നീലക്കുപ്പായത്തിലെ വലിയ പെരുന്നാൾ
text_fieldsതാവി നദിക്കരയുടെ തീരത്താണ് ജമ്മുവിലെ ഗുജ്ജർ നഗർ പ്രദേശം. പുഴയുടെ മണൽക്കരയിൽ തീതിപ്പുന്ന പന്തുകളെറിഞ്ഞ് സ്റ്റമ്പുകൾ പറത്തിയിരുന്ന പയ്യൻ ഉമ്രാൻ മാലിക് നാട്ടിൽ നിന്ന് ആദ്യമായി മാറിനിൽക്കുന്നത് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾക്കാലത്താണ്. ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ മുംബൈയിലും പുണെയിലുമൊക്കെയായി. നോമ്പ് നോറ്റിരുന്ന് സീമ ബീഗം പ്രർഥിച്ച് കൺമണി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് പന്തെറിയണമെന്നാണ്. അതിന് ഫലമുണ്ടായി. ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയ ജഴ്സിയണിഞ്ഞ് ജൂൺ 26ന് അയർലൻഡിലെ മാലഹൈഡ് സ്റ്റേഡിയത്തിൽ ഉമ്രാൻ ഇറങ്ങി. വീട്ടിൽ ബലിപെരുന്നാൾ തിരക്കുകളിലലിയാൻ ഉമ്രാനില്ല. ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര കളിക്കാൻ പോയിരിക്കുകയാണ്. ഷീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ കവാടത്തിന് സമീപം പഴവും പച്ചക്കറിയും വിറ്റ് ഉപജീവനം നടത്തുന്ന അബ്ദുൽ റാഷിദ് മാലിക്കെന്ന സാധാരക്കാരന്റെ 22കാരനായ മകൻ പതുക്കെപ്പതുക്കെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുമ്പോൾ ഗുജ്ജർ നഗറിന് ആഘോഷത്തിന്റെ വലിയ പെരുന്നാൾ.
ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിന് വേണ്ടി കളിക്കവെ 157 കിലോമീറ്റർ വേഗത്തിലൊക്കെയാണ് ഉമ്രാൻ പന്തെറിഞ്ഞത്. ഈദുൽ ഫിത്വർ നാളിലെ സന്തോഷങ്ങളിൽ പ്രധാനം താരത്തിന്റെ പ്രകടനങ്ങളായിരുന്നു. സീമാ ബീഗം കുടുംബാംഗങ്ങൾക്കൊപ്പം അവരുടെ കൊച്ചുവീട്ടിലെ തറയിൽ ഇരുന്നു കൈകൂപ്പി. ക്രിക്കറ്റ് നിയമങ്ങളൊന്നും അവർക്കറിയില്ല. താരങ്ങളെയും പിടിയില്ല. മകന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോഴെല്ലാം പ്രാർഥനയിൽ ചുണ്ടുകൾ ചലിച്ചു. ബാറ്റർമാർ ബൗണ്ടറി നേടുമ്പോൾ "മുജെ ചിന്താ ഹോ രഹീ ഹേ" എന്ന് പറഞ്ഞു. എല്ലാ ദിവസവും ഒരുപോലെയാവില്ലെന്ന് പറഞ്ഞ് റാഷിദ് ഭാര്യയെ ആശ്വസിപ്പിച്ചു. രണ്ട് സഹോദരിമാരുണ്ട് ഉമ്രാന്. മത്സരത്തിന് ശേഷം സഹോദരി ഷഹനാസിന് സന്ദേശമയച്ചു. പെരുന്നാളിന് അബ്ബക്ക് ഒരു ജോടി നല്ല ചപ്പലുകൾ വാങ്ങണം. കളിക്കളത്തിലായാരുന്നപ്പോഴും പെരുന്നാളിനെയും വീട്ടുകാരെയും കുറിച്ചായിരുന്നു അവന്റെ ചിന്തയെന്ന് ഷഹനാസ്.
