷ മരീചികയായി. നന്നായി തുടങ്ങിയ ദക്ഷിണാഫ്രിക്കയാകട്ടെ, പതിവുപോലെ പടിക്കൽ കലമുടച്ചു. ഫൈനൽ അല്ലെങ്കിൽ സെമി എന്ന പതിവ് ന്യൂസിലൻഡും തെറ്റിച്ചില്ല. വമ്പൻ താരങ്ങളില്ലാതെയെത്തിയ വിൻഡീസ് സൂപ്പർ 10 കാണാതെ നാണം കെട്ടു. ശ്രീലങ്കക്കും ബംഗ്ലാദേശിനും ചലനമുണ്ടാക്കാനായില്ല. ഇന്ത്യയോടും സിംബാബ്വെയോടും തോറ്റ പാകിസ്താൻ ഫൈനലിലെത്തി പ്രവചനങ്ങൾക്ക് അതീതരായവരെന്ന പേരു നിലനിർത്തി. ഇന്ത്യക്ക് വിചിന്തനങ്ങളുടെ കാലം. ആൾക്കൂട്ട ആരവങ്ങളും താരപ്പകിട്ടുകളും രക്ഷക്കെത്തില്ലെന്ന ഓർമപ്പെടുത്തൽഅനിവാര്യമായ ശൈലിമാറ്റവും തലമുറമാറ്റവും ഇന്ത്യയെ തുറിച്ചുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.