റഷ്യക്ക് കളിവിലക്കുമായി കായിക ലോകം
text_fieldsജനീവ: യുക്രെയ്നിൽ അധിനിവേശം നടത്തി ലോക മനഃസാക്ഷിയെ ഞെട്ടിച്ച റഷ്യക്ക് കായിക ലോകത്തിന്റെ വിലക്ക്. ഫുട്ബാൾ വിലക്കുമായി ഫിഫ തുടക്കമിട്ട ദൗത്യമാണ് മറ്റ് ഫെഡറേഷനുകളും ഏറ്റെടുത്തത്. ലോക സോക്കർ സമിതിയായ ഫിഫയും യൂറോപ്യൻ സംഘടനയായ യുവേഫയും റഷ്യയെ മാത്രമല്ല, റഷ്യൻ ടീമുകളെയും എല്ലാ മത്സരങ്ങളിൽനിന്നും വിലക്കി.
2022ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും വിലക്ക് ബാധകമാക്കി. പോളണ്ടുമായി ഈ മാസം 24ന് യോഗ്യത മത്സരം നടക്കാനിരിക്കെയാണ് നടപടി. യൂറോപ ലീഗിൽ സ്പാർടക് മോസ്കോയും ലീപ്സിഷും തമ്മിൽ നടക്കേണ്ട കളിയും ഇതോടെ മുടങ്ങും. ലീപ്സിഷ് നേരിട്ട് ക്വാർട്ടർ ഉറപ്പിച്ചതായും യുവേഫ അറിയിച്ചു. ഹോക്കിയിലും റഷ്യക്ക് വിലക്ക് ബാധകമാക്കിയിട്ടുണ്ട്. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷൻ റഷ്യയെയും സഖ്യകക്ഷിയായ ബെലറൂസിനെയും എല്ലാ മത്സരങ്ങളിലും വിലക്കിയിട്ടുണ്ട്.
ബാഡ്മിന്റൺ ലോക വേദിയായ ബി.ഡബ്ല്യു.എഫും റഷ്യൻ താരങ്ങളെ വിലക്കുന്നതായി അറിയിച്ചിട്ടുണ്ട്. റഷ്യൻ അത്ലറ്റുകളെയും ഒഫിഷ്യലുകളെയും രാജ്യാന്തര വേദികളിൽനിന്ന് മാറ്റിനിർത്താൻ കഴിഞ്ഞ ദിവസം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിർദേശം നൽകിയിരുന്നു. യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യമറിയിക്കാനും റഷ്യയെ ഒറ്റപ്പെടുത്തി അധിനിവേശത്തിൽനിന്ന് പിന്മാറ്റം സാധ്യമാക്കാനും ഇതു സഹായകമാകുമെന്നും ഒളിമ്പിക് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.