ഐ.പി.എല്ലിൽ ഹൈദരാബാദിനെ പരിശീലനത്തിൽ സഹായിക്കുന്നത് രണ്ട് മലയാളികൾ
text_fieldsദുബൈ: ഡേവിഡ് വാർണർക്കുനേരെ പന്തെറിയാൻ ലോകത്തിലെ ഏതൊരു ബൗളറും ഭയക്കും. എന്നാൽ, മലയാളികളായ എസ്. അഖിലിനും കെ.കെ. ജിയാസിനും ഇക്കാര്യത്തിൽ തെല്ലും ഭയമില്ല. ഐ.പി.എല്ലിൽ കളിക്കാൻ ദുബൈയിലെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിെൻറ പരിശീലനക്കളരിയിലാണ് ജിയാസും അഖിലും പന്തെറിഞ്ഞുതകർക്കുന്നത്. ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, ജോണി ബെയർസ്റ്റോ തുടങ്ങിയ വമ്പൻമാർക്ക് പരിശീലിക്കാനാണ് ഇരുവരും പന്തെറിയുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ സായി സെൻററിൽ ബിജു ജോർജിന് കീഴിലുള്ള പരിശീലനമാണ് അഖിലിനെ ഹൈദരാബാദ് ക്യാമ്പിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിെൻറ ഫീൽഡിങ് കോച്ചായിരുന്ന ബിജുവാണ് അഖിലിെൻറ പേര് നിർദേശിച്ചത്. സ്റ്റിക്ക് വെച്ച് ത്രോ എറിയുന്ന ത്രോ ഡൗൺ സ്പെഷ്യലിസ്റ്റിെൻറ റോളാണ് അഖിലിന്. കേരള അണ്ടർ 16, 19 ടീമുകളുടെ ഫിറ്റ്നസ് പരിശീലകൻ കൂടിയായ ഈ തിരുവനന്തപുരം പേരൂർക്കടക്കാരൻ ആദ്യമായാണ് ഐ.പി.എൽ ക്യാമ്പിൽ എത്തുന്നത്. കർണാടക പ്രീമിയർ ലീഗിൽ മൈസൂർ വാരിയേഴ്സിനായി പന്തെറിയാൻ പോയിരുന്നു. ഇന്ത്യ എ ടീം കേരളത്തിൽ പര്യടനത്തിനെത്തിയപ്പോഴും അഖിലിന് അവസരം ലഭിച്ചു. ഈ സീസണിെൻറ ആദ്യ പകുതി ഇന്ത്യയിൽ നടന്നപ്പോഴും ക്യാമ്പിൽ അഖിൽ ഉണ്ടായിരുന്നു.
യൂനിവേഴ്സിറ്റി മീറ്റുകളിൽ കോളജ് ടീമിലും കേരളത്തിലെ ലീഗിൽ മാസ്റ്റേഴ്സ് ക്ലബിലും ഫാസ്റ്റ് ബൗളർ ആയിരുന്നു. ജിയാസ് ആദ്യമായല്ല ലോകതാരങ്ങൾക്ക് പന്തെറിയുന്നത്. ഓസ്ട്രേലിയൻ ടീം സ്പിൻ ബൗളിങിനെ നേരിടാൻ നിയോഗിച്ചത് ഈ കോഴിക്കോട് നരിക്കുനിക്കാരനെയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയിൽ സ്പിൻ ബൗളിങ് പഠിപ്പിക്കാനായിരുന്നു ജിയാസിെൻറ നിയമനം. പിന്നീട് നടന്ന പര പരമ്പരകളിലും ജിയാസ് ഓസീസ് ടീമിെൻറ സ്പിൻ 'കോച്ചായി' തുടർന്നു. 2015ൽ ഡെൽഹി ഡെയർ ഡെവിൾസ് ടീമിൽ കളിക്കാരനായും ഇടംനേടി. നെറ്റ് ബൗളറായാണ് ജിയാസ് ഹൈദരാബാദിനൊപ്പം ചേർന്നിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.