കളി കാണാം; മരുഭൂമിയിലും കടലിലും രാപ്പാർക്കാം
text_fieldsദോഹ: നാടോടികളായ അറബികളുടെ മരുഭൂ യാത്രക്കിടയിൽ താമസത്തിനൊരുക്കുന്ന ബിദൂയിൻ കൂടാരങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ് സംസ്കാരത്തിന്‍റെ ഭാഗമാണ്. പഴമയുടെ ഓർമയായ ടെന്‍റുകളും നാടോടികളുടെ ജീവിതവും തങ്ങളുടെ പൈതൃകമെന്ന് പറയാൻ അഭിമാനിക്കുന്നവരുമാണ് അറബികൾ. അതുകൊണ്ടാണല്ലോ, ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനമത്സരവേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിന്‍റെ നിർമാണമാതൃകയിൽ ബിദുയിൻ ടെന്‍റുകളെ അതേപടി പകർത്തിവെക്കാൻ തയാറായത്. അൽഖോറിൽ കണ്ണെത്താദൂരെ പരന്നുകിടക്കുന്ന മരുഭൂമിയിൽ വലിച്ചുകെട്ടിയ ടെന്‍റുപോലെ തോന്നും ഈ കളിമുറ്റം. ടെന്‍റിനു പുറത്ത് ചൂടുകായാനുള്ള വിറക് നെരിപ്പോടും അറബിക് കൂജകളും വരെ പകർത്തിവെച്ച് 60,000 ഇരിപ്പിടസൗകര്യമുള്ള സ്റ്റേഡിയം ആരാധകരെ മാടിവിളിക്കുന്നു.
ലോകകപ്പിനായി വിരുന്നെത്തുന്ന കാണികൾക്കുമുണ്ട് ടെന്‍റുകളിൽ ഒരുക്കിയ സർപ്രൈസ്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പ് കാലത്ത് 12-15 ലക്ഷം ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ആതിഥേയരിൽ ഭൂമിശാസ്ത്രപരമായി ഏറ്റവും ചെറിയ രാജ്യം എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികളെ പുതു ആശയങ്ങൾകൊണ്ട് അവസരമാക്കിമാറ്റി അവതരിപ്പിക്കുന്ന ഖത്തറിന് ഇവിടെയും പിഴച്ചില്ല. ദശലക്ഷത്തിലേറെ സന്ദർശകർ ഒഴുകിയെത്തുമ്പോൾ അവർക്ക് എവിടെ താമസമൊരുക്കും എന്ന ചോദ്യത്തിന് നവീനമായ ആശയങ്ങളിലൂടെയാണ് ഖത്തർ പരിഹാരം നൽകിയത്. ഹോട്ടലുകൾ, അപ്പാർട്മെന്‍റുകൾ, ഫാൻ വില്ലേജ്, വില്ലകൾ എന്നിവ വഴി 1.30 ലക്ഷം മുറികളാണ് ലോകകപ്പിനായെത്തുന്ന കാണികളുടെ താമസത്തിനായി ഒരുക്കിയത്.
വിശ്വമേളകളിലെ പതിവുരീതികൾക്കപ്പുറം അറേബ്യൻ പാരമ്പര്യവും ജീവിതരീതിയും അനുഭവിച്ചറിയാനുള്ള അവസരം എന്ന നിലയിലാണ് ലോകകപ്പ് കാലത്ത് താമസത്തിനായി മരുഭൂമിയിൽ ടെന്‍റുകൾ ഒരുക്കാൻ ആസൂത്രണം ചെയ്തത്. ഇത്തരത്തിൽ 1000 ബിദൂയിൻ ടെന്‍റുകൾ തയാറാക്കാനാണ് തീരുമാനം.
ദോഹ നഗരത്തോടു ചേർന്ന മരുഭൂമികളിലായിരിക്കും അത്യാഡംബര സൗകര്യങ്ങളോടെ ടെന്‍റുകൾ. 200 ടെന്‍റുകൾ ഫൈവ്സ്റ്റാർ നിലവാരത്തിലും ശേഷിച്ചവ സാധാരണ നിലയിലുമാവും. വിരുന്നെത്തുന്ന കാണികൾക്ക് അറബ് സംസ്കാരം പകർന്നുനൽകുകയാണ് ടെന്‍റിലെ ജീവിതശൈലിയിലൂടെ.
അതിനു പുറമെയാണ് ദോഹ തീരങ്ങളിൽ നങ്കൂരമിടുന്ന ക്രൂസ് ഷിപ്പുകളിലെ താമസം. രണ്ടു ക്രൂസ് ഷിപ്പുകളിലായി 4000 മുറികളിലെ ബുക്കിങ് നിലവിൽ ആരംഭിച്ചുകഴിഞ്ഞു. ഫോർസ്റ്റാർ പദവിയിലുള്ള എം.എസ്.സി പോസ്യയിൽ 1265 കാബിനുകളും ഫൈവ്സ്റ്റാർ നിലവാരമുള്ള എം.എസ്.സി യൂറോപയിൽ 2633 കാബിനുകളുമാണ് സജ്ജമാക്കിയത്. ഒരു ദിവസത്തേക്ക് 1240 റിയാൽ (26,000 രൂപ) ആണ് ക്രൂസ് ഷിപ്പുകളിലെ താമസച്ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.