ഒറ്റനില വീട്ടിലെ ഉമ്രാന്റെ ചെറിയ മുറി ക്രിക്കറ്റിനോടുള്ള പ്രണയത്തിന്റെ സ്മാരകമാണ്. സാധാരണ ചെറുപ്പക്കാരുടെ മുറി പോലെ പോസ്റ്ററുകളോ യന്ത്ര സാമഗ്രികളോയില്ല. ചില ചുരണ്ടിയ ക്രിക്കറ്റ് ബാളുകളും ജഴ്‌സിയും കസേരയിൽ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളും. കുഞ്ഞായിരിക്കെ സംസാരം പോലും തെളിയുന്നതിന് മുമ്പെ ക്രിക്കറ്റായിരുന്നു അവന്റെ മനസ്സിൽ. 'എനിക്കൊരു ക്രിക്കറ്ററാകണം' എന്ന് പറഞ്ഞൊപ്പിക്കുമ്പോൾ വീട്ടുകാരെല്ലാവരും ചിരിച്ചു. മൂന്ന് വയസ്സുള്ളപ്പോൾ മുതൽ സകല ശക്തിയുമുപയോഗിച്ച് പന്തെറിയാൻ തുടങ്ങി. കുറച്ചൂടെ വലുതായപ്പോൾ ദർഗയുടെ അടുത്തുള്ള ഗ്രൗണ്ടിൽ പോകും. അവിടെ 46 ഡിഗ്രി സെൽഷ്യസ് ചൂടിൽ പോലും അവൻ ദിവസം മുഴുവൻ ഓടാനും പന്ത് എറിയാനും പരിശീലിക്കും. ഉമ്മ പലപ്പോഴും അവനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കണ്ണിൽ നിന്ന് മറയും വരെ അവൻ ഗ്രൗണ്ടിലേക്ക് തിരിഞ്ഞുനോക്കുമായിരുന്നു. പഠനത്തിൽ വലിയ താൽപ്പര്യമില്ലാത്തത് ഉമ്മയെ വിഷമിപ്പിച്ചു. അവൻ സ്കൂളിലും ട്യൂഷനുകളിലും പോകാറുണ്ടായിരുന്നു, പക്ഷേ ശ്രദ്ധ എല്ലായ്പ്പോഴും പന്തായിരുന്നു. ഇതോടെ പഠിത്തം പാതിവഴിയിൽ നിലച്ചുപോയി.
മതിയായ പരിശീലനം ലഭിക്കാതെ സ്വപ്രയത്നം കൊണ്ട് വളർന്ന താരമാണ്. ഒരിക്കലും ജിമ്മിൽ പോകുകയോ പ്രത്യേക ഭക്ഷണക്രമം എടുക്കുകയോ ചെയ്തിട്ടില്ല. വീട്ടിലെ സാഹചര്യവും അതായിരുന്നില്ല. ആദ്യം സൺറൈസേഴ്സിന്റെ ഓറഞ്ച് വസ്ത്രത്തിൽ അഭിമാനമായവൻ ഇപ്പോൾ രാജ്യത്തിന്റെ നീലക്കുപ്പായത്തിൽ ബാറ്റർമാരെ വിറപ്പിക്കുന്നു. സ്ക്രീനിൽ കാണുമ്പോൾ അവൻ കുട്ടിക്കാലത്ത് പന്തെറിഞ്ഞരുന്ന അതേ പാർക്കിൽ കളിക്കുന്നതായാണ് വീട്ടുകാർക്ക് തോന്നുന്നത്. വീട്ടിലേക്ക് പണം അയക്കണോ ഉമ്രാൻ ഉമ്മയോട് നിരന്തരം ചോദിക്കുന്നുണ്ട്. എന്നിട്ട പറയാതെ തന്നെ പലതവണ ട്രാൻസ്ഫർ ചെയ്യുന്നു. അതേക്കുറച്ച് ചിന്തിക്കരുതെന്നും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സീമ ബീഗം പറയാറ്. ഇംഗ്ലണ്ടിൽ നിന്ന് സഹോദരൻ സമ്മാനങ്ങളുമായി വിമാനമിറങ്ങുന്നത് കാത്തിരിക്കുകയാണ് ഷഹനാസ്. വീട്ടിലെത്തിയ ശേഷം അവനെയുംകൊണ്ട് പുറത്തുപോവണം. രണ്ട് പെരുന്നാളിനും ഓഫർ ചെയ്ത സമ്മാനങ്ങൾ ഒരുമിച്ച് വാങ്ങിപ്പിക്കണം. ഇന്ത്യൻ താരത്തിന്റെ സഹോദരിയെന്നതിന്റെ ഗമ ഒന്ന് വേറെതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.