സ്റ്റാർ ഓപണർ, നായകൻ, ചീഫ് സെലക്ടർ...; വീണ്ടും സനത് ജയസൂര്യയിൽ പ്രതീക്ഷയർപ്പിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
text_fieldsകൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച സ്റ്റാർ ഓപണറായിരുന്നു സനത് ജയസൂര്യ. ലോകംകണ്ട ഏറ്റവും മികച്ച ഏകദിന ഓപണിങ് ബാറ്റർമാരിൽ ഒരാളായാണ് താരം പരിഗണിക്കപ്പെടുന്നത്. ഒരുകാലത്ത് സൂര്യനെ പോലെ കത്തിജ്വലിച്ചുനിന്ന ജയസൂര്യയുടെ ബാറ്റിന്റെ ചൂടറിയാത്ത ഒരു ബൗളറും എതിർ ടീമുകളിൽ ഉണ്ടായിരുന്നില്ല.
1996ൽ അർജുന രണതുംഗയുടെ നായകത്വത്തിൽ ശ്രീലങ്ക ആദ്യമായി ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന താരം ബാൾ കൊണ്ടും ശ്രീലങ്കൻ ക്രിക്കറ്റിന് സംഭാവനയേറെ നൽകിയയാളാണ്. പിന്നീട് ടീമിന്റെ നായകനായും വിരമിച്ച ശേഷം മുഖ്യ സെലക്ടറായുമെല്ലാം ജയസൂര്യ ശ്രീലങ്കൻ ക്രിക്കറ്റിനൊപ്പം തന്നെയുണ്ടായിരുന്നു.
ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ക്രിസ് സിൽവർവുഡിന് പകരക്കാരനായി ഇപ്പോൾ ടീമിന്റെ മുഖ്യ പരിശീലകന്റെ ദൗത്യം ഏൽപിച്ചിരിക്കുകയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്. 2026 മാർച്ച് 31 വരെയാണ് കരാർ. ജൂലൈ മുതൽ ടീമിന്റെ താൽക്കാലിക പരിശീലകനായ ജയസൂര്യക്ക് കീഴിൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയും ശ്രീലങ്ക നേടിയിരുന്നു. ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ പതിറ്റാണ്ടിനിടെ ആദ്യമായി ടെസ്റ്റിൽ തോൽപിക്കുകകൂടി ചെയ്തതോടെ ക്രിക്കറ്റ് ബോർഡിന് മറ്റൊരാളെ തേടേണ്ടിവന്നില്ല. 27ന് ആരംഭിക്കുന്ന ഇന്ത്യ–ശ്രീലങ്ക പരമ്പരയാകും മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ ജയസൂര്യയുടെ ആദ്യ പരീക്ഷണം. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ശ്രീലങ്കക്കായി 110 ടെസ്റ്റിൽ 6973 റൺസും 98 വിക്കറ്റും നേടിയ ജയസൂര്യ 445 ഏകദിനങ്ങളിൽ 13,430 റൺസും 323 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 31 ട്വന്റി 20 മത്സരങ്ങളിൽ 629 റൺസും 19 വിക്കറ്റും ജയസൂര്യയുടെ അക്കൗണ്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.